Avodaco Tree Pinterest
Life

കുറച്ചു മെനക്കെടാൻ റെഡി ആണെങ്കിൽ, അവക്കാഡോ വീട്ടുമുറ്റത്ത് നട്ടുവളർത്താം

മെക്സിക്കന്‍ അവക്കാഡോയുടെ കായകൾ തീരെ ചെറുതാണ്

സമകാലിക മലയാളം ഡെസ്ക്

നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഏറെയുള്ള പഴവർ​ഗമാണ് അവക്കാ‍ഡോ. നമ്മുടെ നാട്ടിൽ അവക്കാഡോയ്ക്ക് ആവശ്യക്കാർ ഇപ്പോൾ അധികമാണ്. കടയിൽ നിന്ന് വലിയ വില കൊടുത്തു വാങ്ങുന്ന അവകാഡോ കുറച്ചു മെനക്കെടാൻ റെഡിയാണെങ്കിൽ വീട്ടുമുറ്റത്തു തന്നെ വളർത്തിയെടുക്കാം.

അവക്കാഡോ മൂന്ന് തരമുണ്ട്- മെക്സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റിന്ത്യന്‍. ഇതില്‍ മെക്സിക്കന്‍ അവക്കാഡോയുടെ കായകൾ തീരെ ചെറുതാണ്. പൂത്തു കഴിഞ്ഞാല്‍ എട്ട് മാസം കൊണ്ട് അവ മൂപ്പാകും. അല്‍പ്പം കൂടെ വലിയ കായകളാണ് ഗ്വാട്ടിമാലന്‍ അവക്കാഡോയുടേത്. ഇത് മൂത്തു പഴുക്കാന്‍ ഒന്‍പതു മുതല്‍ പന്ത്രണ്ടു മാസം വരെ വേണം. ഇടത്തരം വലുപ്പമുള്ള കായകളാണ് വെസ്റ്റിന്ത്യന്‍ ഇനത്തിന്‍റെ പ്രത്യേകത. കായകൾ മൂപ്പാകാന്‍ ഒമ്പതു മാസം വേണം.

ഏകദേശം 20 മീറ്ററോളം ഉയരം വരെ ഇവ വളരും. ഇവയുടെ വേരുകൾ അധികം ആഴത്തിൽ ഓടില്ല. ഇലകൾ വലുതും പരുപരുത്തതുമായിരിക്കും. ഓരോ പൂവും രണ്ടു തവണ വിരിയും. ആദ്യം വിരിയുമ്പോള്‍ പെണ്‍പൂവായും രണ്ടാമത് ആണ്‍പൂവായും ഇത് പ്രവര്‍ത്തിക്കും. അതിനാല്‍ പരപരാഗണമാണ് ഇതില്‍ നടക്കുന്നത്. കായ് വലുതും മാംസളവും ഒറ്റവിത്തുള്ളതുമാണ്. പുറംതൊലിക്ക് ഇളംപച്ചയോ പിങ്കോ നിറം. ഉള്‍ക്കാമ്പിന്‍റെ നിറം മഞ്ഞയോ മഞ്ഞ കലര്‍ന്ന പച്ചയോ. ഉള്‍ക്കാമ്പ് ആദ്യം ദൃഢമായിരിക്കുമെങ്കിലും പഴുക്കുമ്പോള്‍ മൃദുവും വെണ്ണയുടെ പരുവത്തിലാകുകയും ചെയ്യും.

അവക്കാഡോ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും അവക്കാഡോ വളരും. വിത്തു മുളപ്പിച്ചാണ് തൈകള്‍ സാധാരണ തയാറാക്കുന്നത്. കായയില്‍ നിന്നു വേര്‍പെടുത്തിയ വിത്ത് രണ്ടു മൂന്നാഴ്ചയ്ക്കുള്ളില്‍ പാകണം. നീണ്ടുപോയാൽ മുളയ്ക്കല്‍ ശേഷി കുറയും. മുളയ്ക്കാന്‍ 50-100 ദിവസം വേണം. വിത്തുകള്‍ ജൂലൈ മാസം ശേഖരിച്ച് വളമിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ നടാം. കമ്പുകള്‍ വേരു പിടിപ്പിച്ചും പുതിയ തൈകള്‍ ഉല്‍പ്പാദിപ്പിക്കാം.

ഇതിനു പുറമേ ഗ്രാഫ്റ്റിങ്, ബഡ്ഡിങ് മുതലായ രീതികളും അവക്കാഡോയില്‍ വിജയകരമായി നടത്താം. ഇതിന് പെന്‍സില്‍ കനമുള്ള കമ്പുകള്‍ വിത്തു മുളപ്പിച്ചെടുത്ത അവക്കാഡോ തൈയില്‍ തന്നെയാണ് ഒട്ടിക്കുക.

മഴയുടെ തുടക്കത്തില്‍ അവക്കാഡോ തൈകള്‍ നടാം.

രണ്ടടി ആഴത്തിലും വീതിയിലും കുഴിയെടുത്ത് അതില്‍ മേല്‍മണ്ണിട്ട് വേണം ഒരു വയസ്സ് പ്രായമായ തൈ നടാന്‍. ശാഖോപശാഖകളായി പന്തലിച്ചു വളരുന്ന സ്വഭാവമാണ് അവക്കാഡോ മരത്തിന്. വളപ്രയോഗം നടത്തിയാല്‍ വളര്‍ച്ച വേഗത്തിലാകുന്നത് കണ്ടിട്ടുണ്ട്.

പ്രായം കുറഞ്ഞ തൈകള്‍ക്ക് 1: 1: 1 എന്ന അനുപാതത്തിലും വളര്‍ന്ന ചെടികള്‍ക്ക് 2: 1: 2 എന്ന അനുപാതത്തിലും നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ നല്‍കണം.

നട്ട് ആദ്യവര്‍ഷം ജൂണ്‍ മാസമാകുമ്പോള്‍ 100 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റ്, 60 ഗ്രാം പൊട്ടാഷ് എന്ന ക്രമത്തില്‍ വളങ്ങള്‍ ചേര്‍ക്കണം.

നവംബർ ആകുമ്പോൾ വീണ്ടും 25 ഗ്രാം യൂറിയ നല്‍കുക. രണ്ടാം വര്‍ഷം ഒരു കിലോ വളമിശ്രിതം ജൂണിലും 35 ഗ്രാം യൂറിയ നവംബറിലും നല്‍കുക. മൂന്നാം വര്‍ഷം ജൂണ്‍, നവംബര്‍ മാസങ്ങളില്‍ ഒരു കിലോ വളമിശ്രിതവും 45 ഗ്രാം യൂറിയയും നല്‍കണം.

നാലാം വര്‍ഷം മുതല്‍ രണ്ട് കിലോ വളമിശ്രിതവും 65 ഗ്രാം യൂറിയയുമാണ് കണക്ക്. ഇതിനു പുറമേ ഇരുമ്പ്, സിങ്ക്, ബോറോണ്‍ തുടങ്ങിയ സൂക്ഷ്മമൂലകങ്ങള്‍ക്കും അവക്കാഡോയുടെ വളര്‍ച്ചയിലും വിളവിലും നിര്‍ണായക പങ്കുണ്ട്.

വളര്‍ത്തുന്ന ഇനത്തിന്‍റെ സ്വഭാവമനുസരിച്ച് കൊമ്പുകോതല്‍ (പ്രൂണിങ്) നടത്താം. കുത്തനെ വളരുന്ന ഇനങ്ങളില്‍ പ്രധാന തടി മുറിച്ചു മാറ്റി ശാഖകള്‍ വശങ്ങളിലേക്ക് വളരാന്‍ അനുവദിക്കുന്നു. എന്നാല്‍ വശങ്ങളിലേക്ക് വളരുന്ന ഇനങ്ങളില്‍ ശാഖകളുടെ നീളം കുറച്ച് അവയുടെ വശങ്ങളിലേക്കുള്ള വളര്‍ച്ച ക്രമീകരിക്കും. ചെടികളുടെ എല്ലാ ശാഖകളിലും സൂര്യപ്രകാശം ലഭിക്കും വിധം വേണം കൊമ്പുകോതാന്‍. തറ നിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ നാലു പാര്‍ശ്വശിഖരങ്ങള്‍ അകലം നല്‍കി നിലനിര്‍ത്തി ബാക്കിയുള്ളവ നീക്കണം.

കായ് വിളയുന്നതിന് കാലാവസ്ഥയുമായി പ്രത്യക്ഷബന്ധം അവക്കാഡോയ്ക്കുണ്ട്. നല്ല ചൂടുള്ള സ്ഥലങ്ങളില്‍ ആറുമാസം മതി കായ് മൂത്തുപാകമാകാന്‍. എന്നാല്‍ തണുപ്പു കൂടിയ പ്രദേശങ്ങളില്‍ കായ് മൂക്കാന്‍ 12 മുതല്‍ 18 മാസം വരെ വേണം.

വിത്തു തൈകള്‍ കായ്ക്കാന്‍ അഞ്ചാറു വര്‍ഷം വേണ്ടി വരും. എന്നാല്‍ ഒട്ടുതൈകള്‍ക്ക് കായ്ക്കാന്‍ 3-4 വര്‍ഷം മതി. ദക്ഷിണേന്ത്യയില്‍ അവക്കാഡോ പൂക്കുന്നത് നവംബര്‍-ഡിസംബര്‍ മാസങ്ങളിലും കായ് പാകമാകുന്നത് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലുമാണ്.

പഴുക്കുമ്പോള്‍ കായ്ക്ക് വലിയ നിറവ്യത്യാസം ഉണ്ടാകുകയില്ല. അതിനാല്‍ മൂപ്പ് അറിയാന്‍ കുറച്ചു പ്രയാസമാണ്. പൂവ് വിരിഞ്ഞതു മുതലുള്ള കാലദൈര്‍ഘ്യം, കായുടെ വലുപ്പം മുതലായവ കണക്കിലെടുത്തുവേണം വിളവെടുപ്പ്. മൂത്ത കായ്കള്‍ മാത്രമേ വിളവെടുക്കാവൂ. താഴ്ന്ന താപനിലയില്‍ ഒരു മാസം വരെ കായ്കള്‍ കേടാകാതെ സൂക്ഷിക്കാം. ഒരു മരത്തില്‍ നിന്ന് 100 മുതല്‍ 500 കായ് വരെ കിട്ടും.

How to cultivate Avocado tree

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

SCROLL FOR NEXT