കൊച്ചി: പ്രതിസന്ധി ഘട്ടത്തില്‍ സ്‌നേഹിച്ച പെണ്‍കുട്ടി ഉപേക്ഷിച്ച് പോയിട്ടും തളരാതെ ജീവിതത്തില്‍ വിജയം നേടിയ ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കാന്‍സര്‍ വന്നത് കാരണം, ഒരു കാലുമുറിച്ചു മാറ്റേണ്ടി വന്നപ്പോള്‍ കരളു പങ്കിട്ടു സ്‌നേഹിച്ച പെണ്ണും നഷ്ടമായി. പിന്നെയും ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായി. അപ്പോഴും മനസ് തളരാതെ പിടിച്ചുനിന്ന് ജീവിതത്തില്‍ തിരിച്ചുകയറിയ അനുഭവകഥയാണ് പ്രഭു എന്ന ചെറുപ്പക്കാരന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ക്യാന്‍സര്‍ വന്നത് കാരണം 27 വര്‍ഷം എന്നെ കൊണ്ട് നടന്ന എന്റെ കാലുപോയി..!!
കാലുപോയത് കാരണം കരളു പങ്കിട്ടു സ്‌നേഹിച്ച പെണ്ണും പോയി !!
പിന്നെയും ഒരുപാടൊരുപാട് പോയി..!!
ഞാനേറെ സ്‌നേഹിച്ച എന്നെ ഏറെ സ്‌നേഹിച്ച കളിക്കളവും ഫുട്‌ബോളും കബഡിയും എന്നെ വിട്ടുപോയി..!!
കുടുംബത്തിന്റെ വരുമാനം പോയി !!
അതുവരെയുള്ള സമ്പാദ്യം പോയി !!
ഞാനെന്ന ശരീരത്തില്‍ നിന്ന് ജീവന്‍ പോലും പുറത്തു പോകാന്‍ വെമ്പല്‍ കൊണ്ടു..!!
പക്ഷെ ഇതൊക്കെ പോയപ്പോഴും ഞാന്‍ പിടിച്ചു നിന്നു..
ജീവന്‍ തന്ന് കൂടെയുണ്ടാകുമെന്ന് പറഞ്ഞവള്‍ ഒരു കാലില്ലാത്ത എന്നെ വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി...
പല രാത്രികളിലും എന്റെ തലയിണകള്‍ നനഞ്ഞു കുതിര്‍ന്നു..!!
രണ്ടുകാലില്‍ നിന്നപ്പോള്‍ ഞാന്‍ വാങ്ങി കൊടുത്ത കുപ്പിവളകളും വസ്ത്രങ്ങളും ഒക്കെ അവള്‍ക്ക് ഒത്തിരി ഇഷ്ടമായിരുന്നു..
നിറഞ്ഞ ഭാരമുള്ള ഗ്യാസ് സിലിണ്ടര്‍ ലോറിയിലേക്ക് കയറ്റുന്ന ജോലി ചെയ്ത് ചോര നീരാക്കി ഞാനുണ്ടാക്കിയ പൈസ അവളുടെ ഓരോരോ ആവശ്യങ്ങള്‍ക്ക് കൊടുക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒരു ഭര്‍ത്താവിന്റെ സന്തോഷമായിരുന്നു..
കയ്യും നടുവും വേദനിച്ചു ചൂടുവെള്ളത്തില്‍ ആശ്വാസം കണ്ടെത്തുമ്പോഴും അവള്‍ക്ക് ഒരു കുറവും വരരുത് എന്നത് എന്നിലെ ആണിന്റെ വാശിയായിരുന്നു..
എന്തിനേറെ പറയുന്നു അവളുടെ പീരിയഡ്‌സ് സമയത്ത് അവള്‍ക്ക് വേണ്ട നാപ്കിന്‍ വാങ്ങാന്‍ പോലും അവളുടെ വീട്ടുകാരെ ഞാന്‍ സമ്മതിച്ചിരുന്നില്ല..!!
പക്ഷെ അവളെന്നോട് പറഞ്ഞ വാക്കുകള്‍ ഒരു വെള്ളിടി പോലെ എന്റെ കാതില്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു...!!
ഈ ഒരു കാലില്‍ നിങ്ങള്‍ എന്തു ചെയ്യാനാണ്..!!
സ്വന്തം കാര്യത്തിന് പോലും ഇനി മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന നിങ്ങള്‍ക്ക് എങ്ങനെ എന്നെ സംരക്ഷിക്കാന്‍ കഴിയും..?
ഈ ഒറ്റക്കാലുള്ള നിങ്ങളെ ഞാന്‍ കല്യാണം കഴിച്ചാല്‍ നമ്മളെങ്ങനെ മുന്നോട്ട് ജീവിക്കും..!!
ഞാന്‍ കുറച്ചു പ്രാക്ടിക്കല്‍ ആകുകയാണ്..
എന്നു പറഞ്ഞിട്ട് ഞാന്‍ വാങ്ങിക്കൊടുത്ത പുടവയും ഉടുത്തുകൊണ്ട് അവള്‍ മറ്റൊരാളുടെ ജീവിതത്തിലേക്ക് നടന്നുകയറി !!
ഞാന്‍ ആ ഹതഭാഗ്യന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു..
അവളെ ഒരു മാലാഖയെപ്പോലെ നോക്കിയ എന്നെ സ്‌നേഹിക്കാത്ത അവള്‍ നിന്നെയെങ്കിലും ആത്മാര്‍ത്ഥമായി സ്‌നേഹിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു..
പ്രാക്ടിക്കല്‍ ആയി ചിന്തിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ നിങ്ങളുടെ രണ്ടാളുടെയും ലൈഫില്‍ ഉണ്ടാകരുതെ എന്നും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു..!!
നിന്റെ വാക്കുകള്‍ എനിക്കൊരു ഊര്‍ജ്ജമാണ് തന്നത് മോളേ..
നല്ല നട്ടെല്ലുള്ള ആണ്‍പിള്ളേര്‍ക്ക് ഒരു കാല്‍ തന്നെ ധാരാളമാണ് മുത്തേ..
രണ്ടു കാലില്‍ നിന്നതിനെക്കാള്‍ സ്‌ട്രോങ് ആണ് ഇപ്പോഴത്തെ ഞാന്‍...
ഇനി എന്റെ ഓരോ വിജയങ്ങളും നീ കണ്ണ് തുറന്ന് കണ്ടോളൂ..!!
എന്നെ ഉപേക്ഷിച്ചു പോയപ്പോള്‍ ഞാനങ്ങു തകര്‍ന്നു പോകുമെന്ന് നീ കരുതിയല്ലേ..
ഞാന്‍ അധികനാള്‍ ജീവിക്കില്ല എന്നു നീ വിചാരിച്ചിട്ടുണ്ടാകും അല്ലേ..!!
ജീവനെടുക്കാന്‍ വന്ന ക്യാന്‍സറിനെ തോല്‍പ്പിച്ച് ഇങ്ങനെ നെഞ്ചു വിരിച്ചു നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ മരണത്തിനെ പോലും പേടിയില്ലാത്ത മനസ്സ് വാര്‍ത്തെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ നിനക്ക് എന്നെ തകര്‍ക്കാന്‍ പോയിട്ട് ഒന്നു തളര്‍ത്താന്‍ പോലും ആകില്ല..
നിന്നോട് എനിക്കൊന്നേ പറയാനുള്ളൂ പെണ്ണേ..
എന്റെ ഒപ്പം ജീവിക്കാനുള്ള യോഗ്യത നിനക്കില്ല !!
നിന്റത്ര തൊലിവെളുപ്പും ഭംഗിയും ഇല്ലെങ്കിലും മനസ്സ് കൊണ്ട് ദേവിയായ ഒരു കുട്ടി എന്നെങ്കിലും എന്റെ ജീവിതത്തിലേക്കും വരും..
അവളുടെ കാലില്‍ തൊടാനുള്ള യോഗ്യത പോലും നിനക്കില്ല..
എന്നെ തള്ളിപ്പറഞ്ഞ നിന്റെ വായ് കൊണ്ട് എന്നെ നഷ്ടപെടുത്തിയത്തിന് നീ കരയുന്ന ഒരു ദിവസം വരും..
NB : ഒരു പക്ഷെ പ്രണയത്തേക്കാള്‍ ആത്മാര്‍ത്ഥത സൗഹൃദത്തിനാണെന്ന് എന്റെ കൂട്ടുകാരും വേണ്ടപ്പെട്ടവരും എന്നെ പഠിപ്പിച്ചു..
ഇന്ന് ഞാനിങ്ങനെ ജീവനോടെ ചിരിച്ചു നില്‍ക്കുന്നത് ആ സ്‌നേഹം ഒന്നുകൊണ്ടു മാത്രമാണ് !!
ചങ്ക് തന്ന് നമ്മളെ സ്‌നേഹിക്കാന്‍ നമ്മുടെ കൂട്ടുകാര്‍ കൂടെയുണ്ടെങ്കില്‍ എന്ത് ക്യാന്‍സര്‍..
എന്തിന് കാല്...!!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates