dr Soumya Sarin 
Life

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

ഈ പ്രായത്തില്‍ മനോഹരമായി പ്രണയിക്കുന്നുണ്ടെന്നും, കൗമാരക്കാരിയായ മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയി ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

പ്രായത്തിന്റെ പേരിലുള്ള കളിയാക്കലുകളെ വിമര്‍ശിച്ച് ഡോ. സൗമ്യ സരിന്‍. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ ' തള്ള ആയി ', 'അമ്മച്ചി ആയി ' തുടങ്ങിയ പ്രതികരണങ്ങള്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സൗമ്യ സരിന്‍ തന്റെ പ്രായം 41 വയസ് പിന്നിട്ടെന്ന് വ്യക്തമാക്കുന്നത്.

ഈ പ്രായത്തില്‍ മനോഹരമായി പ്രണയിക്കുന്നുണ്ടെന്നും, കൗമാരക്കാരിയായ മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയി ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സൗമ്യ സരിന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. യുഎഇലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു ആശുപത്രിയില്‍ ഏറ്റവും നല്ല ശമ്പളത്തില്‍ ഈ പ്രായത്തിലാണ് ജോലി ചെയ്യുന്നത്. വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ, ഇഷ്ടപെടുന്ന രൂപത്തിലും ഭാവത്തിലും ഇഷ്ടമുള്ള വേഷം ധരിച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ നടക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

മനുഷ്യര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ അവരുടെ ഇരുപതുകളില്‍ മാത്രമാണ് സന്തോഷത്തോടെ ജീവിക്കുന്നത് എന്നാണ് ചിലരുടെ വാദം. അത് കഴിഞ്ഞാല്‍ അവര്‍ക്ക് ജീവിതം ഇല്ല, അല്ലെങ്കില്‍ പാടില്ല എന്നാണ് ഇത്തരക്കാരുടെ നിലപാട്. അവരാണ് മുപ്പത് കഴിഞ്ഞവരെ 'തള്ളച്ചികള്‍' ആണെന്ന് പറയുന്നത്. അഭിപ്രായം പറഞ്ഞാല്‍, ഇഷ്ടമുള്ള ഡ്രസ്സ് ഇട്ടാല്‍, ഇഷ്ടമുള്ള എന്ത് ചെയ്താലും ഈ കൂട്ടം. 'അമ്മച്ചി, തള്ളച്ചി, തള്ള വൈബ്' എന്നൊക്കെ പറഞ്ഞുവരും. ഇത്തരം പരാമര്‍ശങ്ങളുടെ പേരില്‍ അങ്ങ് ചൂളി പോകുമെന്നോ, ഉരുകി ഇല്ലാതാകുമെന്നോ കരുതേണ്ടെന്നും സൗമ്യ പറയുന്നു.

പോസ്റ്റ് പൂര്‍ണരൂപം-

ഇപ്പോൾ കുറച്ചായി കാണുന്ന ഒരു "കമന്റ് ബിസ്മയം" പറയട്ടെ...

നമ്മൾ ഒരു റീൽ ഇട്ടാലോ ഒരു അഭിപ്രായം പറഞ്ഞാലോ അതിന്റെ താഴെ വന്നു ' തള്ള ആയി ', 'അമ്മച്ചി ആയി ' എന്നൊക്കെ ആണ് ആ മഹത് വചനങ്ങൾ ...

ഞാൻ തള്ളയും അമ്മച്ചിയും ഒക്കെ ആയിട്ട് 13 വർഷമായി എന്റെ ചങ്ങാതിമാരെ ...

എന്റെ പാപ്പുവിന് 13 വയസ്സായി. അതും 25 വയസ്സിൽ വിവാഹം കഴിച്ചു 28 വയസ്സിൽ പ്രസവിച്ചത് കൊണ്ടാണ്. ഒരു 21 വയസ്സിൽ ഒക്കെ കെട്ടി കുട്ടി ആയിരുന്നെങ്കിൽ അവളിപ്പോ വോട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ടാവും ...

അപ്പോ ഇതൊന്നും എന്നേ സംബന്ധിച്ച് ഒരു രഹസ്യമോ ആനക്കാര്യമോ അല്ല ഫ്രെണ്ട്സ് ...

അപ്പൊ പിന്നെ ഇത്തരത്തിൽ ചൊറി കമ്മെന്റുകൾ ഇടുന്നവർ കാണുന്ന സ്വപ്നം എന്താകും?

ഇവരൊക്കെ കരുതുന്നത് നമ്മളൊക്കെ ഇപ്പോളും ചില പഴകിയ 'തമാശകളിൽ' കാണുന്ന പോലുള്ള പ്രായം പറയാൻ മടിക്കുന്ന, അല്ലെങ്കിൽ ആരെങ്കിലും പ്രായം പറഞ്ഞു കളിയാക്കിയാൽ അങ്ങ് ഇല്ലാതായി പോകുന്ന "വെറും പെണ്ണുങ്ങൾ" ആണെന്നാണ്...

എന്റെ കൂപ മണ്ഡൂകങ്ങളെ, കാലമൊക്കെ മാറി ..

ഇത് സ്വന്തം പ്രായം അഭിമാനത്തോടെ ഉറക്കെ പറയുന്ന നല്ല ഉശിരുള്ള പെണ്ണുങ്ങളുടെ കാലമാണ് ...

അതെ, എനിക്ക് 41 വയസ്സ് ഉണ്ട്. 1984 ജൂണിൽ ജനിച്ചു.

എനിക്ക് ഈ 41 എന്ന എന്റെ വയസിനെ അത്രക്ക് ഇഷ്ടമാണ്...എന്റെ 40 നേക്കാൾ... എന്റെ 35 നേക്കാൾ... എന്റെ 25 നേക്കാൾ... എന്റെ 18 നേക്കാൾ...

കാരണം എന്റെ 41 വയസ്സിൽ ആണ് ഞാൻ എന്റെ ജീവിതം എനിക്കിഷ്ടമുള്ള പോലെ ജീവിച്ചു ആഘോഷിക്കുന്നത്. അതിനർത്ഥം ഇതുവരെ അങ്ങനെ ആയിരുന്നില്ല എന്നല്ല കേട്ടോ. ഇതുവരെ ഉള്ളതിനേക്കാൾ ഒരുപടി കൂടി കൂടുതൽ എന്നാണ് പറഞ്ഞതിനർത്ഥം!

ഈ 41 വയസ്സിൽ ആണ് ഞാൻ എന്റെ രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കാൻ പോകുന്നത്. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച എന്റെ ആദ്യത്തെ പുസ്തകം നല്ല രീതിയിൽ വായിക്കപ്പെട്ട് ആറാമത്തെ പതിപ്പ് എത്തിയത് എന്റെ ഈ 41 വയസ്സിൽ ആണ്. എന്റെ 41 വയസ്സിൽ ആണ് ഞാൻ ഒരു വർഷത്തിൽ തന്നെ പത്തിൽ അധികം രാജ്യങ്ങൾ സഞ്ചരിച്ചത്. എന്റെ 41 വയസ്സിൽ ആണ് എന്റെ ഫേസ്ബുക് പേജിൽ എന്റെ കേൾവിക്കാരുടെ എണ്ണം 8 ലക്ഷം കടന്നത്. എന്റെ 41 വയസ്സിൽ ആണ് യു എ ഇ - ലും കേരളത്തിലും എത്രയോ മികച്ച പരിപാടികളിൽ എന്നേ കേൾക്കാനായി ഞാൻ അതിഥി ആയി ക്ഷണിക്കപ്പെടുന്നത്.

ഈ 41 വയസ്സിൽ ആണ് ഞാൻ മനോഹരമായി പ്രണയിക്കുന്നത്. ഈ 41 വയസ്സിൽ ആണ് എന്റെ കൗമാരക്കാരിയായ മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയി ഞാൻ ജീവിതം ആസ്വദിക്കുന്നത്. ഈ 41 വയസ്സിൽ ആണ് ഞാൻ യു. എ. ഇ - ലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു ആശുപത്രിയിൽ എനിക്ക് ഇത്രയും കാലം കിട്ടിയതിൽ വെച്ച് ഏറ്റവും നല്ല ശമ്പളത്തിൽ എന്റെ സൗകര്യത്തിൽ ജോലി ചെയ്യുന്നത്. ഈ 41 വയസ്സിൽ ആണ് തെളിഞ്ഞ ബുദ്ധിയോടെ ഞാൻ എന്നേ കാണാൻ വരുന്ന കുരുന്നുകളെ വൃത്തിയായി ചികിൽസിക്കുന്നത്, ഈ 41 വയസ്സിൽ ആണ് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഞാൻ എനിക്ക് എന്നേ കാണാൻ ഇഷ്ടപെടുന്ന രൂപത്തിലും ഭാവത്തിലും എനിക്ക് ഇഷ്ടമുള്ള വേഷം ധരിച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ നടക്കുന്നത്.

ഇനി പറയൂ... ഈ 41 വയസ്സിൽ എനിക്ക് വിഷമിക്കാൻ ആയി എന്താണുള്ളത്? ഇനി അങ്ങനെ ഒരു പ്രതിസന്ധി ജീവിതത്തിൽ വന്നാലും അതിനെ തലയുയർത്തി നേരിടാനുള്ള തന്റേടം ഞാൻ ഈ 41 വർഷത്തിൽ സമ്പാദിച്ചിട്ടുണ്ട്. നേരിട്ടിട്ടുമുണ്ട്.

ഇവരുടെയൊക്കെ വിചാരം മനുഷ്യൻ അങ്ങോട്ട് സന്തോഷിച്ചു അർമാദിക്കുന്നത് അവരുടെ ഇരുപത്കളിൽ മാത്രം ആണെന്നാണ്. പ്രത്യേകിച്ച് സ്ത്രീകൾ! അത് കഴിഞ്ഞാൽ അവർക്ക് ജീവിതം ഇല്ല, അല്ലെങ്കിൽ പാടില്ല എന്നാണ്!

ഒരു മുപ്പത് കഴിഞ്ഞാൽ പിന്നെ അവർ "തള്ളച്ചികൾ " ആയി. ഒരു അഭിപ്രായം പറഞ്ഞാൽ, ഇഷ്ടമുള്ള ഒരു ഡ്രസ്സ്‌ ഇട്ടാൽ, എന്തിന് നമുക്ക് ഇഷ്ടമുള്ള എന്ത് ചെയ്താലും അപ്പൊ വരും ഈ കൂട്ടം. "അമ്മച്ചി, തള്ളച്ചി, തള്ള വൈബ്" എന്നൊക്കെ പറഞ്ഞു കൊണ്ട്.

എന്താ നിങ്ങൾ കരുതുന്നത്? ഇതൊക്കെ കേട്ടാൽ ഞങ്ങൾ അങ്ങ് ചൂളി പോകുമെന്നോ? നിങ്ങളുടെ കമ്മെന്റുകൾ ആരും കാണാതെ ഇരിക്കാൻ ഡിലീറ്റ് ചെയ്യുമെന്നോ? ഞങ്ങൾ ഒക്കെ അങ്ങ് ഉരുകി ഇല്ലാതാകുമെന്നോ?

അതിന് വേറെ ആളെ നോക്കണം ഹേ!

നിങ്ങളെ പോലെ സ്വന്തം വയസ്സിൽ കാണിക്കേണ്ട പക്വതയുടെ, വകതിരിവിന്റെ ഒരംശം പോലും കാണിക്കാത്തവന്മാരോടാണ്...

Yes, I am 41...

And I am proud of it

അതെ, എനിക്ക് 41 വയസ്സുണ്ട്.

അതിൽ ഞാൻ അഭിമാനിക്കുന്നു.

എന്റെ ഇരുപതുക്കളെക്കാൾ

എന്റെ മുപ്പത്തുകളെക്കാൾ...

ഞാൻ ഇന്ന് എന്റെ 41 വയസ്സിൽ എന്നേ ഇഷ്ടപെടുന്നു!

എന്റെ 42 ഇൽ ഇതിലും അടിപൊളി ആവണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആവും എന്നെനിക്ക് തന്നെ ഉറപ്പ് കൊടുക്കുന്നു.

അങ്ങനെ ഈ ജീവിതം മുന്നോട്ട് പോകുംതോറും അതിനെ സ്നേഹിച്ചു ആശ്ലേഷിച്ചു തലയുയർത്തി ഞാൻ ജീവിക്കും! വയസ്സ് മറച്ചു പിടിക്കാതെ തന്നെ!

ഒരു മനുഷ്യൻ ജീവിക്കുന്നതും സന്തോഷിക്കുന്നതും ഒരു പ്രത്യേക വയസ്സിൽ അല്ല. മറിച്ചു സന്തോഷത്തോടെ നമുക്ക് കൂടി വേണ്ടി ജീവിക്കണം എന്ന് തീരുമാനിക്കുന്ന നിമിഷം മുതലാണ്. അത് ചിലപ്പോൾ 80 വയസ്സിലും ആവാം.

ഇതൊക്കെ ആരോട് പറയാൻ ...

നിങ്ങൾ നിങ്ങളുടെ പൊട്ടകുളത്തിൽ തന്നെ സസുഖം വാഴുക ...

അപ്പൊ ശെരി

അമ്മച്ചി പോയേച്ചും വരാം !

Soumya Sarin’s viral post about social media abuse.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT