ഓണക്കളികൾ  
Life

ഓണത്തല്ല്, വടംവലി... ഓണക്കളികളില്ലാതെ എന്ത് ആഘോഷം

ചില ഓണക്കളികൾ

സമകാലിക മലയാളം ഡെസ്ക്

താളമേളവാദ്യ അകമ്പടിയിൽ വീട്ടിലേക്കെത്തുന്ന മാവേലി തമ്പുരാനെ വരവേൽക്കുന്ന മലയാളിയുടെ ഗൃഹാതുര നിമിഷങ്ങളാണ് ഓണം. ഓണക്കോടിയും ഓണസദ്യയ്ക്കുമൊപ്പം ഓണക്കളികളും പ്രധാനമാണ്.

ചില ഓണക്കളികൾ

പുലിക്കളി

ഓണക്കാലത്തെ ഏറ്റവും ജനപ്രിയമായ കളികളിൽ ഒന്നാണ് പുലിക്കളി. താളത്തിന് ചുടവുവെച്ചാണ് പുലികൾ തെരുവിലേക്ക് ഇറങ്ങുന്നത്. ഓണക്കാലത്ത് തൃശൂരിൽ പുലിക്കളി കാണുക എന്നാൽ പൂരക്കാഴ്ചയോളം സംതൃപ്തി തരുന്നതാണ്. നാലാമോണത്തിനാണ് തൃശൂരിൽ പുലിക്കളി സംഘടിപ്പിക്കുക. 70 വർഷങ്ങൾക്ക് മുൻപ് തോട്ടുങ്കൽ രാമൻകുട്ടി ആശാനാണ് പുലി മേളം ചിട്ടപ്പെടുത്തിയത്. സാധാരണ മേളത്തിനോട് സാമ്യമില്ലാത്ത അസുര താളമാണ് പുലികളിയുടെ ജീവൻ. 41 ദിവസം വ്രതമനുഷ്ഠിച്ചാണ് പുലിക്കളിക്കാര്‍ ശരീരത്തില്‍ ചായം തേക്കുക.

കുമ്മാട്ടിക്കളി

ഓണനാളുകളിൽ വടക്കൻ കേരളത്തിൽ ഏറെ പ്രചാരത്തിലുണ്ടായിരുന്ന കലയായിരുന്നു കുമ്മാട്ടി. ശരീരം മുഴുവന്‍ പര്‍പ്പടക പുല്ല് വെച്ചു കെട്ടിയാണ് കുമ്മാട്ടി വേഷം ഒരുക്കുക. അപൂര്‍വ്വമായി വാഴയിലയും കെട്ടാറുണ്ട്. പ്രത്യേക രീതിയില്‍ കുമ്മാട്ടിപ്പുല്ല് പിരിച്ചു പിരിച്ച് മെടഞ്ഞ ശേഷം കയറും കാഞ്ഞിര വള്ളിയും ഉപയോഗിച്ച് ദേഹത്ത് വച്ച് കെട്ടും. ഇതിനു ശേഷമാണ് പൊയ്മുഖമണിയുക.

കുമ്മാട്ടിപ്പാട്ടും പാടി വില്ലു കൊട്ടി വീടു വീടാന്തരം ഉത്രാടം മുതല്‍ നാലാം ഓണം വരെ കുമ്മാട്ടികള്‍ കളിക്കും. കുമ്മാട്ടിക്കളിയില്‍ ഏറ്റവും പഴക്കം ചെന്ന നൂറ്റാണ്ടുകള്‍ പിന്നിട്ട കളി നടക്കുന്നത് തൃശ്ശൂര്‍ കിഴക്കുംപാട്ടുകര വടക്കും മുറി തെക്കും മുറി വിഭാഗങ്ങളുടേതാണ്. കുമ്മാട്ടി ഉത്സവങ്ങളില്‍ പാലക്കാട് ഏറ്റവും പ്രശസ്തമായത് കുനിശ്ശേരി കുമ്മാട്ടിയാണ്. സാമൂതിരിയുമായുള്ള ഒരു ചരിത്ര കഥയുണ്ട് കുനിശ്ശേരി കുമ്മാട്ടിയ്ക്ക്. മുണ്ടൂര്‍ കുമ്മാട്ടിയും ഇപ്പോള്‍ ഏറെ പ്രശസ്തമാണ്.

തിരുവാതിര കളി

ഓണക്കാലത്തെ മറ്റൊരു പ്രധാന വിനോദമാണ് തിരുവാതിര കളി. കത്തിച്ചു വച്ച നിലവിളക്കിന് ചുറ്റും സ്ത്രീകള്‍ നിന്ന് കളിക്കുന്ന തനതായ സംഘനൃത്ത കലാരൂപമാണ് തിരുവാതിര. നിലവിളക്കിന് സമീപത്തായി അഷ്ടമംഗല്യവും നിറപറയും കിണ്ടിയില്‍ വെള്ളവും വെക്കും. ഒന്നര മുണ്ടും വേഷ്ടിയുമാണ് തിരുവാതിര വേഷം. തലയില്‍ മുല്ലപ്പൂവും ദശപുഷ്പവും ചൂടുന്ന പതിവുണ്ട്. പാട്ടുകളും നാടന്‍ കളിപ്പാട്ടുകളും കഥകളിപ്പദങ്ങളുമെല്ലാം പിന്നണിയില്‍ പാട്ടുകാര്‍ പാടും.

അതേറ്റു പാടി സ്ത്രീകള്‍ വൃത്തത്തില്‍ നീങ്ങി, കൈകൊട്ടിക്കളിക്കും. പാട്ടിന്റെ താളത്തിനും വേഗത്തിനുമനുസരിച്ച് കളിയുടെ വേഗവും കൂടും. ഇടക്കിടെ കുമ്മിയുമുണ്ടാകും. പാട്ടിന്റെ താള വിന്യാസമനുസരിച്ചാകും കളിക്കുന്നവരുടെ പാദ വിന്യാസവും. ഓണക്കാലത്ത് വ്യാപകമായി സംഘടിക്കപ്പെടുമെങ്കിലും ഒരു അനുഷ്ഠാനമെന്ന രീതിയില്‍ ധനുമാസത്തിലെ തിരുവാതിര നാളിലാണ് തിരുവാതിരയുടെ യഥാര്‍ത്ഥ ആഘോഷം.

വടംവലി

നാട്ടിന്‍പുറങ്ങളില്‍ ഓണത്തോട് അനുബന്ധിച്ച് നിര്‍ബന്ധമായും കണ്ടുവരുന്ന മറ്റൊരു മത്സര ഇനമാണ് വടംവലി. രണ്ട് സംഘങ്ങളുടെ ബലപരീക്ഷണമാണ് വടംവലി. എട്ട് അംഗങ്ങള്‍ ഉള്ള രണ്ട് ടീമുകളാണ് സാധാരണയായി വടംവലിയില്‍ പങ്കെടുക്കുക. ഇരു ടീമുകളും വടത്തിനു ഇരുവശത്തുമായി അണി നിരക്കും. വടത്തിന്റെ നടുവില്‍ ഒരു അടയാളം രേഖപ്പെടുത്തിയിരിക്കും. ഉത്ഭവത്തെക്കുറിച്ച് പോലും അറിവില്ലാത്ത പുരാതനമായ മത്സരമാണത്.

ഓണത്തല്ല്

വളരെ പഴക്കം ചെന്ന ഓണക്കളികളില്‍ ഒന്നാണ് ഓണത്തല്ല്. കൈകള്‍ ഉപയോഗിച്ചുള്ള ആയോധന വ്യായാമമാണിത്. ഓണത്തല്ല് ചേരമാന്‍ പെരുമാക്കള്‍മാരുടെ കാലത്തോ അതിനും മുമ്പോ ഉദയം കൊണ്ടതാകാമെന്നും വിവിധ അഭിപ്രായങ്ങളുണ്ട്. കര്‍ക്കടക മാസത്തിൻ്റെ കളരി ചികിത്സയും പിന്നീട് അഭ്യാസവും കഴിഞ്ഞ് ചിങ്ങമാസത്തില്‍ ശക്തി പരീക്ഷിക്കാനുള്ള പ്രായോഗികാഭ്യാസം കാണിക്കാനുള്ള അവസരമെന്ന രീതിയിലും ഓണക്കാലത്തെ ഓണത്തല്ലിനെ കാണുന്നു.

കൈപരത്തിയുള്ള അടിയും തടയും മാത്രമേ ഓണത്തല്ലില്‍ പാടുള്ളൂ. മുഷ്ടി ചുരുട്ടി ഇടിക്കുകയോ ചവിട്ടുകയോ അരുത്. നിരന്ന് നില്ക്കുന്ന രണ്ട് ചേരിക്കാര്‍ക്ക് നടുവില്‍ 14 മീറ്റര്‍ വ്യാസത്തില്‍ ചാണകം മെഴുകിയ കളത്തിലാണ് തല്ല് നടക്കുക. തല്ല് തുടങ്ങും മുമ്പ് പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കന്മാരെ വണങ്ങുകയും വേണം. ചേരി കുമ്പിടുക എന്നാണ് പറയുക. ഉഴിച്ചിലും പിഴിച്ചിലും കഴിഞ്ഞ് നീണ്ട നാളത്തെ അഭ്യാസം നടത്തിയാണ് തല്ലുകാര്‍ കളത്തിലിറങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT