'സൗന്ദര്യത്തിന്റെ അവസാന വാക്ക് എന്നൊന്നും പറയാവുന്ന ആളല്ല; വീട്ടുകാരിട്ട പേര് 'നമിത', അത് 'മമിത'യായത് ഇങ്ങനെ'

മലയാളത്തിലെ പല നടിമാരെയും തമിഴ് സിനിമാ രംഗം രണ്ടു കയ്യും നീട്ടി സ്വീകരിച്ച് നായികമാരാക്കാറുണ്ട്.
Mamitha Baiju
Mamitha Baijuവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
4 min read

തീവ്രമായ ആഗ്രഹവും കഠിനാധ്വാനവും ഒത്തുചേർന്ന മമിത ബൈജുവിന്റെ സിനിമാ ജീവിതയാത്ര ദക്ഷിണേന്ത്യൻ സിനിമാ ലോകത്തിന് തന്നെ അത്ഭുതമാവുകയാണെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. ലളിത- പത്മിനി- രാഗിണിമാരുടെ കാലം മുതൽ ഉർവശിയും നയൻതാരയും കീർത്തി സുരേഷും വരെയുള്ള മലയാളി നടിമാരെ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴ് സിനിമാ രംഗം, ഇന്ന് മമിത ബൈജുവിന് നൽകുന്ന സ്വീകാര്യത സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കരിയറിന്റെ തുടക്കത്തിൽ തന്നെ വിജയ്, ധനുഷ്, സൂര്യ തുടങ്ങിയ തമിഴ് സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് മമിതയുടെ കരിയറിലെ വലിയ വഴിത്തിരിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ആലപ്പി അഷ്റഫ് ഇക്കാര്യം വ്യക്തമാക്കിയത്.

"തീവ്രമായ ആഗ്രഹവും ലക്ഷ്യബോധവും അർപ്പണമനോഭാവവും കഠിനാധ്വാനത്തിന് ആവശ്യമായ അച്ചടക്കവും ഒത്തുചേരുമ്പോഴാണ് ഒരാളുടെ ജീവിതത്തിൽ വിജയം ഉറപ്പാകുന്നത്. അത്തരത്തിലുള്ള ആഗ്രഹവും സ്വപ്നങ്ങളും ഒക്കെ മനസ്സിൽ സൂക്ഷിച്ചു കൊണ്ട് സിനിമയിലേക്ക് കടന്നുവന്ന് ഇന്ന് ഉയർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന നടി മമിത ബൈജുവിന്റെ അധികം ആരും അറിയാത്ത സിനിമാ ജീവിതയാത്ര വഴികളിലൂടെ നമുക്കും ഒന്ന് സഞ്ചരിക്കാം.

മലയാളത്തിലെ പല നടിമാരെയും തമിഴ് സിനിമാ രംഗം രണ്ടു കയ്യും നീട്ടി സ്വീകരിച്ച് നായികമാരാക്കാറുണ്ട്. അത് ലളിത, പത്മിനി, രാഗിണിമാരുടെ കാലം മുതൽ തുടങ്ങിയതാണ്. പഴയകാല മലയാള നടിയായ സുജാത തമിഴ് നടിയാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്; കാരണം അവർ തമിഴിൽ അത്രത്തോളം ശക്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്.

അതുപോലെതന്നെ തമിഴിൽ അഭിനയ മികവു കൊണ്ട് നാഷണൽ അവാർഡ് വാങ്ങിയ ശോഭ, പിന്നീട് ഏറെക്കാലം തമിഴ് സിനിമ അടക്കിവാണ അംബിക, രാധ, പിന്നീട് വന്ന ഉർവശി, കലാരഞ്ജിനി, കൽപന, നദിയ മൊയ്തു തുടങ്ങി രേഖയും ഗോപികയും ഒക്കെ ഇക്കൂട്ടത്തിൽപ്പെടുന്നു. ഏറ്റവും കൂടുതൽ തമിഴ് സിനിമകളിൽ തിളങ്ങി നിന്നിരുന്നത് അംബികയും രാധയും ഉർവശിയുമായിരുന്നു. അതിനുശേഷം കടന്നുവന്ന രേവതിയും ശോഭനയും ഒക്കെ തമിഴ് സിനിമകളിൽ അവരുടേതായ ഒരിടമുറപ്പിച്ച നടിമാരായിരുന്നു.

ഇവരൊക്കെ അഭിനയിച്ച് കയ്യടി നേടിയ സിനിമകൾ ഇന്നത്തെ തലമുറ പോലും ആവേശത്തോടെ കാണാറുണ്ട്. മലയാളത്തിൽ അത്ര വലിയ സൂപ്പർ താരം ഒന്നുമായിരുന്നില്ല നയൻതാര. എന്നാൽ തമിഴ് സിനിമാലോകം അവരെ ഏറ്റെടുത്തതോടു കൂടി തമിഴിലെ സൂപ്പർ സ്റ്റാർ ആയി അവരങ്ങ് മാറി. സിനിമയിൽ ആദ്യമായി 'ലേഡീസ് സൂപ്പർ സ്റ്റാർ' എന്ന ടാഗ് ലൈൻ സ്വന്തമാക്കിയ നടിയാണ് നയൻതാര.

അഭിനയമികവു കൊണ്ട് മീര ജാസ്മിനും ഭാവനയും ഒക്കെ മുൻപന്തിയിൽ ആയിരുന്നുവെങ്കിലും ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം ആദ്യമായി ഏറ്റുവാങ്ങാനുള്ള ഭാഗ്യം നയൻതാരയ്ക്ക് സ്വന്തമായി. പിന്നെ അങ്ങോട്ട് മലയാള നടിമാരുടെ ഒരൊഴുക്കായിരുന്നു തമിഴ് സിനിമയിലേക്ക്. മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നവർ പോലും തമിഴിൽ നായികമാരായി അഭിനയിച്ച് വലിയ പേരും പ്രശസ്തിയും ഒക്കെ നേടിയിട്ടുമുണ്ട്.

ഇനി പുതുതലമുറയിലെ കാര്യമെടുത്താൽ ഐശ്വര്യ ലക്ഷ്മി, അനുപമ പരമേശ്വരൻ, ലിജോ മോൾ, രജിഷ വിജയൻ, നസ്രിയ, നിത്യ മേനോൻ, പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ തുടങ്ങിയവരൊക്കെ തമിഴ് ഫീൽഡിലേക്ക് കടന്നുവന്ന് പേരും പ്രശസ്തിയും ഒക്കെ നേടി. എങ്കിലും അവർക്കൊന്നും ലഭിക്കാത്തത്ര ജനപ്രീതിയും സ്വീകാര്യതയുമാണ് ഇന്ന് മമിത ബൈജുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തമിഴിലെ സൂപ്പർ താരങ്ങളായ വിജയ്, ധനുഷ്, സൂര്യ എന്നിവരോടൊപ്പം ഒക്കെ അഭിനയിക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമാണ്; അത് പല നടിമാരുടെയും സ്വപ്നവുമാണ്. ആരംഭത്തിൽ തന്നെ അങ്ങനെ ഒരു മഹാഭാഗ്യം ലഭിച്ച നടിയാണ് മലയാളിയായ മമിത ബൈജു. ഇങ്ങനെ ഒരു മഹാഭാഗ്യം ആരംഭകാലത്തിൽ ലഭിച്ച മറ്റൊരു നടിയാണ് നമ്മുടെ കീർത്തി സുരേഷ്.

തമിഴിലെയും തെലുങ്കിലെയും സൂപ്പർ നായകന്മാരോട് അഭിനയിച്ച് ചെറിയ പ്രായത്തിൽ തന്നെ നാഷ്ണൽ അവാർഡും കരസ്ഥമാക്കിയ നടിയാണ് കീർത്തി. കീർത്തിയുടെ തമിഴ് സിനിമയിലേക്കുള്ള കടന്നുവരവ് ഒരു ഒന്നൊന്നര വരവായിരുന്നു. എന്നാൽ വിവാഹത്തിനു ശേഷം കീർത്തിയുടെ കീർത്തിക്ക് അൽപം ഇടിവ് സംഭവിച്ചിരിക്കുകയാണ്. കീർത്തിക്ക് ശേഷം ഇപ്പോൾ എങ്ങും മുഴങ്ങി കേൾക്കുന്ന പേരാണ് മമിത ബൈജുവിന്റേത്.

സോഷ്യൽ മീഡിയയിലും ചാനലുകളിലും എല്ലാം മമിത ബൈജു നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ. തമിഴിലേക്ക് ചേക്കേറി പച്ചപിടിച്ച മലയാള നടിമാർ ഇനിയും ധാരാളമുണ്ട്, അവരുടെയൊക്കെ പേര് ഞാൻ പരാമർശിച്ചിട്ടില്ല എന്ന് മാത്രം. ഇത്രയധികം നടിമാരെ നമ്മൾ തമിഴ് സിനിമയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ചില സിനിമാക്കാർ തമാശ രൂപേണ പറയാറുണ്ട്, തമിഴ്നാട്ടിൽ നിന്നും പച്ചക്കറിയും പൂവും ഒക്കെ അവർ നമുക്ക് സുലഭമായി തരുന്നതിനു പകരമാണ് നമ്മൾ നല്ല നടിമാരെ അവരുടെ സിനിമകളിലേക്ക് സംഭാവന ചെയ്യുന്നതെന്ന്.

നടിമാരെ സംബന്ധിച്ച് സിനിമയിൽ ഉയരങ്ങൾ കീഴടക്കണമെങ്കിൽ കഴിവും സൗന്ദര്യവും മാത്രം പോരാ, തലവരയും നന്നായിരിക്കണം. മമിതയെ സംബന്ധിച്ച് സൗന്ദര്യത്തിന്റെ അവസാന വാക്ക് എന്നൊന്നും പറയാവുന്ന ആളല്ല, കാണാൻ മോശമല്ല എന്ന് മാത്രം. മമിതയുടെ തമിഴ് അഭിമുഖങ്ങളുടെ അടിയിൽ വരുന്ന കമന്റുകളിൽ പലരും പറയാറുണ്ട്, "നിങ്ങളുടെ ഈ രൂപം ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്, വെറുതെ അതിനെ പ്ലാസ്റ്റിക് സർജറി നടത്തി നശിപ്പിക്കല്ലേ" എന്നൊരു അഭ്യർഥന ഉണ്ടെന്ന്.

തമിഴ് സിനിമയിലെ നായികമാരിൽ പലരും സിനിമയിൽ അഭിനയിച്ച് ക്ലച്ച് പിടിച്ചു വരുമ്പോൾ പ്ലാസ്റ്റിക് സർജറി നടത്തി സൗന്ദര്യം വർധിപ്പിക്കാൻ ശ്രമിക്കാറുണ്ട്; നടി ശ്രീദേവി ഉൾപ്പെടെ പലരും അത് ചെയ്തിട്ടുമുണ്ട്. മലയാളത്തിലും ചില പ്രമുഖ നടിമാർ ഇത്തരം സാഹസത്തിലൂടെ രൂപമാറ്റം വരുത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇവിടെ മമിതയെ സംബന്ധിച്ച് അവരുടെ ഇപ്പോഴുള്ള സൗന്ദര്യം കണ്ടുതന്നെയാണ് അവരെ സൂപ്പർ നായകന്മാരോടൊപ്പം അഭിനയിക്കാൻ അവസരമൊരുക്കി കൊടുത്തത്.

മമിത ബൈജു എന്ന നടിയുടെ ഭാഗ്യനക്ഷത്രം തെളിഞ്ഞത് 'പ്രേമലു' എന്ന ഒരൊറ്റ സിനിമയിലൂടെയാണ്. ആ സിനിമയിലൂടെ മമിത കവർന്നത് തെന്നിന്ത്യയുടെ മുഴുവൻ ഹൃദയമാണ്. കോട്ടയം കിടങ്ങൂർ നിവാസിയായ മമിതയുടെ പിതാവ് ഡോക്ടർ ബൈജു കൃഷ്ണനാണ്, അമ്മ മിനിയും. ഇവർക്ക് മക്കളായി മമിത കൂടാതെ ഒരു ആൺകുട്ടി കൂടിയുണ്ട്; മമിതയുടെ ജ്യേഷ്ഠ സഹോദരൻ മിഥുൻ.

കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ കുഞ്ഞിലെ മുതലെ താൽപര്യമുള്ള കുട്ടിയായിരുന്നു മമിത എന്ന് അവരുടെ അമ്മ പറയുന്നുണ്ട്. മൂന്നു വയസ്സ് പ്രായമുള്ളപ്പോൾ നൃത്തം പഠിച്ചു തുടങ്ങിയ മമിതയെ കുറിച്ച് അമ്മ ഓർത്തെടുക്കുന്ന ചില കാര്യങ്ങളുണ്ട്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ വൈകുന്നേരം ഒരിക്കൽ വീട്ടിലെത്തിയത് രണ്ട് ആവശ്യങ്ങളുമായിട്ടാണ്; വിജയിയുടെ "മാമ്പഴമാ മാമ്പഴം" എന്ന പാട്ടിന് ഡാൻസ് കളിക്കണം, അതിനായി വാർമുടിയും ദാവണിയും റെഡിയാക്കണം.

അന്ന് ആ പാട്ടിനൊപ്പം നൃത്തം ചെയ്ത ഒന്നാം ക്ലാസുകാരിയുടെ മാതാപിതാക്കൾ ഒരിക്കലും ചിന്തിച്ചു കാണില്ല തന്റെ മകൾ ഈ സൂപ്പർ നായകനോടൊപ്പം ഒരിക്കൽ സിനിമയിൽ ചുവടു വെക്കുമെന്ന്. 'ജന നായകൻ' എന്ന ചിത്രത്തിൽ മമിതയ്ക്ക് അവസരം ലഭിച്ചത് ഒരു മഹാഭാഗ്യം തന്നെയാണ്. കാരണം വിജയയുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമാണത് എന്നാണ് പറയപ്പെടുന്നത്.

മമിതയുമായി അഭിനയിച്ചതിനു ശേഷമാണ് വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവം മമിത ഒരു അഭിമുഖത്തിൽ പങ്കുവയ്ക്കുന്നുണ്ട്. സൂര്യ എന്ന നടൻ കൊച്ചിയിൽ ലുലു മാളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അദ്ദേഹത്തെ നേരിൽ കാണുവാനും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കുവാനും ആ കൊച്ചു ഹൃദയം ഒത്തിരി ഒത്തിരി ആഗ്രഹിച്ചു.

എന്നാൽ മാതാപിതാക്കൾ ചില കാരണങ്ങളാൽ മമിതയെ അവിടെ കൊണ്ടുപോയില്ല; മമിതയുടെ ആഗ്രഹം നടന്നില്ല. എങ്കിലും മമിതയുടെ ജേഷ്ഠനും കൂട്ടുകാരും ഒക്കെ ആ പരിപാടിയിൽ പങ്കെടുക്കുകയും സൂര്യക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. ആ ഫോട്ടോ മമിതയെ കാണിച്ചപ്പോൾ മമിത തന്റെ ആഗ്രഹം നിറവേറ്റാൻ സാധിക്കാത്ത സങ്കടത്തിൽ വിങ്ങിപ്പൊട്ടി കരഞ്ഞതായി പറയുന്നുണ്ട്. ആ നിരാശയും ആഗ്രഹവും വർഷങ്ങൾ പിന്നിട്ടിട്ടും മമിതയുടെ മനസ്സിൽ നിന്നും മാഞ്ഞില്ല.

എന്നാൽ വിധി കാലങ്ങൾക്കിപ്പുറം അവൾക്കായി കാത്തുവെച്ചിരുന്നത് അതിരുകളില്ലാത്ത സന്തോഷമായിരുന്നു. ഒരിക്കൽ സൂര്യയെ ഒന്ന് കാണാൻ സാധിക്കാതെ പോയ അതേ പെൺകുട്ടി വർഷങ്ങൾക്കിപ്പുറം അതേ താരത്തിന്റെ നായികയായി കാമറക്ക് മുൻപിൽ അദ്ദേഹത്തോടൊപ്പം എത്തി എന്നത് മമിതയെ സംബന്ധിച്ച് മറ്റെന്തിനേക്കാളും വലിയ സന്തോഷവും അനുഭൂതിയും ഭാഗ്യവും ആണെന്നതാണ് യാഥാർഥ്യം സൂര്യ നായകനും മമിത നായികയുമായി അഭിനയിച്ച 'വിശ്വനാഥൻ ആൻഡ് സൺസ്' എന്ന തമിഴ് സിനിമ തമിഴ്നാട്ടിലും കേരളത്തിലും എല്ലാം നല്ല അഭിപ്രായം ഉണ്ടാക്കിയ ഒരു ചിത്രമാണ്.

ഇതിൽ മമിതയുടെ അഭിനയം മികവുറ്റതാണ്. അതിൽ അഭിനയിച്ച രാധിക ശരത്കുമാർ പറയുന്നുണ്ട്, "സായി പല്ലവിയെ പോലെ ഗ്രാസ്പിങ് പവർ ഉള്ള ഒരു നടിയാണ് മമിത" എന്ന്. അഭിനയത്തോട് വലിയ ഡെഡിക്കേഷൻ ഉള്ള നടിയാണ് മമിത എന്നും രാധിക പറയുന്നുണ്ട്.

സൂര്യയുടെ കടുത്ത ആരാധികയാണ് മമിത. അതിനു കാരണമായി പറയുന്നത് സഹോദരന്റെ കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും ഒക്കെ സൂര്യയുടെ മുഖമാണ് വാൾപേപ്പർ ആയി വച്ചിരിക്കുന്നതെന്നും അത് കണ്ടിട്ടാണ് ആരാധികയായി മാറിയതെന്നും പറയുന്നുണ്ട്.

'വിശ്വനാഥൻ ആൻഡ് സൺസ്' എന്ന തമിഴ് ചിത്രത്തിന്റെ ഓഡിഷന് മമിത ചെല്ലുമ്പോൾ രാധികയുമായുള്ള ഒരു കോമ്പിനേഷൻ സീനാണ് അവർ പരീക്ഷിച്ചു നോക്കിയത്. അപ്പോഴേ രാധിക ഉറപ്പിച്ചു, ഈ കഥാപാത്രം ഇവരുടെ കയ്യിൽ ഭദ്രമാണെന്ന്. സൂര്യയെ ആദ്യമായി അടുത്തു കണ്ടപ്പോൾ കയ്യും കാലും ഒക്കെ ഐസ്കെട്ട പോലെ തണുത്തുറഞ്ഞു പോയി എന്നാണ് മമിത പറയുന്നത്.

സൂര്യയുടെ എളിമ നിറഞ്ഞ സ്നേഹത്തോടെയുള്ള പെരുമാറ്റമാണ് എനിക്ക് ആ ചിത്രത്തിൽ നന്നായി പെർഫോം ചെയ്യാൻ ഇടയാക്കിയതെന്നും മമിത പറയുന്നുണ്ട്.തമിഴ് സിനിമയോടൊപ്പം തന്നെ മലയാള സിനിമയിലും മമിത നിറഞ്ഞാടുകയാണ്. ഓണം റിലീസിനെത്തിയ നിവിൻ പോളി ചിത്രമായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രം മറ്റു മലയാളപ്പടങ്ങളെ എല്ലാം കവച്ചു വച്ചു കൊണ്ട് കലക്‌ഷനിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

അങ്ങനെ ഒരേസമയം മമിത മലയാളത്തിലും തമിഴിലും മിന്നി തിളങ്ങുകയാണ്. മമിത എന്ന പേരിനു പിന്നിലുമുണ്ട് രസകരമായ ഒരു കഥ. വീട്ടുകാരിട്ട പേര് 'നമിത' എന്നായിരുന്നു. സ്കൂൾ അധികൃതരുടെ അശ്രദ്ധയാണ് നമിത എന്ന പേര് മമിതയായി മാറാനുള്ള കാരണം. എന്തായാലും അന്ന് ആ പേര് തിരുത്താൻ ശ്രമിക്കാതിരുന്നത് നന്നായി. കാരണം നമ്മുടെ മലയാളത്തിൽ പോപ്പുലറായ ഒരു നടിയുണ്ട് നമിത, അതുപോലെതന്നെ തമിഴിലും പോപ്പുലറായ ഒരു നടിയുണ്ട് നമിത.

അന്ന് പേര് മാറിയത് യാദൃച്ഛികമായിട്ട് സംഭവിച്ചതാണെങ്കിലും ഇന്ന് അതും ഒരു നേട്ടമായി കരുതാം. യാദൃശ്ചികവും ആകസ്മികവും അത്ഭുതവും സന്തോഷവും നിറഞ്ഞ അനുഭവങ്ങൾ ഇനിയും ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു".- ആലപ്പി അഷ്റഫ് പറ‌ഞ്ഞു.

Mamitha Baiju
'അപ്പു തിരിച്ച് വന്നില്ലെന്ന് ചേട്ടൻ പറഞ്ഞു, ടെൻഷനടിച്ച് ഞാൻ കരയാൻ തുടങ്ങി'; പ്രണവിനൊപ്പമുള്ള യാത്രാനുഭവം പറഞ്ഞ് സുചിത്ര
Mamitha Baiju
'ചേട്ടന് ശ്ലോകങ്ങളൊക്കെ കുറേ അറിയാം, ഞാൻ അങ്ങനെയല്ല; നന്ദി പറഞ്ഞു കൊണ്ട് മാത്രമേ ഞാനെന്റെ പ്രാർഥന ആരംഭിക്കാറുള്ളൂ'
Mamitha Baiju
'എല്ലാം 100 കോടിക്ക് മുകളിലുള്ള പടങ്ങൾ, എന്നിട്ടും കാരക്ടറിൽ ഒരു മാറ്റവുമില്ല; അത് തന്നെയാണ് മമിതയുടെ വിജയവും'
Summary

Alleppey Ashraf opens up about Mamitha Baiju.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com