Life

കുഞ്ഞിമക്കളോട് 'അധ്യാപഹയ' സ്വഭാവം കാണിക്കരുത്; അവര്‍ പാടിയും പറഞ്ഞും കൊഞ്ചിയും കണ്ണില്‍ കവിത വിരിച്ചുമൊക്കെ വളരെട്ടേന്നേ...; കുറിപ്പ്

കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ മടിക്കുന്ന അധ്യാപകരെക്കുറിച്ചാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുഞ്ഞു മനസിലെ വേദനകള്‍ വലിയവര്‍ക്ക് എളുപ്പം മനസിലായെന്ന് വരില്ല. സ്‌കൂളില്‍ പോകുന്ന കൊച്ചു കുട്ടികള്‍ക്ക് ചില അധ്യാപകരുടെ നിലപാടുകള്‍ മാനസികമായി ബാധിക്കാറുണ്ട്. വീട്ടിലെത്തുമ്പോള്‍ കുട്ടികള്‍ പരാതിയും പരിഭവവുമൊക്കെ മാതാപിതാക്കളോട് പറയും. കുട്ടികളല്ലേ അത് സ്വാഭാവികമാകും എന്നൊരു ചിന്തയായിരിക്കും പലരിലുമുണ്ടാകുക. 

അത്തരമൊരു അനുഭവം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കിടുകയാണ് ഡോ. ഷിംന അസീസ്. കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ മടിക്കുന്ന അധ്യാപകരെക്കുറിച്ചാണ് ഡോക്ടര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നത്. 

കുറിപ്പിന്റെ പൂര്‍ണ രൂപം

'യുകെജിയിലുള്ള മോളുടെ നോട്ട്ബുക്കില്‍ ടീച്ചര്‍ സ്റ്റാര്‍ ഇടുന്നില്ല ഡോക്ടറെ. അവളൊരേ കരച്ചിലാണ്'. ഇന്‍ബോക്‌സ് സങ്കടം ഇങ്ങനെ തുടങ്ങിയത് കണ്ടപ്പോള്‍ വായിച്ച് തുടങ്ങിയത് കൗതുകത്തോടെയാണ്.

കുഞ്ഞിന് ടീച്ചര്‍ സ്റ്റാര്‍ ഇട്ട് കൊടുത്തില്ല, പ്രോത്‌സാഹിപ്പിക്കുന്നില്ല, എല്‍കെജിയില്‍ നിന്ന് കുഞ്ഞ് ക്ലാസില്‍ വെച്ച് അപ്പിയിടണമെന്ന് പറഞ്ഞിട്ട് സമ്മതിച്ചില്ല. അവളറിയാതെ അത് സംഭവിച്ചപ്പോള്‍ അവള്‍ വല്ലാതെ അപമാനിതയായി, കൂട്ടുകാര്‍ കളിയാക്കി, മോള്‍ വീട്ടില്‍ വന്ന് തേങ്ങിക്കരഞ്ഞു... ചെറിയ കുട്ടികളുടെ ബണ്ണി സ്‌കൗട്ടില്‍ ആ കുഞ്ഞിനെ ചേര്‍ത്തില്ല. 'അവളേക്കാള്‍ സ്മാര്‍ട്ടായ കുട്ടികള്‍ ക്ലാസിലുണ്ട്' എന്ന വിചിത്രന്യായം പറഞ്ഞത്രേ. അവര്‍ അവളെ ഓണം വെക്കേഷനോടെ സ്‌കൂള്‍ മാറ്റുകയാണത്രേ.

ഇത്രയും വായിച്ചപ്പോള്‍ 'ആ മാതാപിതാക്കള്‍ക്ക് എടുക്കാനാവുന്ന വളരെ മികച്ച തീരുമാനം' എന്ന് മനസ്സിലോര്‍ത്തു.

ഇവിടേം രണ്ട് മക്കള്‍ സ്‌കൂളില്‍ പോകുന്നു. ഒരാളുടെ കരച്ചില്‍ സീസണൊക്കെ കഴിഞ്ഞ് എല്‍പി കുട്ടപ്പനാണ്. രണ്ടാമത്തോള്‍ എല്‍ക്കേജീല്‍ നെഞ്ചത്തടീം നിലവീളീം തന്നെ. കാര്യം എന്താന്നറിയോ? പരീക്ഷേം ഹോംവര്‍ക്കും. ടീച്ചര്‍ ചീത്ത പറയും, എഴുതാനുണ്ട്, പരീക്ഷക്ക് പഠിക്കണം എന്നൊക്കെ കുഞ്ഞിവായില്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നാറുണ്ട്. എന്തിനാണ് നമ്മുടെ കെജി കുഞ്ഞുങ്ങള്‍ക്ക് ഈ പറയുന്ന വര്‍ക്കുകളും പരീക്ഷകളും? അവരുടെ ബുദ്ധിയും കഴിവും പരീക്ഷിക്കാനും വിലയിരുത്താനും ഈ ജീവനില്ലാത്ത കടലാസുകള്‍ക്കാകുമെന്ന് കരുതുന്നത് വിത്തിന്റെ നിറവും മണവും ഘനവും നോക്കി അതില്‍ നിന്ന് നാളെയുണ്ടാകാന്‍ പോകുന്ന മരത്തിലെ കായകള്‍ എണ്ണുന്നത് പോലെ ബാലിശമാണ്. ഇവാലുവേറ്റ് ചെയ്യണമെങ്കില്‍ കുട്ടികള്‍ക്ക് ഏറ്റവും ചുരുങ്ങിയത് ഈ സിസ്റ്റം മനസ്സിലാവണ്ടേ?

നാലും അഞ്ചും വയസ്സുമുള്ള പൈതങ്ങളെ പറന്ന് നടക്കേണ്ട പ്രായത്തില്‍ കൊണ്ടാക്കുന്നത് നീറ്റിനും സിവില്‍ സര്‍വ്വീസിനും ട്രെയിന്‍ ചെയ്യിക്കാനാണെന്ന ഭാവം സ്‌കൂളുകള്‍ എന്നോ മാറ്റേണ്ടതുണ്ട്. മുലകുടി മാറിയ പാടെ അവരെ നിങ്ങള്‍ക്ക് തരുന്നത് അതിനല്ല.

ഇവിടെ മോളുടെ കാര്യത്തിലുള്ള സമാധാനം എന്താച്ചാല്‍, സ്വന്തം മക്കളെപ്പോലെ നോക്കുന്ന ടീച്ചര്‍മാരും ആയമാരും ഉണ്ടെന്നുള്ളതാണ്. അത് കൊണ്ട് തന്നെ അവരോട് പരാതി പറയാന്‍ മടിയാണ്. ഇവിടെ ഒന്നിനെ നോക്കാന്‍ മൂക്ക് കൊണ്ട് മലയാളം അക്ഷരമാല മൊത്തം എഴുതുമ്പഴാ സ്‌കൂളിലെ മുപ്പതെണ്ണവുമായി അവര്‍ ! പക്ഷേ, അവളുടെ 'സ്‌കൂള്‍ വിഷമങ്ങള്‍' ശരിക്കും വല്ലാത്ത ആശങ്കയുളവാക്കുന്നുണ്ട്.

ചെറിയ ക്ലാസുകളിലെ ഹോംവര്‍ക്കും പരീക്ഷയും ഇവാല്യുവേഷനും തെറ്റായ രീതിയാണെന്ന് നിസ്സംശയം പറയാം. വലുതായിക്കഴിഞ്ഞുള്ള പരീക്ഷയുടെ സിസ്റ്റമാകട്ടെ മറ്റൊരു ആഗോളദുരന്തവും ! വിദ്യാഭ്യാസത്തെ സ്‌നേഹിക്കാനും കൂട്ടുകാരെ ഉണ്ടാക്കാനുമൊക്കെയാകണം ചെറിയ ക്ലാസുകള്‍. വലുതായാലും, പരീക്ഷയാണ് ലോകമെന്നും ജയിച്ചില്ലേല്‍ എന്തോ അന്താരാഷ്ട്ര പ്രശ്‌നമാണെന്നുമൊക്കെയുള്ള ചിന്താഗതി എന്നോ തൂക്കി കുപ്പതൊട്ടിയില്‍ കളയേണ്ട കാലം അതിക്രമിച്ചു.

കുഞ്ഞിമക്കളോട് 'അധ്യാപഹയ' സ്വഭാവം കാണിക്കാതെ സ്‌കൂളിനെ 'സെക്കന്റ് ഹോം' ആക്കിത്തീര്‍ക്കാത്തിടത്തോളം വിദ്യാഭ്യാസം കൊണ്ട് നമ്മളുദ്ദേശിക്കുന്ന ലക്ഷ്യം ഒരിക്കലും നേടാന്‍ പോകുന്നില്ല. വളരെ ചെറിയൊരു ശതമാനം ടീച്ചര്‍മാരേ ഈ ബോധമില്ലാതെ പെരുമാറൂ എന്നറിയാം. അവരോട് അപേക്ഷിക്കുകയാ...

മീനിനെ ഓടാനും ആനയെ മരം കയറാനും കുരങ്ങിനെ മുട്ടയിടാനും പഠിപ്പിക്കുന്ന വിദ്യാഭ്യാസസമ്പ്യദായത്തിലെ Read-Write-By heart-Vomit on answer sheet കീഴ്‌വഴക്കത്തില്‍ വളരുന്ന കുട്ടികള്‍ക്ക് സമൂഹത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായേക്കില്ല. ഒന്നിന് പിറകെ ഒന്നായി പോകുന്ന ചെമ്മരിയാടിന്‍കൂട്ടമായും അവരെ വളര്‍ത്തേണ്ട. വ്യക്തിത്വമുണ്ടാക്കാനും ജീവിതത്തില്‍ വിജയിക്കാനും സഹായിക്കുന്നില്ലെങ്കില്‍ എന്തിനാണീ കഷ്ടപ്പാടൊക്കെ?

ചിരിക്കാനും ചിന്തിക്കാനും സ്‌നേഹിക്കാനും ആത്മാര്‍ത്ഥതയോടെ പെരുമാറാനും ജീവിതത്തില്‍ അഭിനയിക്കാതിരിക്കാനുമാണ് ആദ്യം പഠിക്കേണ്ടത്. സ്പൂണില്‍ കോരിക്കൊടുത്തത് നന്നായി ഛര്‍ദ്ദിക്കുന്നവരെ മാത്രമായി ഗൗനിക്കരുത്.

കുഞ്ഞിമക്കളെ പഠിപ്പിക്കുന്ന ടീച്ചറല്ല, അതിന്റെ രീതികളുമറിയില്ല. പക്ഷേ, മെഡിക്കല്‍ കോളേജിലെ കുറേ ഡോക്ടര്‍കുഞ്ഞുങ്ങളോട് സദാ ഇടപെടുന്ന ടീച്ചര്‍ എന്ന നിലയില്‍ ഒന്നറിയാം ഇന്‍സ്റ്റന്റ് പഠനം ഒരാള്‍ക്കും ഇഷ്ടമല്ല. ജീവിതം പറഞ്ഞും അനുഭവം പകര്‍ന്നും ചിന്തകള്‍ക്ക് ചിന്തേരിട്ട് കൊടുത്തുമാണ് നല്ല വിദ്യാര്‍ത്ഥികളുണ്ടാകുന്നത്. പുസ്തകങ്ങള്‍ വായിച്ച് വഴക്ക് പറഞ്ഞ് കാപ്‌സ്യൂള്‍ പരുവത്തില്‍ പഠിപ്പിക്കാന്‍ എളുപ്പമാ...

അത് ചെയ്യരുത്. ഞങ്ങളുടെ ഒരാളുടെ പോലും വീട്ടിലെ കുഞ്ഞാവകളോട് ദയവായി ചെയ്യുകയേ അരുത്. അതിനല്ല അവരെ അങ്ങോട്ട് വിടുന്നത്... അവര്‍ പാടിയും പറഞ്ഞും കൊഞ്ചിയും കണ്ണില്‍ കവിത വിരിച്ചുമൊക്കെ വളരെട്ടേന്നേ... ആ കുഞ്ഞിവെളിച്ചം തല്ലിക്കെടുത്തല്ലേ...
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT