വിറകടുപ്പ് മിക്ക അടുക്കളകളിൽ നിന്നും അപ്രത്യക്ഷമായതോടെ ഗ്യാസ് സ്റ്റൗവിലാണ് മുഴുവൻ പാചകവും. പല വീടുകളിലും പാചകവാതകം ഒരു മാസത്തിൽ കൂടുതൽ നീണ്ടു നിൽക്കാറില്ല, പാചകവാതക വില കുത്തനെ ഉയരുന്നത് നമ്മുടെ വീടുകളിലെ ബജറ്റിന്റെ താളം തെറ്റാനും കാരണമാകും. എന്നാൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു സിലിണ്ടർ 10 മുതൽ 15 ദിവസം വരെ അധികം ഉപയോഗിക്കാൻ സാധിക്കും. ഗ്യാസ് എങ്ങനെ ലാഭിക്കാമെന്ന് നോക്കാം.
ഗ്യാസ് സ്റ്റൗവിന്റെ ബർണർ വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സ്റ്റൗവിൽ നിന്ന് ഉയരുന്ന തീ നീല നിറത്തിലാണെന്ന് ഉറപ്പാക്കുക. ചുവന്ന നിറത്തിലാണ് തീ കത്തുന്നതെങ്കിൽ അത് ഗ്യാസിന്റെ ഉപയോഗം വർധിപ്പിക്കും. അങ്ങനെ എങ്കിൽ സർവീസ് ചെയ്ത ശേഷം സ്റ്റൗവ് ഉപയോഗിക്കുക.
ഗ്യാസ് സ്റ്റൗവിലെ ചെറിയ ബർണർ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. വലിയ ബർണർ കൂടുതൽ ഗ്യാസ് കൂടുതൽ ഉപയോഗിക്കുകയും വേഗം ഗ്യാസ് തീർന്നു പോകുന്നതിനും കാരണമാകും.
വലിയ പാത്രങ്ങൾക്കു മാത്രം വലിയ ബർണർ ഉപയോഗിക്കുക. കൂടാതെ ഭക്ഷണം തിളച്ചു കഴിഞ്ഞാൽ ചെറിയ ബർണറിലേക്ക് മാറ്റുന്നത് ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും.
സ്റ്റൗവിൽ പാത്രങ്ങൾ വയ്ക്കുമ്പോൾ അതിൽ ഈർപ്പമോ വെള്ളമോ ഇല്ലെന്ന് ഉറപ്പാക്കുക. പാത്രത്തിന്റെ അടിയിലുള്ള വെള്ളം വറ്റി വരാൻ തന്നെ കുറഞ്ഞത് ഒന്ന് രണ്ട് മിനിറ്റ് തീ കൂട്ടി വയ്ക്കേണ്ടി വരും. ഇത്രയും നേരം കത്തുന്ന ഗ്യാസ് വെറുതെ പാഴാവുകയാണ്. അതുകൊണ്ട് ഒരു ഉണങ്ങിയ തുണി കൊണ്ട് പാത്രം തുടച്ച് ഈർപ്പം മാറ്റിയ ശേഷം മാത്രം പാചകം തുടങ്ങുക.
മൺചട്ടികൾ വയ്ക്കുമ്പോൾ വെള്ളം തുടച്ചു ഉണങ്ങിയതിനു ശേഷം മാത്രം വയ്ക്കുക. ചട്ടി ചൂടാകാൻ കൂടുതൽ സമയമെടുക്കും. ഇങ്ങനെ ചെയ്യുമ്പോൾ ചട്ടി പെട്ടെന്നു ചൂടാകും.
കറികൾ ഉണ്ടാക്കുന്നതിന് മുൻപ് അതിന് വേണ്ട ചേരുവകൾ എല്ലാം തയാറാക്കിയ ശേഷം മാത്രം ഗ്യാസ് സ്റ്റൗ ഓൺ ചെയ്യുക. ഗ്യാസ് കത്തിച്ച ശേഷം ചേരുവകൾ അന്വേഷിച്ചു നടക്കുമ്പോൾ ഗ്യാസ് അനാവശ്യമായി താഴ്ത്തി വയ്ക്കേണ്ടി വരുകയോ തീ കെടുത്തേണ്ടി വരുകയോ ചെയ്യും. അങ്ങനെയും ഗ്യാസിന്റെ ഉപയോഗം വർധിക്കും.
ചോറ് വേവിക്കാൻ സ്റ്റൗവിൽ വയ്ക്കുന്നതിന് മുൻപ് അരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം വയ്ക്കുക. ചോറു പെട്ടെന്ന് വെന്തു കിട്ടാൻ ഇത് സഹായിക്കും. മട്ടയരി ആണെങ്കിൽ കുക്കറിൽ വച്ചു വാർത്താൽ വളരെയധികം ഗ്യാസ് സേവ് ചെയ്യാൻ സാധിക്കും.
പരിപ്പ് വർഗ്ഗങ്ങൾ പാകം ചെയ്യുമ്പോൾ വെള്ളത്തിൽ ഇട്ടു കുതിർത്ത ശേഷം പാകം ചെയ്യാം. തുവര പരിപ്പ്, ചെറുപയർ പരിപ്പ്, തുടങ്ങിയവ പാകം ചെയ്യുന്നതിന് 15 അല്ലെങ്കിൽ 30 മിനിറ്റ് മുൻപ് വെള്ളത്തിൽ ഇട്ടാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ മിതമായ ചൂടിൽ രണ്ട് വിസിൽ വരുമ്പോഴേയ്ക്കും പാകമായിട്ടുണ്ടാകും.
കടല തലേ ദിവസം വെള്ളത്തിൽ ഇട്ട ശേഷം പാകം ചെയ്യാം. ഇവ പ്രഷർ കുക്കറിൽ പാകം ചെയ്യുമ്പോൾ മിതമായ ചൂടിൽ വച്ചു പാകം ചെയ്താൽ പെട്ടെന്നു വെന്തു കിട്ടും.
ഉയര്‍ന്ന തീയിൽ വെച്ചാൽ ഭക്ഷണം വേഗം വേവുമെന്ന് വിചാരിക്കുന്നത് തെറ്റാണ്. വശങ്ങളിലൂടെ പുറത്തേക്ക് വരുന്ന തീ പാത്രത്തെയല്ല, പകരം വായുവിനെയാണ് ചൂടാക്കുന്നത്. പാത്രത്തിന്റെ അടിവട്ടത്തിന് ഉള്ളിൽ മാത്രം നിൽക്കുന്ന രീതിയിൽ തീ ക്രമീകരിച്ചു പാകം ചെയ്താൽ ഏകദേശം 20% വരെ ഗ്യാസ് ലാഭിക്കാം.
ഭക്ഷണം പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന ചൂടും നീരാവിയും പാത്രത്തിന് പുറത്തേക്ക് പോകാതെ നോക്കിയാൽ പാചകം പകുതി സമയം കൊണ്ട് തീരും. പാത്രം മൂടി വയ്ക്കുമ്പോൾ ഉള്ളിലെ താപനില ഉയരുകയും വിഭവങ്ങൾ വേഗത്തിൽ വെന്ത് കിട്ടുകയും ചെയ്യും.
പച്ചക്കറികളും മറ്റും വേവിക്കുമ്പോഴും അടച്ചു വച്ചു വേവിക്കുക, പോഷകം നഷ്‍ടപ്പെടാതെ പെട്ടെന്ന് വെന്തു കിട്ടും.
ഗ്യാസ് ലാഭിക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല ഉപകരണമാണ് കുക്കർ. സാധാരണ പാത്രത്തിൽ വേവിക്കുന്നതിനേക്കാൾ നാലിലൊന്ന് സമയം കൊണ്ട് കുക്കറിൽ ഭക്ഷണം വേവിച്ചെടുക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates