

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമുണ്ട്. കൂട്ടുത്തരവാദിത്തമുണ്ട് എന്നതിന് തെളിവാണല്ലോ പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ മന്ത്രിമാര്‍ക്ക് അതൃപ്തിയുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിമാര്‍ക്ക് അതൃപ്തിയുണ്ടോയെന്ന് അവരോട് ചോദിക്കണം. അവര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സംപ്രേഷണം ചെയ്യാം. അതല്ലാതെ അതേക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ല. മുഖ്യമന്ത്രിക്കെതിരെ താന്‍ ഒരു അതൃപ്തിയും പ്രകടിപ്പിച്ചില്ല. ചില അഭിപ്രായങ്ങള്‍ തുറന്നു പറയുക മാത്രമാണ് ചെയ്തത്. അവസരം ലഭ്യമായപ്പോള്‍ പറയുകയാണ് ചെയ്തത്. ആ അഭിപ്രായങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഇപ്പോഴത്തെ ഭരണത്തില്‍ തൃപ്തനാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതൊക്കെ ഇപ്പോള്‍ പറയേണ്ട കാര്യമല്ലല്ലോ, തുടങ്ങിയതല്ലേ ഉള്ളൂ എന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. കാര്യങ്ങളൊക്കെ പുറത്തേക്ക് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടെന്ന് യുഡിഎഫ് ചെയര്‍മാനോട് ചോദിക്കണമെന്നും, മുഖ്യമന്ത്രിയുടെ പേരു പറയാതെ അടൂര്‍ പ്രകാശ് പറഞ്ഞു. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി പറയുമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates