തൃശ്ശൂര്‍: ബ്ലാക്ക് ആന്റ് വൈറ്റ് പോര്‍ട്രെയ്റ്റ് ഫോട്ടോകള്‍ കൊണ്ട് ജാതീയതക്കും വംശീയതയ്ക്കും എതിരായ ഒരു പ്രതിരോധം തീര്‍ക്കുകയാണ് ചിത്രകാരനായ പ്രവീണ്‍ ഒഫീലിയ. ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ഒരുക്കിയിട്ടുള്ള 'പോയിന്റ് ബ്ലാക്ക്' എന്ന തന്റെ ഫോട്ടോ പ്രദര്‍ശനം ലോകമെമ്പാടുമുള്ള വംശീയതയ്ക്കും ഇന്ത്യന്‍ സാഹചര്യത്തില്‍ അതിന്റെ ഭാഗമായ ജാതീയതയ്ക്കും എതിരായ പ്രവീണിന്റെ പ്രതിഷേധമാണ്.
സാധാരണ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി രൂപത്തിലും ഭാവത്തിലും രൂക്ഷമായ പ്രതിഷേധം വിളിച്ചുപറയുകയാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രങ്ങള്‍. പോയിന്റ് ബ്ലാക്ക് എന്ന പേര് സൂചിപ്പിക്കുന്നതുപോലെ കറുപ്പിന്റെ കരുത്തിലും പ്രതിഷേധത്തിലും ഫോക്കസ് ചെയ്തവയാണ് പ്രവീണ്‍ പരിചയപ്പെടുത്തുന്ന ഓരോ ചിത്രവും.
'നിറമാണ് ലോകമെമ്പാടും വിവേചനത്തിനുള്ള ഏറ്റവും വലിയ അടയാളമായിരിക്കുന്നത്. ഒരേ മതവും ദേശീയതയും ഭാഷയും ഒക്കെ ആയിരിക്കുമ്പോഴും നിറം ഒരുവനെ മാറ്റിനിര്‍ത്തുന്നു. ഒരാളുടെ നിറം ഇരുണ്ടതാകുന്നതോ ഇരുണ്ടതെന്ന് മറ്റൊരാള്‍ക്കു തോന്നുന്നതോ അയാള്‍ക്ക് പീഡാനുഭവങ്ങളുടെ വലിയൊരു ലോകമൊരുക്കുന്നു', ഈ വിവേചനത്തേയും അതിനെതിരായ പ്രതിഷേധത്തേയും രേഖപ്പെടുത്തുകയാണ് തന്റെ ഛായാചിത്രങ്ങളെന്ന് പ്രവീണ്‍ പറയുന്നു.
തന്റെ ക്യാമറയ്ക്ക് മുന്നില്‍ ഈ സീരിസിന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട ഓരോ വ്യക്തിയുടെയും പ്രതിഷേധം കൂടിയാണിതെന്നും തന്റെ ആശയം വ്യക്തമാക്കി നടത്തിയ പ്രത്യേക ഫോട്ടോഷൂട്ട് നടത്തിയാണ് പ്രദര്‍ശനത്തിലെ പോര്‍ട്രെയ്റ്റുകള്‍ തയ്യാറാക്കിയിട്ടുള്ളതെന്നും പ്രവീണ്‍ പറയുന്നു. വ്യക്തികളെ അവരുടെ സ്വാഭാവികമായ അവസരത്തില്‍ പകര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. വിഷയത്തിന്റെ തീവ്രതക്കനുസരിച്ച് പ്രത്യേക ടോണില്‍ പിന്നീട് പ്രിന്റ് ചെയ്തു-പ്രവീണ്‍ പറഞ്ഞു.
നൂറുകണക്കിന് പോര്‍ട്രെയ്റ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത മുപ്പത് ചിത്രങ്ങളാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ജൂണ്‍ 6 മുതല്‍ ആരംഭിച്ച പ്രദര്‍ശം 13-ാം തിയതിയാണ് അവസാനിക്കുന്നത്. ദുബായ് കേന്ദ്രമാക്കി ഗ്രാഫിക് ഡിസൈനറായി പ്രവര്‍ത്തിക്കുന്ന പ്രവീണ്‍ പട്ടാമ്പി സ്വദേശിയാണ്. വേറിട്ട വ്യക്തിത്വങ്ങളെ അവരുടെ ജീവിതപരിസരങ്ങളില്‍ ചിത്രീകരിക്കുന്ന 'മൈ ലൈഫ്', അടിച്ചമര്‍ത്തപ്പെട്ടവരുടെ ജീവിതത്തിലേക്ക് കണ്ണു തുറക്കുന്ന 'ഒഫീഷ്യലി അണ്‍ ക്ലാസ്സിഫൈഡ്' തുടങ്ങിയ പ്രൊജക്ടുകളം ഇദ്ദേഹത്തിന്റെ പണിപ്പുരയില്‍ ഉണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates