ഒരല്പം വെള്ളം കുടിക്കാനാണെങ്കില്‍ പോലും പ്ലാസ്റ്റിക് കൊണ്ടുള്ള ഉത്പന്നങ്ങളില്ലാതെ നമുക്ക് പറ്റില്ലെന്നായി. പ്ലാസ്റ്റിക് കുപ്പികള്‍, ഗ്ലാസുകള്‍, സ്‌ട്രോകള്‍ എന്നിങ്ങനെ ഒരൊറ്റ തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന ഡിസ്‌പോണ്‍സിബിള്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ലോകത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ 40ശതമാനവും ഇത്തരക്കാരാണെന്നാണ് കണക്കുകള്‍. ഓരോ വര്‍ഷവും വലിച്ചെറിയപ്പെടുന്ന 88ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സമൂദ്രത്തില്‍ ചെന്നടിയുന്നത്. മൃഗങ്ങളുടെ ജീവന്‍ എടുക്കുന്നതും, വെള്ളം മലിനമാക്കുന്നതും, മനുഷ്യ ജീവന് ഭീഷണിയാകുന്നതുമെല്ലാം എന്താണെന്ന് അന്വേഷിച്ച് അധിക ഗവേഷണങ്ങള്‍ നടത്തേണ്ട ആവശ്യമില്ല, താത്കാലിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് നമ്മള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് കണ്ണെത്തിച്ചാല്‍ മതി. കണക്കുകള്‍ ഭയപ്പെടുത്തുന്നതാണെങ്കിലും, ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ ചെറിയ ഇടപെടലുകള്‍ മാത്രമാണ് ആവശ്യം. സര്‍ക്കാരും സംഘടനകളും ഒന്നും നേതൃത്വം നല്‍കാനില്ലെങ്കിലും വളരെ ലളിതമായ തീരുമാനങ്ങളിലൂടെ സ്വയം മാറ്റം വരുത്താം.
വലിച്ചുകുടിച്ചു വലിച്ചെറിയണ്ട
ഒരു ദിവസം അമേരിക്കയില്‍ ഉപയോഗിക്കുന്നത് 50കോടി പ്ലാസ്റ്റിക് സ്‌ട്രോകളാണെന്നാണ് കണക്കുകള്‍. ലഭ്യമായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ അമേരിക്കയുടേതാണെങ്കിലും നമ്മളും ഒട്ടും മോശമാകില്ല. പാശ്ചാത്യസംസ്‌കാരം ഒപ്പിയെടുക്കുന്നതിനൊപ്പം നമ്മുടെയൊക്കെ വീടുകളിലേക്ക് കടന്നുവന്നതാണ് സ്‌ട്രോ സംസ്‌കാരവും. ഇത്തരം രീതികള്‍ പാടെ ഉപേക്ഷിക്കണമെന്നല്ല മറിച്ച് വീണ്ടും ഉപയോഗിക്കാവുന്ന സ്‌ട്രോകള്‍ ശീലമാക്കാം. പുറത്തുപോയി ആഹാരം കഴിക്കുമ്പോഴും ഇത് കൈയ്യിലെടുക്കാന്‍ മറക്കണ്ട.
കപ്പുവേണ്ട കോണ്‍മതി
ഐസ്‌ക്രീമിന്റെ സ്വാദ് ആസ്വദിക്കണമെങ്കില്‍ കപ്പില്‍ കഴിക്കണമെന്നില്ല. പ്ലാസ്റ്റിക് കപ്പും സ്പൂണും വേണ്ടെന്നുവച്ച് കോണ്‍ വാങ്ങാന്‍ ഉറപ്പിച്ചാല്‍ അതും പുതിയ മാറ്റമാകും. കുട്ടികല്‍ വഴി ഐസ്‌ക്രീം ഷോപ്പ് ഉടമയ്ക്കും ചെറിയ ഉപദേശം നല്‍കാവുന്നതാണ്. ഒരാളുടെയെങ്കിലും ജീവിതത്തില്‍ മാറ്റം വരുത്താന്‍ നമ്മുടെ കൈപിടിച്ചു നടക്കുന്ന പിഞ്ചോമനയ്ക്ക് ഒരുപക്ഷെ സാധിച്ചേക്കാം.
പിറന്നാളിന് വേണോ പ്ലാസ്റ്റിക് സമ്മാനങ്ങള്‍?
അങ്ങിങ്ങും വലിച്ചെറിഞ്ഞ് തകര്‍ക്കപ്പെടുന്ന ഒന്നോ രണ്ടോ ദിവസം മാത്രം ആയുസ്സുള്ള കളികോപ്പുകളും അലങ്കാരങ്ങളും പൊന്നോമനയ്ക്ക് സമ്മാനിക്കണോ? പലപ്പോഴും പിറന്നാള്‍ ആഘോഷങ്ങള്‍ക്കും മറ്റും സമ്മാനമായി എത്തുന്ന ഗുഡ്ഡി ബാഗില്‍ അടങ്ങിയിട്ടുണ്ടാകുക ഇത്തരം പ്ലാസ്റ്റിക് സമ്മാനങ്ങളായിരിക്കും. ആഘോഷങ്ങള്‍ക്കു ശേഷം മലപോലെ അടിഞ്ഞു കൂടുന്ന ഈ അനാവശ്യം സാധനങ്ങളെ പടിക്ക് പുറത്തു നിര്‍ത്തിയിട്ട് പരിസ്ഥിതി സൗഹൃദ സമ്മാനങ്ങള്‍ കൂടെകൂട്ടാവുന്നതാണ്.
ഷോപ്പിംഗിനിറങ്ങുമ്പോള്‍ ഇതൊന്ന് ഓര്‍ത്തോളൂ
ഓണ്‍ലൈനായി സാധനങ്ങല്‍ വാങ്ങുമ്പോഴും കടയില്‍ പോയി ഷോപ്പിംഗ് നടത്തി മടങ്ങിയെത്തുമ്പോഴും കൈയ്യില്‍ നിറയുന്നത് പ്ലാസ്റ്റിക് കവറുകളുടെ വലിയ സേഖരമായിരിക്കും. ഇവയെ പാടെ ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും പുനരുപയോഗം സാധ്യമാകുന്ന ഒന്നാണ് പ്ലാസ്റ്റിക് കവറുകള്‍. ഒരിക്കല്‍ ഉപയോഗിച്ചെന്നു കരുതി വലിച്ചെറിയണ്ട, അടുത്ത തവണ ഷോപ്പിംഗിന് ഇറങ്ങുന്നതിന് മുമ്പ് ഇവ കൈയ്യില്‍ കരുതാന്‍ മറക്കാതിരുന്നാല്‍ മതി.
ലഞ്ച് ബോക്‌സിന് പ്ലാസ്റ്റിക് ഉടുപ്പ് വേണ്ടേ വേണ്ട
സ്‌കൂള്‍ തുറന്നതോടെ കുട്ടികള്‍ക്കുള്ള സ്‌നാക് ബോക്‌സും ലഞ്ച് ബോക്‌സും തയ്യാറാക്കാനുള്ള പരക്കപാച്ചിലിലാണ് അമ്മമാര്‍. പക്ഷെ ഈ പരക്കംപാച്ചിലിനൊടുവില്‍ ഭക്ഷണം ബാഗിലാക്കുമ്പോള്‍ അത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു വേണ്ട. തുണികൊണ്ടുള്ള ടര്‍ക്കിയില്‍ പാത്രങ്ങള്‍ ബാഗില്‍ കയറ്റാം. ലഘുഭക്ഷണമായി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് വരുന്ന ബിസ്‌കറ്റുകള്‍ക്കും റോളുകള്‍ക്കും പകരം പഴങ്ങള്‍ തിരഞ്ഞെടുക്കുന്നതും നല്ലതാണ്.
പന്തുതട്ടി കടലിലേക്ക് വിടണ്ട
ബീച്ചില്‍ വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ ഇറങ്ങുമ്പോള്‍ കൈയ്യിലൊരു ബോളോ പ്ലാസ്റ്റിക് പാത്രമോ ഒക്കെ കരുതുന്നത് പതിവാണ്. ഉല്ലാസത്തിനായി കൂടെ കൂട്ടുന്നതില്‍ കുഴപ്പമില്ല പക്ഷെ ഇവ കടലെടുത്തു പോകാതിരിക്കാന്‍ പ്രത്യേക കരുതല്‍ നല്‍കാം. ബോളിനെ തിരമാലകള്‍ എടുത്തുകൊണ്ടുപോകുന്ന കാഴ്ച വളരെ രസകരമാണെങ്കിലും ഇതിന്റെ അനന്തരഫലം അത്ര രസകരമായിരിക്കില്ല എന്നത് മറക്കണ്ട. അതുകൊണ്ടുതന്നെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഒപ്പം കൂട്ടുന്ന ഇവയെ തിരികെ വരുമ്പോഴും കൈയ്യിലെടുക്കാന്‍ മറക്കണ്ട.
തരത്തിരിക്കാം പ്ലാസ്റ്റിക്കിനെ
പുനചംക്രമണം സാധ്യമാകുന്ന പ്ലാസ്റ്റിക്കിനെ തിരിച്ചറിയുന്നതും നല്ലതാണ്. വീടിനടുത്തുള്ള റീസൈക്ലിങ് പ്ലാന്റില്‍ എന്തെല്ലാം പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാണ് ഇത്തരത്തില്‍ പുനചംക്രമണം ചെയ്‌തെടുക്കാന്‍ കഴിയുന്നത് എന്ന് അറിഞ്ഞിരിക്കാം. ബോട്ടിലുകളും ചെടിചട്ടികളുമൊക്കെ ഇക്കൂട്ടത്തില്‍ പെടുന്നവയാണ്. വീടിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെ ഇതനുസരിച്ച് തരംതിരിച്ച് നിക്ഷേപിക്കുന്നതാണ് ഉചിതം.
ബാഗും കുടയും മാത്രമല്ല വാട്ടര്‍ ബോട്ടിലും ഒന്നുമതി
ഇടയ്ക്കിടെ വെള്ളകുപ്പി മാറ്റുന്ന ശീലം കുട്ടികളില്‍ നിന്ന് മാറ്റാം. സ്‌കൂള്‍ തുറക്കുമ്പോള്‍ ബാഗും കുടയും വാങ്ങി നല്‍കി സൂക്ഷിച്ചുപയോഗിക്കാന്‍ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നതിനൊപ്പം വെള്ളകുപ്പിയും ഇത്തരത്തില്‍ ഉപയോഗിക്കാന്‍ ശീലിപ്പിക്കാം. ഇതുപോലെതന്നെ പാത്രങ്ങള്‍ കഴുകാന്‍ പ്ലാസ്റ്റിക് ബോട്ടിലില്‍ വരുന്ന ലിക്വിഡ് സോപ്പിന് പകരം ബാര്‍ സോപ്പ് ഉപയോഗിക്കുന്നതും ചെറിയ വലിയ മാറ്റമാണ് ഉണ്ടാക്കുക.
അടിക്കടി വാങ്ങണ്ട ഒന്നിച്ചു വാങ്ങാം
പോപ്‌കോണ്‍ മുതല്‍ പയര്‍വര്‍ഗ്ഗങ്ങള്‍ വരെ പ്ലാസ്റ്റിക് കവറുകളിലും പാത്രങ്ങളിലും പൊതിഞ്ഞാണ് ലഭിക്കുന്നത്. കടയിലിരിക്കുന്ന സാധനങ്ങളെ മാറ്റാന്‍ കഴിയില്ലെങ്കിലും ഇവയില്‍ എത്രയെണ്ണം വീട്ടിലേക്കെത്തികണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയും. അടിക്കടി ചെറിയ ടിന്നുകളിലും കവറുകളിലും സാധനങ്ങള്‍ വാങ്ങുന്നതിനു പകരം ഒന്നിച്ചു വാങ്ങുകയാണെങ്കില്‍ ഒരുപരിധിവരെ ഇത്തരം അനാവശ്യ പ്ലാസ്റ്റിക്കുകളെ ഒഴിവാക്കാവുന്നതാണ്. സാധനങ്ങളെല്ലാം കവറിലാക്കുമ്പോള്‍ മുമ്പുവാങ്ങിയ കവര്‍ കൈയ്യില്‍ കരുതിയിട്ടുള്ളത് മറക്കണ്ട. സാധനങ്ങള്‍ ഇട്ടുവരുന്ന പ്ലാസ്റ്റിക് പാത്രങ്ങളും പാടെ ഉപേക്ഷിക്കാന്‍ നില്‍ക്കേണ്ട ഇവയെ ഫലപ്രദമായി ഉപയോഗിക്കാനുള്ളവഴികള്‍ നിങ്ങള്‍ക്ക് കണ്ടെത്താവുന്നതാണ്.
തൂക്കിനോക്കാം ചുറ്റുമുള്ള മാലിന്യത്തെ
വീടിനകം മാത്രമല്ല പ്ലാസ്റ്റിക്കിന്റെ വാസകേന്ദ്രം. വാതില്‍ തുറന്നൊന്നു പുറത്തേക്ക് കണ്ണോടിച്ചാലും കാണാം ഇവയുടെ അതിപ്രസരം. ഒഴിവുദിനത്തില്‍ കുട്ടികളെയും കൂട്ടി പരസരമൊന്നു ശുദ്ധികലശം നടത്തുന്നതും അത്ര ഭാരപ്പെട്ടതല്ലാത്ത ഉദ്യമമാണ്. സുന്ദരമായ പരിസരം സൃഷ്ടിക്കാം എന്നതിനപ്പുറം നിങ്ങള്‍ ശേഖരിച്ച മാലിന്യങ്ങള്‍ ഒന്ന് തൂക്കി നോക്കി ഈ അളവ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ ഇവ ഇല്ലാതാക്കാനുള്ള ഫലപ്രദമായ നടപടികള്‍ എടുക്കാന്‍ നിങ്ങളുടെ നീക്കം സഹായിക്കും.
പരിസ്ഥിതി ദിനത്തിന് അതിഥേയത്വം വഹിക്കാന്‍ മാത്രമല്ല പുതിയ മാറ്റങ്ങളുടെ തുടക്കമിടാനും നമ്മുടെ രാജ്യത്തിന് കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates