ന്യൂയോര്‍ക്ക്: 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ കാണാതായ ആളെ ജീവനോടെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഒരു കുടുംബം. 1951 ഫെബ്രുവരി 21 ന് കാലിഫോര്‍ണിയയിലെ വെസ്റ്റ് ഓക്ക്ലന്‍ഡിലെ ഒരു പാര്‍ക്കില്‍ നിന്ന് അപ്രത്യക്ഷനായ ലൂയിസ് അര്‍മാന്‍ഡോ ആല്‍ബിനോയാണ് തിരിച്ചുവന്നത്. ലൂയിസ് അര്‍മാന്‍ഡോ ആല്‍ബിനോയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അന്ന് 10 വയസ്സുള്ള സഹോദരന്‍ റോജറിനൊപ്പം കളിക്കുമ്പോള്‍ മധുരപലഹാരങ്ങള്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സ്ത്രീയാണ് തട്ടിക്കൊണ്ടുപോയത്. കണ്ടെത്താന്‍ പതിറ്റാണ്ടുകള്‍ നീണ്ട കുടുംബത്തിന്റെ പരിശ്രമത്തിന്റെയും ഡിഎന്‍എ പരിശോധനയുടെയും ഫലമായാണ് ആല്‍ബിനോയെ കണ്ടെത്തിയത്.
ആല്‍ബിനോയുടെ അനന്തരവള്‍ അലിഡ അലക്വിന്‍ തന്റെ അമ്മാവനെ കണ്ടെത്താന്‍ നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. ഡിഎന്‍എ പരിശോധന, പത്ര വാര്‍ത്താ കുറിപ്പുകള്‍, ഓക്ക്ലാന്‍ഡ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ്, എഫ്ബിഐ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് എന്നിവയുടെ സഹായത്തോടെ 63 കാരിയായ അലക്വിന്‍ തന്റെ അമ്മാവനെ കണ്ടെത്തുകയായിരുന്നു. മുന്‍ അഗ്‌നിശമന സേനാംഗവും മറൈന്‍ കോര്‍പ്‌സ് വെറ്ററനുമായ ലൂയിസ് ആല്‍ബിനോ കുറെക്കാലം വിയറ്റ്‌നാമിലായിരുന്നു.
ജൂണിലാണ് ഇപ്പോള്‍ 79 വയസ്സുള്ള ആല്‍ബിനോ കുടുംബവുമായി ഒന്നിച്ചത്. ചേട്ടന്‍ റോജര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടപ്പോള്‍ വികാരനിര്‍ഭരമായ മുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ മാസം 82-ാം വയസ്സില്‍ കാന്‍സര്‍ ബാധിച്ച് ചേട്ടന്‍ റോജര്‍ മരിച്ചു. റോജറിന്റെ മരണത്തിന് മുമ്പ് സഹോദരങ്ങള്‍ ഹൃദയസ്പര്‍ശിയായ ഒരു ഒത്തുചേരല്‍ പങ്കിട്ടതായി അലിഡ അലക്വിന്‍ വിവരിച്ചു. 'ആ നിമിഷം, അവര്‍ പരസ്പരം മുറുകെ പിടിച്ച്, നീണ്ട ആലിംഗനം നടത്തി. അവര്‍ ഇരുന്നു സംസാരിച്ചു.'- അലിഡയുടെ വാക്കുകള്‍.
2020ല്‍ അലിഡ നടത്തിയ ഓണ്‍ലൈന്‍ ഡിഎന്‍എ ടെസ്റ്റ് ആണ് ആല്‍ബിനോയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. ആല്‍ബിനോയുമായി 22 ശതമാനം പൊരുത്തമുള്ളതായിരുന്നു ഫലം. തന്റെ പെണ്‍മക്കളോടൊപ്പം, പ്രാദേശിക ലൈബ്രറികളിലെ ന്യൂസ്പേപ്പര്‍ ആര്‍ക്കൈവുകളും മൈക്രോഫിലിമുകളും അലിഡ അരിച്ചുപെറുക്കി. ഒടുവില്‍ അവളുടെ സംശയം സ്ഥിരീകരിച്ച് ലൂയിസ് ആല്‍ബിനോയുടെ ചിത്രങ്ങള്‍ കണ്ടെത്തുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തന്റെ തട്ടിക്കൊണ്ടുപോകലിന്റെയും കിഴക്കന്‍ തീരത്തേക്കുള്ള യാത്രയുടെയും ഓര്‍മ്മകള്‍ ആല്‍ബിനോ പങ്കുവെച്ചു. എന്നാല്‍ ആ സമയത്ത് കൂടെയുള്ളവര്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ വിസമ്മതിച്ചതായും ആല്‍ബിനോ ഓര്‍ത്തെടുത്തു. ഇപ്പോള്‍, തന്റെ ചില അനുഭവങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍, 2005 ല്‍ 92-ാം വയസ്സില്‍ മരിച്ച അമ്മയ്ക്ക് ആല്‍ബിനോയെ ജീവനോടെ കാണാന്‍ സാധിക്കാതിരുന്നത് നൊമ്പരമായി തുടരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates