പൊതുശൗചാലയം പോലും ഉപയോഗിക്കാന്‍ നിര്‍വാഹമില്ലാതെ പരിഹാസങ്ങളുടെയും അപമാനങ്ങളുടെയും നടുക്കാണ് എന്നും അവള്‍ ജീവിക്കുന്നത്. സ്വന്തം സ്വത്വത്തെ തിരിച്ചറിഞ്ഞാല്‍ അതിന് അര്‍ഹതപ്പെട്ട അംഗീകാരം നേടിയെടുക്കാനുള്ള പ്രയത്‌നമാണ് അവളുടെ പിന്നീടുള്ള ജീവിതം. മനസ്സില്‍ തന്റെയുള്ളിലെ സ്ത്രീത്വത്തെ ഇഷ്ടപ്പെടുമ്പോഴും ആണ്‍ വേഷധാരിയായി പുറംലോകത്തേക്കിറങ്ങാന്‍ അവള്‍ നിര്‍ബന്ധിതയാകുന്നു. ഇന്നും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം വല്ലാതെ അവഗണിക്കപ്പെടുന്നു എന്ന തിരിച്ചറിവാണ് അവര്‍ക്കായി ശബ്ദിക്കുന്ന അല്ലെങ്കില്‍ അവരുടെ ശബ്ദമാകുന്ന 'അവളോടൊപ്പം' എന്ന ഹ്രസ്വചിത്രത്തിലേക്ക് കുക്കു ബാബു എന്ന മാധ്യമപ്രവര്‍ത്തകയെ എത്തിച്ചത്.
ഒരു ട്രാന്‍സ്‌ജെന്‍ഡറടെയും വേശ്യയുടെയും സൗഹൃദത്തിലൂടെയാണ് അവളോടൊപ്പം പുരോഗമിക്കുന്നത്. സുഹൃത്ത് മാതൃത്വത്തിലേക്ക് കടക്കുമ്പോള്‍ അമ്മയാകാനുള്ള ട്രാന്‍സ്‌ജെന്‍ഡറുടെ മനസ്സിലെ അതിതീവ്രമായ ആഗ്രഹമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ജനിതകപരമായി ഒരു കൂഞ്ഞിനെ പ്രസവിക്കാന്‍ കഴിയില്ലെങ്കിലും ഒരു ട്രാന്‍സ്‌ജെന്‍ഡറുടെ മനസ്സിലെ അമ്മയെന്ന അതിതീവ്രമായ വികാരത്തെ ചിത്രത്തില്‍ തുറന്നുകാട്ടുകയാണ്.
'വല്ലാത്തൊരുതരം ഉടല്‍ സംഘര്‍ഷം നേരിടുന്ന വിഭാഗമാണ് അവര്‍. ഒരു സ്ത്രീ എന്നോ അല്ലെങ്കില്‍ പുരുഷനെന്നോ ഉളള സ്വത്വബോധത്തില്‍ ജീവിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇതു രണ്ടും ഇല്ലാത്ത ഒരു വിഭാഗം ആളുകള്‍, അവരുടെ വേദനയും ആത്മസംഘര്‍ഷവുമൊക്കെയാണ് ഈ ഹൃസ്വചിത്രത്തിലൂടെ പറയാന്‍ ഉദ്ദേശിച്ചിരിക്കുന്നത്', അവളോടൊപ്പം എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായിക കുക്കു ബാബു പറയുന്നു.
കുക്കു ബാബു സംവിധാനവും തിരകഥയും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളാണുള്ളത്. ശീതള്‍ ശ്യാം, മഞ്ചു പത്രോസ് എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം വലിയ പ്രതികരണമാണ് നേടികൊണ്ടിരിക്കുന്നത്. മാധ്യമരംഗത്തായതുകൊണ്ടുതന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒരുപാട് പേരെ അടുത്തറിയാമെന്നും അവരുടെ അനുഭവങ്ങളാണ് തന്നെ ഇത്തരത്തിലൊരു വിഷയം മുന്നോട്ടുകൊണ്ടുവരാന്‍ പ്രേരിപ്പിച്ചതെന്നും കുക്കു പറയുന്നു. 'തങ്ങളെ മനുഷ്യരായി അംഗീകരിച്ചാല്‍ മാത്രം മതിയെന്നതാണ് ഇവരുടെ ഏക ആവശ്യം. എന്നാല്‍ നമ്മുടെ സമൂഹം ഇന്നും അതിന് തയ്യാറാകുന്നില്ലെന്നത് വലിയൊരു വസ്തുതയാണ്. അവരുടെ അസ്തിത്വത്തെ അംഗീകരിക്കുകയെന്ന് മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. അവര്‍ ആഗ്രഹിക്കുന്നതരത്തില്‍ വേഷം ധരിച്ച് പുറത്തിറങ്ങിയാല്‍ അവര്‍ക്ക് ലഭിക്കുക പരിഹാസവും അപമാനവുമൊക്കെയാണ്', കുക്കു പറയുന്നു.
അച്ഛനാരെന്നറിയാത്ത കുട്ടിയെ ഗര്‍ഭം ധരിരക്കേണ്ടിവരുന്ന വേശ്യയുടെ അനുഭവങ്ങളിലൂടെ ആണധികാരത്തെ ചോദ്യം ചെയ്യുകയുമാണ് 'അവളോടൊപ്പം'. പുരുഷനാരെന്നറിയാതെ ഗര്‍ഭിണിയായ സ്ത്രീ സമൂഹത്തില്‍ നിന്ന് നേരിടുന്ന അപമാനങ്ങള്‍ ചിത്രത്തെ വികാരഭരിത മുഹൂര്‍ത്തങ്ങളിലേക്ക് എത്തിക്കുന്നു. ചെങ്കല്‍ ചൂളയിലും ശംഖുമുഖത്തുമായി ചിത്രീകരണം പൂര്‍ത്തീകരിച്ച അവളോടൊപ്പത്തിന്റെ ടീസര്‍ ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മഹേഷ് മാധവ് റായും ചിത്രസംയോജനം ചെയ്തിരിക്കുന്നത് അനില്‍ അരിനെല്ലൂരുമാണ്. സംഗീതം സുധീപ് സുബ്രഹ്മണ്യനും പശ്ചാതലസംഗീതം രാജീവ് ആറ്റിങ്ങലുമാണ്.
സിനിമ സ്വപ്‌നം കാണുന്ന കുക്കു അടുത്തതായി മനസ്സില്‍ കരുതിയിരിക്കുന്നത് ഒരു സ്ത്രീപക്ഷ സിനിമയാണ്. അതിനുള്ള തയ്യാറെടുപ്പിലാണ് കുക്കു. തന്റെ ഈ ആഗ്രഹങ്ങളെല്ലാം നിറവേറ്റാന്‍ കഴിയുന്നത് കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണ കൊണ്ടാണെന്ന് കുക്കു പറയുന്നു. അവളോടൊപ്പത്തിന്റെ നിര്‍മാതാവ് മറ്റാരുമല്ല കുക്കുവിന്റെ അമ്മ ഷീല ബാബു തന്നെയാണ്. മത്സരങ്ങള്‍ക്ക് അയക്കേണ്ടതുകൊണ്ട് 'അവളോടൊപ്പം' കാണാന്‍ ഒരല്‍പം കാത്തിരിക്കണം. എങ്കിലും അധികം താമസിക്കാതെ ചിത്രം യൂട്യൂബില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്ന് കുക്കു പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates