മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്ക് അസുഖം വന്നാല്‍ അത് കുടുംബത്തെ ഒന്നടങ്കം കാര്യമായി ബാധിക്കും. ഗുരുതരമായ രോഗമാണെങ്കില്‍ പറയുകയും വേണ്ട. അത്തരത്തില്‍ തന്റെ കുട്ടിക്ക് ബാധിച്ച രോഗവും അനുഭവങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരമ്മയുടെ വാക്കുകള്‍ വേദനയാവുകയാണ്.
അമേരിക്കയിലാണ് സംഭവം. കെയ്റ്റ്‌ലിന്‍ എന്ന ഇരുപത്തിയെട്ടുകാരിയായ അമ്മയാണ് ഫെയ്‌സ്ബുക്കിലൂടെ വേദന പങ്കുവെച്ചത്. കെയ്റ്റ്‌ലിന്റെ 4 വയസുള്ള മകന്‍ ബാഗറ്റിന് ലുക്കീമീയ ആണ്. കീമോതെറാപ്പി നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് മകനില്‍ ക്യാന്‍സര്‍ കണ്ടെത്തിയത്. കീമോതെറാപ്പിയുടെ വേദനിപ്പിക്കുന്ന ദിവസങ്ങളിലെല്ലാം ഒപ്പം കൈപിടിച്ച് അഞ്ചു വയസുകാരി സഹോദരിയുണ്ട്. അവരുടെ സ്‌നേഹവും കെയ്റ്റ്‌ലിന്‍ പോസ്റ്റില്‍ പങ്കുവെയ്ക്കുന്നു.
'ക്യാന്‍സര്‍ എന്ന രോഗത്തെക്കുറിച്ചും ചികില്‍സയെക്കുറിച്ചുമൊക്കെയേ കൂടുതല്‍ ആളുകളും പറഞ്ഞുകേട്ടിട്ടുള്ളൂ. ഈ രോഗം ഒരു കുടുംബത്തെ മുഴുവന്‍ ബാധിക്കുന്നത് എങ്ങനെയെന്ന് അറിയുമോ? വീട്ടിലെ മറ്റു കുട്ടികളെ ബാധിക്കുന്നതെങ്ങനെയെന്ന് അറിയുമോ? അതാണ് എന്റെ മകള്‍ അനുഭവിക്കുന്നത്.'
'അവന്റെ ശരീരത്തിലേക്ക് സൂചികള്‍ കയറ്റുന്നതും മരുന്നുകള്‍ കൊടുക്കുന്നതും അവള്‍ സ്ഥിരം കാണുന്ന കാഴ്ചയാണ്. എന്നാല്‍ എന്താണ് രോഗമെന്ന് അവള്‍ക്ക് അറിയില്ല, എന്തോ അസുഖമുണ്ടെന്നു മാത്രം അവള്‍ക്കറിയാം. കളിചിരികളുമായി നടന്ന കുഞ്ഞനിയന്‍ ഇപ്പോള്‍ മിക്കവാറും ഉറക്കമാണ്. അവന് നടക്കാന്‍ പോലും പരസഹായം വേണ്ട അവസ്ഥയാണ്. എല്ലായിടത്തും മകനോടൊപ്പം മകളെയും കൊണ്ടുപോകാറുണ്ട്.'
'സഹായമനസ്‌കതയും ഒപ്പം നില്‍ക്കേണ്ട ആവശ്യകതയും കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയാണ് ഇത്. ഒരാള്‍ക്ക് അസുഖം വരുമ്പോള്‍ അവരില്‍ നിന്ന് മറ്റുളളവരെ മാറ്റിനിര്‍ത്തേണ്ടതില്ല എന്ന കാര്യം ബോധ്യപ്പെടുത്താനും ഇത് വഴി സാധിക്കും. അവന്‍ ടോയ്‌ലറ്റില്‍ പോകുമ്പോള്‍ കൂടെയുണ്ടാകാറുള്ളത് മകളാണ്. അവന്‍ ഛര്‍ദിക്കുമ്പോള്‍ പുറംവശം തടവി കൊടുക്കുന്നത് അവളാണ്. ഈ ദിവസങ്ങളില്‍ അവര്‍ കൂടുതല്‍ അടുത്തു. എപ്പോഴും അവളവനെ നന്നായി നോക്കുന്നുണ്ട്'- കെയ്റ്റ്‌ലിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates