Life

'അത് പ്രളയക്കയത്തില്‍ നിന്ന് ഞാനെഴുതിയ പാട്ട്, പക്ഷെ എന്റെ പേര് പോലും ആരും പറഞ്ഞില്ല'; ദീദിയുടെ സങ്കടഗാനം എഴുതിയ കവി രംഗത്ത്  

എന്റെ കേരളം എത്ര സങ്കടം എന്നുതുടങ്ങുന്ന തന്റെ വരികള്‍ ഹിറ്റായതോടെ വളരെയധികം വാര്‍ത്താപ്രാധാന്യം ലഭിച്ചെങ്കിലും പുറത്തുവന്ന വാര്‍ത്തകളിലെ വേദനിപ്പിക്കുന്ന വശങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് രചയിതാവ്

സമകാലിക മലയാളം ഡെസ്ക്

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ സങ്കടഗാനം പാടിയ ഉഷ ഉതുപ്പിന്റെ ഗാനം യുട്യൂബില്‍ ഹിറ്റായിക്കഴിഞ്ഞു. ചിറ്റൂര്‍ ഗോപിയാണ് ഈ വരികള്‍ രചിച്ചത്. ഹിറ്റായതോടെ വളരെയധികം വാര്‍ത്താപ്രാധാന്യം ലഭിച്ചെങ്കിലും പുറത്തുവന്ന വാര്‍ത്തകളിലെ വേദനിപ്പിക്കുന്ന വശങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് രചയിതാവ്. എന്റെ കേരളം എത്ര സങ്കടം എന്നു തുടങ്ങുന്ന ഗാനത്തിലെ എല്ലാ വരികളിലും കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയാണ് പ്രതിപാദിക്കുന്നത്.

പ്രളയ ദുരന്തം പേടിച്ച് സ്വന്തം വീടൊഴിഞ്ഞ് അന്യ വീട്ടില്‍ അഭയം പ്രാപിച്ച മാനസിക അവസ്ഥയില്‍ കുറിച്ച വരികള്‍ വാര്‍ത്തയായപ്പോള്‍ അതില്‍ ഒരിക്കല്‍പോലും തന്റെ പേര് പ്രതിപാദിക്കാത്തതിന്റെ ദുഃഖത്തിലാണ് അദ്ദേഹം. ഒരു ഗാനം ജനങ്ങള്‍ ഇഷ്ടപ്പെട്ടാല്‍, രചയിതാവും സംഗീത സംവിധായകനും ഗായകരും തുല്യമായ അഭിനന്ദനം അര്‍ഹിക്കുന്നെന്നും കവികളെയും ഗാനരചയിതാക്കളെയും രണ്ടാം തരക്കാരായി കാണരുതെന്നും ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ അദ്ദേഹം പറയുന്നു. 

ചിറ്റൂര്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സുന്ദര കേരളത്തിനായ് ഉഷ ഉതുപ് വീണ്ടും പാടി എന്ന ഇന്നത്തെ മലയാള മനോരമ ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ആ വാര്‍ത്തയില്‍ ആ ഗാനം ആരെഴുതി എന്ന് സൂചിപ്പിച്ചിട്ടുപോലുമില്ല. പ്രളയ ദുരന്തം പേടിച്ച് സ്വന്തം വീടൊഴിഞ്ഞ് അന്യ വീട്ടില്‍ അഭയം പ്രാപിച്ച ഒരു മാനസിക അവസ്ഥയില്‍, നിരന്തരം ഫോണില്‍ വിളിച്ച് ദീദി നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ എഴുതി കൊടുത്തതാണ്. എന്റെ നാടിന്റെ ദുരവസ്ഥയില്‍ അല്പം വരികളിലൂടെയെങ്കിലും ആശ്വാസം പകരാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. കവികളെയും ഗാനരചയിതാക്കളെയും രണ്ടാം തരക്കാരായി ദയവായി കാണരുത്. ഒരു ഗാനം ജനങ്ങള്‍ ഇഷ്ടപ്പെട്ടാല്‍, രചയിതാവും സംഗീത സംവിധായകനും ഗായകരും തുല്യമായ അഭിനന്ദനം അര്‍ഹിക്കുന്നു. കേരളത്തിന്റെ ഇപ്പോഴത്തെ ദുരവസ്ഥ ഗായികയായ ഉഷ ഉതുപ് പ്രതിപാദിച്ചിട്ടുണ്ടത്രെ. മലയാളം അറിയാത്ത അവര്‍ എന്ത് പ്രതിപാദിക്കാനാണ്? ഗാനം എഴുതിയ ആളുടെ പേര് പോലും വെക്കാതെ പാടിയവരുടെ ഫോട്ടോസഹിതം പ്രസിദ്ധീകരിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ വേദനാജനകമാണ്. ആ പാട്ടിന്റെ ആത്മാവ് വരികള്‍ തന്നെയാണ് എന്ന് ഞാന്‍ കരുതുന്നു.ഇതൊരു ചീപ് പോപ്പുലാരിറ്റിക്കു വേണ്ടി എഴുതിയിതല്ല. അതിന്റെ ആവശ്യവും എനിക്കില്ല. ഗാനരചയിതാക്കളെ മൂന്നാംകിടക്കാരായി ഒഴിവാക്കുന്നത് കാണുമ്പോഴുള്ള അമര്‍ഷം കൊണ്ടെഴുതിയതാണ്. ഇതിന്റെ പേരില്‍ ഒരു വാദപ്രതിവാദത്തിനും എനിക്ക് താല്പര്യമില്ല താനും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT