അവന്തിയെ മടിയിൽവെച്ചിരിക്കുന്ന ഡയാന Photo | Getty Images
Life

ഡയാന രാജകുമാരിയുടെ 'ഇന്ത്യന്‍ മകള്‍': കാല്‍ നൂറ്റാണ്ടിനിപ്പുറവും മായാത്ത സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ച

ഡയാനയുടെ ജീവചരിത്രം വായിച്ചറിഞ്ഞ അവന്തി, ആ രാജകുമാരിയെ തന്റെ റോള്‍ മോഡലായി കണ്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ചുവപ്പും പച്ചയും നിറത്തിലുള്ള പരമ്പരാഗത ലംബാഡി നൃത്ത വേഷമണിഞ്ഞ്, മുഖത്ത് ചായം പൂശി, നഗ്‌നപാദയായി ഡയാന രാജകുമാരിയുടെ മടിയിലിരിക്കുന്ന നാലു വയസ്സുകാരി. 'ഡയാനയുടെ ഇന്ത്യന്‍ മകള്‍' എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ വീണ്ടും തരംഗമായിരിക്കുകയാണ് ആ പഴയ ചിത്രം. ഡയാനയുടെ 29-ാം ചരമവാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും വൈറലായ ഈ ചിത്രം ഇന്തോ-ബ്രിട്ടീഷ് സൗഹൃദത്തിനപ്പുറം, ലക്ഷക്കണക്കിന് സാധാരണക്കാരുടെ ഹൃദയത്തോടടുത്തായിരുന്നു ആ രാജകുമാരി എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ്.

പ്രണയദിനത്തിലെ രാജകീയ സന്ദര്‍ശനം

1992 ഫെബ്രുവരി 14ന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഡയാന രാജകുമാരി ഹൈദരാബാദിലെ ലാലാപ്പേട്ട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എത്തിയത്. രാജകീയ പ്രോട്ടോക്കോളുകളെല്ലാം മാറ്റിവെച്ച് തികച്ചും സാധാരണക്കാരിയായ ഒരു അമ്മയുടെ സ്നേഹത്തോടെ ഡയാന പെരുമാറിയ ആ നിമിഷങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.

അന്ന് രാജകുമാരിയെ സ്വീകരിക്കാനായി പരമ്പരാഗത ഗോത്ര നൃത്തമായ ലംബാഡി അവതരിപ്പിച്ച സംഘത്തിലെ പ്രായംകുറഞ്ഞ കുട്ടിയായിരുന്നു നാലു വയസ്സുകാരിയായ അവന്തി റെഡ്ഡി. പ്രശസ്ത നൃത്താധ്യാപിക ജപമാല റാണിയുടെ മകളായ അവന്തി, നൃത്തച്ചുവടുകളിലെ കുട്ടിത്തം കൊണ്ടും നിഷ്‌കളങ്കത കൊണ്ടും ഡയാനയുടെ ശ്രദ്ധ പെട്ടെന്ന് പിടിച്ചുപറ്റി. നൃത്തത്തിനുശേഷം തറയില്‍ ഇരിക്കുകയായിരുന്ന അവന്തിയുടെ അടുത്തേക്ക് രാജകുമാരി സ്വയം നടന്നെത്തുകയായിരുന്നു. അവളെ വാരിയെടുത്ത് തന്റെ മടിയിലിരുത്തിയ ഡയാന, സന്ദര്‍ശനം കഴിയുന്നതുവരെ അവളെ ഒപ്പം കൂട്ടി.

നൃത്തച്ചുവടുകളിലെ കുട്ടിത്തം കൊണ്ടും നിഷ്‌കളങ്കത കൊണ്ടും അവന്തി ഡയാനയുടെ ശ്രദ്ധ പെട്ടെന്ന് പിടിച്ചുപറ്റി

'എനിക്ക് പെണ്‍മക്കളില്ല, ഇന്ന് മുതല്‍ നീ എന്റെ മകള്‍'

അവന്തിക്ക് നേരിയ ജലദോഷമുണ്ടായിരുന്നു. ഇത് ശ്രദ്ധിച്ച രാജകുമാരി ഒട്ടും മടിക്കാതെ തന്റെ കൈയിലുണ്ടായിരുന്ന തൂവാലയെടുത്ത് ആ കൊച്ചുകുട്ടിയുടെ മൂക്ക് തുടച്ചുനല്‍കി. വിഐപി സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഓര്‍മ്മിപ്പിച്ച് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കുട്ടിയെ വാരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും, അവളെ കൈവിടാന്‍ ഡയാന തയ്യാറായില്ല. 'എനിക്ക് പെണ്‍മക്കളില്ല, അതുകൊണ്ട് ഇന്ന് മുതല്‍ നീയാണ് എന്റെ മകള്‍' എന്ന് സ്‌നേഹത്തോടെ ഡയാന അവന്തിയോട് പറയുകയും ചെയ്തു. രാജകുമാരിയുടെ പെട്ടെന്നുള്ള ഈ നീക്കം കണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും സ്‌കൂള്‍ അധികൃതരും പരിഭ്രാന്തരായെങ്കിലും, ഡയാനയുടെ ആ മാതൃഹൃദയത്തിന് മുന്നില്‍ ആര്‍ക്കും ആ കുട്ടിയെ മാറ്റാന്‍ തോന്നിയില്ലെന്ന് അന്നത്തെ സ്‌കൂള്‍ എജൂക്കേഷന്‍ ഡയറക്ടര്‍ പ്രണോതി സുഹാസിനി കാവൂരി പിന്നീട് ഓര്‍ത്തെടുത്തിട്ടുണ്ട്.

കത്തുകളും കരിഞ്ഞുപോയ സ്വപ്നങ്ങളും

ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെങ്കിലും ഡയാന അവന്തിയെ മറന്നില്ല. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കത്തുകളിലൂടെ അവര്‍ ആ ആത്മബന്ധം തുടര്‍ന്നു. സ്വന്തം ഒപ്പോടു കൂടിയ മനോഹരമായ ചിത്രം ഡയാന അവന്തിക്ക് സമ്മാനമായി അയച്ചുനല്‍കുകയും ചെയ്തു. കാലം കടന്നുപോയപ്പോള്‍ തനിക്ക് ലഭിച്ചത് എത്ര വലിയ സൗഭാഗ്യമാണെന്ന് അവന്തി തിരിച്ചറിഞ്ഞു. ഡയാനയുടെ ജീവചരിത്രം വായിച്ചറിഞ്ഞ അവന്തി, ആ രാജകുമാരിയെ തന്റെ റോള്‍ മോഡലായി കണ്ടു. അവരുടെ പ്രശസ്തമായ 'ലെയേര്‍ഡ് ഹെയര്‍കട്ട്' പോലും അവന്തി അനുകരിക്കാന്‍ ശ്രമിച്ചു.

1997ല്‍ അവന്തി തന്റെ നൃത്തസംഘത്തിനൊപ്പം യൂറോപ്പില്‍ നൃത്ത പര്യടനം നടത്തുകയുണ്ടായി. ആ സമയത്ത് ലണ്ടനില്‍ വെച്ച് ഡയാനയെ നേരിട്ട് കാണാന്‍ കുടുംബം പദ്ധതിയിട്ടിരുന്നു. ആ കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, 1997 ഓഗസ്റ്റില്‍ പാരീസിലുണ്ടായ കാര്‍ അപകടത്തില്‍ ഡയാന ലോകത്തോട് വിടപറഞ്ഞു. ഡയാനയുടെ വിയോഗ വാര്‍ത്ത പുറത്തുവരുമ്പോള്‍ ബെല്‍ജിയത്തിലെ സ്‌കൂളുകളില്‍ നൃത്ത പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു പത്തു വയസ്സുകാരിയായ അവന്തി. 'അവര്‍ മരിച്ച അന്നും അടുത്തദിവസവും ഞാന്‍ നൃത്തം ചെയ്യുകയായിരുന്നു. ഞങ്ങളുടെ ആ കൂടിക്കാഴ്ച ഒരിക്കലും നടക്കാത്ത സ്വപ്നമായി മാറി' അവന്തി പിന്നീട് വേദനയോടെ ഓര്‍ത്തെടുത്തിട്ടുണ്ട്.

ഇന്ന് 36കാരിയായ അവന്തി റെഡ്ഡി ഹൈദരാബാദില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപികയും നര്‍ത്തകിയുമായി ജീവിതം നയിക്കുന്നു

ഓര്‍മ്മയുടെ താളുകളില്‍...

ഇന്ന് 36കാരിയായ അവന്തി റെഡ്ഡി ഹൈദരാബാദില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപികയും നര്‍ത്തകിയുമായി ജീവിതം നയിക്കുന്നു. ഡയാന രാജകുമാരി ഒപ്പിട്ടുനല്‍കിയ ആ അപൂര്‍വ്വ ചിത്രം ഇന്നും അവളുടെ വീടിന്റെ സ്വീകരണമുറിയില്‍ ഏറ്റവും വിലപ്പെട്ട സമ്പാദ്യമായി സൂക്ഷിച്ചിരിക്കുന്നു. 'അന്ന് അതിന്റെയൊക്കെ വ്യാപ്തി മനസ്സിലാക്കാന്‍ എനിക്ക് തീരെ ചെറുപ്പമായിരുന്നു. വളര്‍ന്നപ്പോള്‍ ഡയാന എന്ന വ്യക്തി ലോകത്തിനും എനിക്കും എന്തായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു' - അവന്തിയുടെ വാക്കുകളില്‍ കാലം മായ്ക്കാത്ത ആ സ്‌നേഹത്തിന്റെ ചൂടുണ്ട്. അധികാരത്തിന്റെയും പ്രൗഢിയുടെയും പ്രോട്ടോക്കോളുകള്‍ക്കപ്പുറം മനുഷ്യത്വത്തിന്റെ മാത്രം ഭാഷ സംസാരിച്ച 'ജനങ്ങളുടെ രാജകുമാരി'യുടെ ഓര്‍മ്മകള്‍ ഈ ചിത്രത്തിലൂടെ പുതിയ തലമുറയെയും സ്പര്‍ശിക്കുന്നു.

Princess Diana's Indian Daughter: The Heartwarming Story of Avanti Reddy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൈക്കോടതി ഇടപെടൽ: കൊച്ചി മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് തകർച്ച പരിഹരിക്കാൻ 10 കോടി അനുവദിച്ച് സർക്കാർ

ഇരുന്നുറങ്ങാം, കിടന്നാൽ ഉറക്കം പോകുമത്രേ! ഇതിന്റെ പിന്നിലൊരു മനഃശാസ്ത്രമുണ്ട്

സവർക്കർ മുസ്ലിങ്ങളെ വെറുത്തിരുന്നില്ല, അവരുടെ പുരോഗതിയാണ് ആഗ്രഹിച്ചത്; രാഹുലിന്റെ ആരോപണങ്ങൾ തള്ളി ചെറുമകൻ പൂനെ കോടതിയിൽ

സ്ത്രീകളിലെ മുഖത്തെ രോ​മ വളർച്ച, ഒഴിവാക്കാൻ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; വെള്ളിയാഴ്ച എസ്ബിഐ യുപിഐ സേവനം തടസ്സപ്പെടും