പൂക്കളില്‍ തേന്‍ കുടിക്കാനെത്തുന്ന ഉറുമ്പുകള്‍ 
Life

ഉറുമ്പുകള്‍ നിസ്സാരക്കാരല്ല; ചെടികളില്‍ പരാഗണക്കുറവിന് കാരണമാകുന്നതായി പഠനം

ഉറുമ്പുകള്‍ നിസ്സാരക്കാരല്ല; ചെടികളില്‍ പരാഗണക്കുറവിന് കാരണമാകുന്നതായി പഠനം

സമകാലിക മലയാളം ഡെസ്ക്

പെരിയ (കാസര്‍കോട്): പൂക്കളില്‍ തേന്‍നുകരാനെത്തുന്ന ഉറുമ്പുകള്‍ പരാഗണക്കുറവിന് കാരണമാകുന്നതായി പഠന റിപ്പോര്‍ട്ട്. കേരള കേന്ദ്ര സര്‍വകലാശാല സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.പി.എ.സിനുവിന്റെ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തോളം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പച്ചക്കറിത്തോട്ടങ്ങളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 

ലോകം പരാഗണവാഹകരുടെ കുറവ് നേരിടുന്നുവെന്ന് യുഎന്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പാനെല്‍ ഫോര്‍ ബയോഡൈവേഴ്‌സിറ്റി ആന്റ് ഇക്കോസിസ്റ്റം സര്‍വ്വീസസ് (ഐബിപിഇഎസ്) റിപ്പോര്‍ട്ട് വ്യക്തമാക്കുമ്പോഴാണ് പുതിയ കണ്ടെത്തലും പുറത്തുവരുന്നത്. പൂക്കളില്‍ വരുന്ന തേനീച്ചകളുടെ കുറവും തേനീച്ചകളിലുള്ള രോഗങ്ങളും കടന്നാക്രമക സ്വഭാവമുള്ള പ്രാണികളുമാണ് കാരണമായി യുഎന്‍ സംഘടന ചൂണ്ടിക്കാട്ടുന്നത്.

ഉറുമ്പുകള്‍ കാരണമുള്ള പരാഗണക്കുറവ് കൂടുതലായി കാണുന്നത് മത്തനിലാണെന്ന് ഡോ. സിനു പറയുന്നു. മത്തനില്‍ ആണ്‍പെണ്‍ പൂക്കള്‍ വെവ്വേറെ തണ്ടുകളിലാണ് ഉണ്ടാകുക. മൊത്തം പൂക്കളില്‍ 90 ശതമാനവും ആണ്‍ പൂക്കളാണ്. രണ്ടു തരം പൂക്കളിലും മാറി മാറി പറക്കുന്ന തേനീച്ചകളാണ് പരാഗണം നടത്തുക. രണ്ടിലും തേന്‍ ഉണ്ടാകുമെങ്കിലും ആണ്‍ പൂക്കളില്‍ പരാഗം മാത്രമേ പരാഗവാഹകര്‍ക്ക് ആഹാരമായി ലഭിക്കു. പൂക്കളില്‍ സ്വതവേ ഉറുമ്പുകള്‍ വരുക കുറവാണെന്നാണ് പൊതുവെയുള്ള വിലയിരുത്തലെങ്കിലും, മത്തന്റെ പൂക്കളില്‍ പത്തോളം തരത്തിലുള്ള ഉറുമ്പുകള്‍ തേന്‍ നുകരാനെത്തും. ഒന്ന് മുതല്‍ നൂറിലധികം ഉറുമ്പുകള്‍ വരെ ഒരേ സമയത്ത് പൂക്കളില്‍ കാണാം.
 നാടന്‍ ഉറുമ്പുകള്‍ ഒന്ന് മുതല്‍ പത്ത് വരെ ഒരു പൂവില്‍ കാണുമ്പോള്‍, കടന്നാക്രമം നടത്തുന്ന ഇന്‍വസിവ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഭ്രാന്തന്‍ ഉറുമ്പുകള്‍ നൂറിലധികം ഒരു പൂവില്‍ കാണപ്പെടുന്നു. ഒരു തോട്ടത്തിലെ തൊണ്ണൂറ് ശതമാനത്തിലധികം പെണ്‍ പൂക്കളിലും ഇവ വിന്യസിക്കും. പഠന സംഘത്തിലുണ്ടായിരുന്ന അഞ്ജന ഉണ്ണി, പ്രശാന്ത് ബല്ലൂല്ലായ, സജാദ് മിര്‍, ടി.പി.രാജേഷ്, തോമസ് ജോസ് എന്നിവര്‍ ഉറുമ്പുകള്‍ ഉള്ളതും ഇല്ലാത്തതുമായ ആണ്‍, പെണ്‍ പൂക്കളില്‍ തേനീച്ചകളുടെ സ്വഭാവം നിരീക്ഷിച്ചു. അതില്‍ നാടന്‍, മറുനാടന്‍ വേര്‍തിരിവില്ലാതെ ഉറുമ്പുകളുള്ള പൂക്കള്‍ തേനീച്ചകള്‍ സന്ദര്‍ശിക്കാന്‍ കഴിയാതെ പോകുന്നതായി കണ്ടെത്തി. ഉറുമ്പുമ്പുകള്‍ കുറവുള്ള പൂക്കളില്‍ തേനീച്ചകള്‍ തേന്‍ നുകരാന്‍ ശ്രമിക്കുമെങ്കിലും പലപ്പോഴും ഇവയെ ഉറുമ്പുകള്‍ പിടിക്കുകയാണ് ചെയ്യുന്നത്. ഉറുമ്പുകള്‍ ഉള്ള പെണ്‍ പൂക്കള്‍ ഒന്ന് പോലും കായ് ഉത്പാദിപ്പിച്ച് കണ്ടില്ല.

പല സസ്യങ്ങളിലും ഉറുമ്പ് ഒരു പരാഗണ വാഹക ആകാമെങ്കിലും മത്തനുള്‍പ്പെടെയുള്ള കുക്കുര്‍ബിറ്റേസിയ ഗണത്തില്‍ ഉള്‍പ്പെടുന്ന ചെടികളില്‍ ഇത് അസാധ്യമാണെന്ന് ഡോ. സിനു ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ ആണ്‍പെണ്‍ പൂക്കള്‍ വെവ്വേറെ കാണുന്നുവെന്നതാണ് പ്രധാന കാരണം. ആണ്‍ പൂക്കളില്‍ സന്ദര്‍ശിച്ച് പരാഗം അവയുടെ ശരീരത്തിലൂടെ പെണ്‍ പൂക്കളില്‍ എത്തിയാല്‍ മാത്രമേ ഇത് സാധിക്കൂ. ആണ്‍ പൂക്കളെ അപേക്ഷിച്ചു പെണ്‍ പൂക്കള്‍ ഉദ്പാദിപ്പിക്കുന്ന തേനിന്റെ അംശവും അതിലെ പഞ്ചസാരയുടെ അളവും കൂടുതലാണ്. ഈ കാരണങ്ങളാല്‍ തേനീച്ചയെ  പോലെ ഉറുമ്പുകള്‍ക്കും പെണ്‍ പൂക്കളാണ് കൂടുതല്‍ താത്പര്യം. ഉറുമ്പുകളെ തോട്ടത്തില്‍ നിന്നും അകറ്റുകയെന്നതാണ് പ്രധാന പരിഹാരം. വേപ്പിന്‍പിണ്ണാക്ക് തടങ്ങളില്‍ ഇട്ടാല്‍ ഒരു പരിധി വരെ ഉറുമ്പുശല്യത്തെ അകറ്റാന്‍ സാധിക്കും. തടങ്ങളില്‍ ബയോ വേസ്റ്റ് ഇടുന്നത് ഒഴിവാക്കിയും ഉറുമ്പുകളെ തടയാം. എന്നാല്‍ ഉറുമ്പുപൊടി ഇടുന്നത് ഒഴിവാക്കുന്നതാണ് അനുയോജ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  പഠനം നേച്ചര്‍ ഗ്രൂപ്പിന്റെ സയന്റിഫിക് റിപ്പോര്‍ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

ഫ്രഷ്‌കട്ട് സമരത്തിലെ അക്രമത്തിനു പിന്നില്‍ ഗൂഢാലോചന, ഡിഐജിക്ക് മുതലാളിമാരുമായി ബന്ധം; ആരോപണവുമായി കര്‍ഷക കോണ്‍ഗ്രസ്

ചായയ്ക്കൊപ്പം സ്പൈസി ഭക്ഷണം വേണ്ട, തടി കേടാകും

SCROLL FOR NEXT