ഐസ്ക്രീം ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്! നാവിലേക്ക് തണുത്തുറഞ്ഞ ഐസ്‌ക്രീം തൊടുമ്പോള്‍ തന്നെ ശരീരവും മനസും കുളിരും, പ്രത്യേകിച്ച് വേനല്‍കാലത്ത്. സിപ്പ്-അപ്പ് മുതല്‍ പ്രീമിയം ഐസ്ക്രീം വെറൈറ്റികൾ വരെ ഇന്നുണ്ട്. ലോകത്തെ ഏത് മൂലയില്‍ പോയാലും കിട്ടുന്ന ഈ ഐസ്ക്രീമിൻ്റെ ചരിത്രം അറിയാമോ?
അമേരിക്കക്കാരാണ് ഐസ്ക്രീമിന് വാണിജ്യാടിസ്ഥനത്തിൽ കൂടുതൽ പ്രചാരം നൽകുന്നത്. അക്കാലത്ത് ഐസ്ക്രീം കുട്ടികൾ ഏറ്റെടുത്തതോടെ ഐസ്ക്രീം വിപണി കുത്തനെ ഉയർന്നു. കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഈ ഐസ്ക്രീം രുചിയിൽ പെട്ടുപോയവരാണ്. പാലും മധുരവും തണുപ്പിട്ട് കട്ടയാക്കിയ മധുരപലഹാരം വളരെ പെട്ടെന്നാണ് ലോക ശ്രദ്ധ നേടിയത്.
കാലം വീണ്ടും കുറച്ചുകൂടി പിന്നിലേക്ക് തിരിക്കാം, ഏതാണ്ട് 2500 വർഷം പിന്നോട്ട്, അവിടെയാണ് ഐസ്ക്രീമിൻ്റെ മൂത്താപ്പയായ ഐസിൻ്റെ കഥ തുടങ്ങുന്നത്. പേർഷ്യ, അതായത് ഇന്നത്തെ ഇറാൻ, 550 ബിസിയിൽ അവിടെ ആളുകൾ വെള്ളം തണുപ്പിച്ച് ഖരാവസ്ഥയിലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
വെള്ളം ഐസ് ആക്കുന്നതിന് അവർ തേനീച്ചക്കൂടിന് സമാനമായ ആകൃതിയിൽ കല്ലുകൾകൊണ്ട് കൂടുണ്ടാക്കിയിരുന്നു. യാഖ്ചാലുകൾ എന്നാണ് ഇത്തരം കല്ലുകൂടങ്ങൾ അറിയപ്പെട്ടിരുന്നത്. തണുത്ത കാലാവസ്ഥയിൽ വെള്ളം ശേഖരിച്ച് ആഴ്ത്തിലുള്ളതും ഇന്‍സുലേറ്റ് ചെയ്തതുമായ ഭൂഗര്‍ഭ സംഭരണിയായി സൂക്ഷിച്ചിരുന്നത്രേ. വര്‍ഷം മുഴുവന്‍ ഐസ് ഇത്തരത്തിൽ സൂക്ഷിച്ചു വെയ്ക്കാൻ ഇത് സാധ്യമാക്കി.
ഉയര്‍ന്ന താഴികക്കുടങ്ങള്‍ ചൂടുള്ള വായുവിനെ മുകളിലേക്കും പുറത്തേക്കും തള്ളുകയും വിൻഡ് ക്യാച്ചറുകള്‍ തണുത്ത വായുവിനെ ആഴത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. യക്ക്ച്ചല്‍ വെറുമൊരു പുരാതന ഐസ് ഹൗസ് മാത്രമല്ല, അതൊരു ഐസ് മേക്കര്‍ കൂടിയായിരുന്നു. ചില യാഖ്ചാലുകൾ നൂറ്റാണ്ടുകളായി മരുഭൂമിയിലെ മണ്ണൊലിപ്പിനെ അതിജീവിച്ചിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. മെയ്‌ബോഡിൽ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്ന 400 വർഷം പഴക്കമുള്ള യാഖ്‌ചാലിൽ നടത്തിയ പഠനത്തിൽ, അതിന്റെ ഉൽപാദനം വർഷത്തിൽ 50 ക്യുബിക് മീറ്റർ വലിപ്പത്തിൽ മൂന്ന് ദശലക്ഷം ഐസ് ക്യൂബുകളായി കണക്കാക്കുന്നു.
ഐസിലേക്ക് തേനും മറ്റ് സിറപ്പുകളും ഒഴിച്ച് മധുരപലഹാരങ്ങൾ ഉണ്ടാക്കിയിരുന്നതായും ഗവേഷകർ പറയുന്നു. 650-സിഇയിൽ അറബ് പേർഷ്യ കീഴടക്കിയതിനു ശേഷം, ഐസ് ഉൽപാദനത്തിനും സംഭരണത്തിനുമുള്ള പേർഷ്യൻ രീതി മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചു. അറബികൾ ഐസിൽ പാലും പഞ്ചസാരയും സാലെപ്പ് മാവും പോലുള്ള ചേരുവകളും ചേർത്ത് പലഹാരത്തെ പുതിയ രൂപത്തിലാക്കി.
ഏതാണ്ട് ഇതേ കാലയളവിൽ തന്നെയാണ്, ചൈനയിൽ സുഷാൻ എന്ന പേരിൽ ശീതീകരിച്ച മധുരപലഹാരം പ്രചാരത്തിൽ വരുന്നത്. ആട്ടിൻപാലിനുള്ള തൈര് ഉരുക്കി ലോഹ അച്ചിൽ ഒഴിച്ച് ശീതീകരിച്ചാണ് സുഷാൻ ഉണ്ടാക്കിയത്. പിന്നീട് വേനൽക്കാലത്ത് വൈൻ പെട്ടെന്ന് തണുപ്പിക്കാനും ഐസിൽ സാൾട്ട്പീറ്റർ (പൊട്ടാസ്യം നൈട്രേറ്റ്) ചേർത്ത് ഉപയോഗിച്ചു തുടങ്ങി.
1660കളിൽ ഐസ്ക്രീമിൻ്റെ ആധുനിക രൂപം ആദ്യമായി ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഫ്രാൻസും ഇറ്റലിയും വാദങ്ങൾ ഉയർത്തുന്നുണ്ട്. പോപ്പ് അർബൻ എട്ടാമന്റെ അനന്തരവനായ കർദ്ദിനാൾ ബാർബെറിനിയുടെ കീഴിൽ ജോലി ചെയ്യുന്ന ആൽബെർട്ടോ ലാറ്റിനി 1694 ൽ പുറത്തിറക്കിയ പാചകക്കുറിപ്പിൽ പാൽ, പഞ്ചസാര, വെള്ളം, കാൻഡിഡ് ഫ്രൂട്ട്സ് എന്നിവ ഉപയോഗിച്ചു ഇറ്റാലിയൻ ജെലാറ്റോ എന്ന ഐസ്ക്രീമിൻ്റെ മുൻകാല രൂപം ഉണ്ടാക്കിയതായി രേഖപ്പെടുത്തിയിരിക്കുന്നു.
അതുപോലെ തന്നെ, ലൂയി പതിനാലാമന്റെ മുഖ്യമന്ത്രിയായിരുന്ന ജീൻ-ബാപ്റ്റിസ്റ്റ് കോൾബെർട്ടിന്റെ കീഴിൽ ജോലി ചെയ്തിരുന്ന നിക്കോളാസ് ഓഡിഗർ എന്ന വ്യക്തിയാണ് ഐസ്ക്രീം റെസിപ്പിയുടെ മറ്റൊരു അവകാശി. 1692-ൽ അദ്ദേഹം ലാ മൈസൺ റെഗ്ലീ എന്ന പേരിൽ കുലീന കുടുംബങ്ങളുടെ നടത്തിപ്പിനെക്കുറിച്ചുള്ള ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു. അതിൽ പഴങ്ങളുടെ സോർബറ്റുകൾക്കായുള്ള നിരവധി പാചകക്കുറിപ്പുകളും, പഞ്ചസാര ചേർത്ത് മധുരമുള്ളതും ഓറഞ്ച് പുഷ്പം വെള്ളം ചേർത്ത് രുചിയുള്ളതുമായ ഐസ്ക്രീമിനുള്ള ഒരു പാചകക്കുറിപ്പും ഉണ്ടായിരുന്നു.
രണ്ട് അവകാശവാദങ്ങളും അർഹതപ്പെട്ടതാണെങ്കിലും ഓഡിഗറിന്റെ പാചകക്കുറിപ്പാണ് ആധുനിക ഐസിക്രീcfൻ്റെ ഘടനയായും പഞ്ചസാരയും അളവുമായും ചേരുന്നതെന്ന് ഗവേഷകർ പറയുന്നു. 18 മാസം ഇറ്റലിയിൽ ചെലവഴിച്ചതിന് ശേഷമാണ് ഓഡിഗർ തന്റെ വാല്യം എഴുതിയത്, അതിനാൽ അദ്ദേഹം ഇറ്റാലിയൻ സാങ്കേതിക വിദ്യകൾ പഠിക്കുകയും അവ പരിഷ്കരിക്കുകയും ചെയ്തിരിക്കാമെന്നാണ് ഗവേഷകർ പറയുന്നത്.
അങ്ങനെ നൂറ്റാണ്ടുകളായി ഉണ്ടായ പല പരിഷ്കരങ്ങൾക്ക് ശേഷം ഐസ്ക്രീം പല രൂപത്തിലും ഭാവത്തിലും ഇന്നും നമ്മുടെ കൈകളിലെത്തുന്നു. പുറത്തെയും ഉള്ളിലെയും ചൂട് നിമിഷനേരം കൊണ്ട് തണുപ്പിച്ച് ഐസ്ക്രീം വീണ്ടും നമ്മുടെ മനസും ശരീരവും കുളിർപ്പിച്ചുകൊണ്ടേയിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates