How to Grow Mint at Home Easily Using Mint Stems 
Life

മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന തണ്ടുകള്‍ മതി; പുതിന വീട്ടില്‍ വളര്‍ത്താം

വലിയ സ്ഥലമോ പ്രത്യേക പരിചരണമോ ആവശ്യമില്ലെന്നതാണ് പുതിനക്കൃഷിയുടെ പ്രത്യേകത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

അടുക്കളയിലെ പല വിഭവങ്ങള്‍ക്കും രുചിയും മണവും പകരുന്ന ഇലക്കറിയാണ് പുതിന. ചട്ണി, ജ്യൂസ്, സാലഡ്, ബിരിയാണി തുടങ്ങി നിരവധി വിഭവങ്ങളില്‍ പുതിന ഉപയോഗിക്കാറുണ്ട്. ഔഷധഗുണങ്ങളുടെ കാര്യത്തിലും പുതിനയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. എന്നാല്‍ ആവശ്യത്തിന് പുതിനയില ലഭിക്കാന്‍ ഇനി കടകളെ ആശ്രയിക്കേണ്ടതില്ല. വലിയ സ്ഥലമോ പ്രത്യേക പരിചരണമോ ആവശ്യമില്ലെന്നതാണ് പുതിനക്കൃഷിയുടെ പ്രത്യേകത.

വിത്തോ തൈയോ വാങ്ങാതെ തന്നെ പുതിന വളര്‍ത്താം. മാര്‍ക്കറ്റില്‍നിന്ന് വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ വീട്ടിലും ഈ ചെടി വളര്‍ത്താം. ആരോഗ്യമുള്ള തണ്ടുകള്‍ ഇതിനായി തെരഞ്ഞെടുക്കാം. ഇലകള്‍ കൂടുതലുള്ളതും കേടുപാടുകളില്ലാത്തതുമായ തണ്ടുകളാണ് നല്ലത്.

തണ്ടുകള്‍ വേരുപിടിപ്പിക്കാന്‍ രണ്ട് രീതികള്‍ പിന്തുടരാം.

  • വെള്ളത്തില്‍ വേരുപിടിപ്പിക്കാം: ഒരു ഗ്ലാസിലോ ചെറിയ പാത്രത്തിലോ വെള്ളമെടുത്ത് പുതിനത്തണ്ടുകള്‍ അതില്‍ ഇറക്കിവയ്ക്കുക. വെള്ളത്തിനടിയില്‍ ഇലകള്‍ വരാത്തവിധം ശ്രദ്ധിക്കണം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തണ്ടുകളില്‍ വേരുകള്‍ മുളച്ചുതുടങ്ങും. ആവശ്യത്തിന് വേരുകള്‍ വന്നശേഷം ഇവ ചട്ടിയിലേക്കോ ഗ്രോബാഗിലേക്കോ മാറ്റി നടാം.

  • നേരിട്ട് മണ്ണില്‍ നടാം: തണ്ടിന്റെ താഴ്ഭാഗത്തുള്ള ഇലകള്‍ നീക്കംചെയ്തശേഷം മണ്ണില്‍ നടുന്നതും നല്ല രീതിയാണ്. നടുന്ന ഭാഗത്തെ മണ്ണ് അയഞ്ഞതും ജൈവവളസമൃദ്ധവുമായിരിക്കണം.

ചട്ടിയിലോ ഗ്രോബാഗിലോ മേല്‍മണ്ണിനൊപ്പം കമ്പോസ്റ്റോ നന്നായി അഴുകിയ ചാണകവളമോ ചേര്‍ത്ത് മണ്ണ് തയ്യാറാക്കാം. വെള്ളം കെട്ടിനില്‍ക്കാത്തവിധം നീര്‍വാര്‍ച്ച ഉറപ്പാക്കണം. മണ്ണ് അമിതമായി മുറുക്കാതെ അയവുള്ള രീതിയില്‍ ഒരുക്കുന്നതും ചെടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.

പരിചരണം

നേരിട്ടുള്ള കടുത്ത വെയിലിനേക്കാള്‍ ഭാഗികമായ സൂര്യപ്രകാശമാണ് പുതിനയ്ക്ക് അനുയോജ്യം. ദിവസത്തില്‍ കുറച്ചുസമയം വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് ചട്ടി വയ്ക്കാം. മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്തണം. എന്നാല്‍ ചട്ടിയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് വേരുകള്‍ ചീഞ്ഞുപോകാന്‍ കാരണമാകും. അതിനാല്‍ അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കണം. വളര്‍ച്ചയ്ക്കനുസരിച്ച് ഇടയ്ക്കിടെ ചെറിയ അളവില്‍ കമ്പോസ്റ്റോ ജൈവവളമോ ചേര്‍ത്തുനല്‍കാം. രണ്ടോ മൂന്നോ ചട്ടികളില്‍ പുതിന വളര്‍ത്തിയാല്‍ വീട്ടിലെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ആവശ്യമായ ഇലകള്‍ ലഭിക്കും.

ആരോഗ്യത്തിനും രുചിക്കും പുതിന

പുതിനയില്‍ അടങ്ങിയിരിക്കുന്ന മെന്തോള്‍ തണുപ്പുള്ള അനുഭവം നല്‍കുന്നതിനും ചുമ, ജലദോഷ ലക്ഷണങ്ങളില്‍ താല്‍ക്കാലിക ആശ്വാസം നല്‍കുന്നതിനും സഹായിക്കുന്നു. ദഹനസംബന്ധമായ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും പുതിന ഉപയോഗിക്കാറുണ്ട്. പുതിനയില ചേര്‍ത്ത വെള്ളം, ജ്യൂസ്, ചായ എന്നിവയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. കറികള്‍, ചട്ണികള്‍, സാലഡുകള്‍, ബിരിയാണി തുടങ്ങിയ വിഭവങ്ങളുടെ രുചിയും മണവും വര്‍ധിപ്പിക്കാനും പുതിനയില ഉപയോഗിക്കുന്നു. അടുക്കളയില്‍ എപ്പോഴും പുതുമയുള്ള ഇലകള്‍ ലഭിക്കണമെങ്കില്‍ വീട്ടില്‍ തന്നെ പുതിന വളര്‍ത്തുന്നതാണ് എളുപ്പവഴി.

Grow Mint at Home Easily Using Fresh Mint Stems; No Seeds or Saplings Needed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

200 ഒഴിവുകൾ, ബിരുദം യോഗ്യത; നാഷണൽ ഇൻഷുറൻസിൽ വൻ അവസരം, കേരളത്തിലും ഒഴിവ്

ആറുമാസമായി ശമ്പളമില്ല; ആലത്തൂരിൽ വിഎഫ്പിസികെ ഓഫീസിന് മുന്നിൽ വനിതാ ജീവനക്കാരിയുടെ കുത്തിയിരിപ്പ് സമരം

ഉറപ്പിച്ചു, അര്‍ഷ്ദീപ് സിങ് മുംബൈ ഇന്ത്യന്‍സില്‍!

കൂട്ടുത്തരവാദിത്തത്തിന്റെ തെളിവാണല്ലോ വന്നുകൊണ്ടിരിക്കുന്നത്; യുഡിഎഫ് യോഗം ചേരാത്തത് ചെയര്‍മാനോട് ചോദിക്കണം; തുറന്നടിച്ച് അടൂര്‍ പ്രകാശ്