ശരീരവും ആത്മാവും കൂടിച്ചേരുമ്പോഴാണു മനുഷ്യന്‍ പൂര്‍ണമായും
രൂപപ്പെടുന്നത്. അതിനാല്‍ ശരീരത്തിനും ആത്മാവിനും സന്തുലിതമായ പോഷണം മനുഷ്യ ജീവിതത്തില്‍ അനിവാര്യമാണ്. വ്രതാനുഷ്ഠാനത്തിലൂടെ ആത്മാവിന്റെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്. വിശ്വാസത്തിന് പലര്‍ക്കും പല മാനദണ്ഡങ്ങളായിരിക്കും നല്‍കാനാവുക. ചിലര്‍ക്കത് ദൈവീകമാണെങ്കില്‍ മറ്റു ചിലര്‍ ആത്മീയതയായിരിക്കും വിശ്വാസം. റംസാന്‍ വ്രതാനുഷ്ഠാനത്തെക്കുറിച്ച് ഇതാ
രണ്ട് അമുസ്ലിം അനുഭവങ്ങള്‍.
മനുഷ്യര്‍ ഈ കാലഘട്ടത്തില്‍ ജീവിതത്തില്‍ ഏറ്റവും അനിവാര്യമായ കാര്യങ്ങള്‍ പോലും ഒഴിവാക്കി വ്രതമനുഷ്ഠിക്കുമ്പോള്‍ സ്വാര്‍ത്ഥതയെ കീഴടക്കാനും വൈകാരിക തൃഷ്ണകളെ നിയന്ത്രണ വിധേയമാക്കാനുമുള്ള പരിശീലനം കൂടി നേടുന്നു. എല്ലാത്തിനും അപ്പുറം ഭൗതിക സാമൂഹിക കാര്യങ്ങളിലെ മിതത്വത്തിന്റെയും ലാളിത്യത്തിന്റെയും രൂപകല്‍പ്പനകള്‍ റംസാനോടെ വ്യക്തി ജീവിതത്തിന്റെ ഭാഗമായി മാറണം. ഈ ഒരു മാസം മനുഷ്യന്‍ പൂര്‍ണമായും ആത്മീയതയിലേക്ക് വഴിമാറി സമാധാനം കൈവരിക്കും. വ്രതം അനുഷ്ഠിക്കുന്നതിലൂടെ പട്ടിണിയെന്താണെന്ന് മനസിലാക്കാനും അതിലൂടെ ദുരിതമനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകള്‍ സ്വയം തിരിച്ചറിയാനും സാധിക്കും.
ബാലചന്ദ്രന്‍ വടക്കേടത്ത്
(എഴുത്തുകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍)
നോമ്പെടുക്കുന്നതിലൂടെ കൈവരിക്കുന്ന ആത്മീയ ശാരീരിക നേട്ടങ്ങള്‍ ചെറുതല്ല. വ്രതാനുഷ്ഠാന കാലഘട്ടത്തില്‍ കാപട്യമില്ലാത്ത ഒരു ആത്മീയത കൈവരും.
രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്ഷണം കഴിക്കാതെ ഒരര്‍ത്ഥത്തില്‍ സ്വന്തം ശരീരത്തെത്തന്നെ പീഡിപ്പിക്കുകയാണ്. ജീവിത സമരമാണിത്. ലൗകിക ജീവിതത്തില്‍ ഒരാള്‍ക്കുണ്ടാകുന്ന എല്ലാതരം അഹങ്കാരങ്ങളും എടുത്തു കളയുകയാണ് വ്രതത്തിലൂടെ. മനുഷ്യനും ദൈവവും ഏതാണ്ട് തുല്യമാണെന്ന് ഇതിലൂടെ തെളിയിക്കാനാവും.
ജീവിതത്തില്‍ എന്തെങ്കിലും പ്രതിസന്ധികളുണ്ടാകുമ്പോള്‍ അഞ്ച് മിനിറ്റ് കണ്ണടച്ചിരുന്ന് ധ്യാനിച്ചാല്‍ മതി. ആ ധ്യാനത്തിന്റെ ശക്തി പ്രാര്‍ത്ഥനയ്ക്കുമുണ്ട്. ഏകാഗ്രതയോടുകൂടി പ്രാര്‍ത്ഥിക്കുന്നതിലൂടെ മനുഷ്യന്‍ ക്ഷമയും ഏകാഗ്രതയും കൈവരിക്കുന്നു അതു തന്നെയാണ് നിസ്‌കരിക്കുമ്പോഴും കൈവരുന്നത്. ഒരു വര്‍ഷം കൊണ്ട് മനുഷ്യന്‍ ചെയ്ത നല്ലതും ചീത്തയുമായ കാര്യങ്ങളെപ്പറ്റി പുനര്‍ചിന്തനം നടത്താനും സ്വയം കണ്ടെത്താനുമുള്ള അവസരമായി ഇതിനെ കാണാം.
മറ്റുള്ളവര്‍ അടിച്ചേല്‍പ്പിക്കുന്നതല്ല സ്വയം തെരഞ്ഞെടുക്കേണ്ടതാണ് ഭക്ഷണം. ആത്മീയ സ്വാതന്ത്ര്യത്തിനൊപ്പം തന്നെ ഭക്ഷണ സ്വാതന്ത്ര്യവും അനിവാര്യമാണ്.
ടിഎന്‍ പ്രതാപന്‍
(തൃശൂര്‍ ഡിസിസി പ്രസിഡന്റ്)
നോമ്പെടുക്കുന്ന സുഹൃത്തക്കളുടെ സാഹോദര്യമാണ് കുട്ടിക്കാലം മുതല്‍ നോമ്പെടുക്കുന്നതിലേക്ക് അടുപ്പിച്ചത്. കൂട്ടുകാര്‍ പകല്‍ മുഴുവന്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ ഇരിക്കുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ കഴിയില്ല എന്ന ചിന്തയില്‍ നോമ്പെടുത്ത് തുടങ്ങിയതാണ്. തുടങ്ങിയിട്ട് ഇപ്പോള്‍ ഓരോ നോമ്പുകാലത്തേയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അനിസ്ലാമായ താന്‍ മാനസികവും ശാരീരികവുമായ റിഫ്രഷ്‌മെന്റിനുവേണ്ടിയാണ് നോമ്പെടുക്കുന്നത്.
സഹിക്കാനും ക്ഷമിക്കാനും ചിന്തിക്കാനും വളരെ രസകരമായി കഴിയുന്നതിനോടൊപ്പം ശരീരത്തിനെ സ്ഫുടം ചെയ്‌തെടുക്കാന്‍ മഹത്തായ നോമ്പുകാലത്തിലൂടെ കഴിയുന്നുണ്ട്. ഒരിക്കല്‍ നിയമസഭയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊണ്ട വരണ്ടുപോയി, സംസാരിക്കാനാവാതായി. എന്നിട്ടുപോലും നോമ്പ് മുറിച്ചില്ല.
ആര് എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ട അവകാശം കഴിക്കുന്ന വ്യക്തിക്ക് മാത്രമാണ്. ഒരിക്കലും ഭരണകൂടമല്ല ഇത് തീരുമാനിക്കേണ്ടത്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിയമലംഘനം നടത്തിയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത്. അതുകൊണ്ട് നമ്മുടെ ഭക്ഷണസ്വാതന്ത്ര്യം തുടങ്ങിയ അവസ്ഥകളിലെല്ലാം നിയമം കാണിച്ച് കൈവെക്കാന്‍ വന്നാല്‍ ഏത് ഭരണകൂടമാണെങ്കിലും അനുവദിച്ച് കൊടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് അലങ്കാര മത്സ്യത്തെ വില്‍ക്കാനും പ്രദര്‍ശിപ്പിക്കാനും പറ്റില്ലെന്ന് പറഞ്ഞവര്‍ നാളെ കടലില്‍ നിന്ന് മീന്‍ പിടിക്കാന്‍ പാടില്ലെന്ന് പറയും. ഇതിനോടൊന്നും പൊരുത്തപ്പെടാന്‍ ഒരിക്കലും സാധിക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates