മുംബൈ: വിവാഹിതയെങ്കിലും ഒരിക്കൽപോലും ലൈംഗികബന്ധത്തിൽ ഏർപ്പെടാത്ത യുവതി അമ്മയായി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ സ്വദേശി രേവതി ബോർഡാവെകർ എന്ന 30 കാരിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. മനുഷ്യസ്പർശം ഏറ്റാൽ ലൈംഗിക അവയവം ചുരുങ്ങിപ്പോകുന്ന രോഗമുള്ള യുവതിയുടെ പ്രസവം ലോക മാധ്യമങ്ങളും അമ്പരപ്പോടെയാണ് റിപ്പോർട്ട് ചെയ്തത്.
മനുഷ്യസ്പർശമേറ്റാൽ ലൈംഗിക അവയവം ചുരുങ്ങിപ്പോകുന്ന വജൈനിസ്മസ് എന്ന രോഗമായിരുന്നു രേവതിയെ അലട്ടിയിരുന്നത്. ഇതോടെ വിവാഹിതയായെങ്കിലും ഒരിക്കൽ പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ രേവതിക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ മാസമാണ് യുവതി ഇവ എന്ന പെൺകുഞ്ഞിന് ജന്മം നൽകിയത്. ഐവിഎഫ് എന്ന നൂതന ചികിൽസാ മാർഗത്തിലൂടെയായിരുന്നു യുവതി ഗർഭം ധരിച്ചത്.
22-ാം വയസ്സിലായിരുന്നു രേവതി തന്റെ അസുഖം ആദ്യം അറിയുന്നത്. എങ്കിലും ഭാവിയിൽ ശരിയാകുമെന്ന് വിചാരിച്ചു. 25-ാം വയസ്സിലായിരുന്നു രേവതിയുടെ വിവാഹം. ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട ചിൻമയിയുമായുള്ള സൗഹൃദം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. ആദ്യരാത്രിയിൽ തന്നെ രേവതി തന്റെ പ്രശ്നം ഭർത്താവിനെ അറിയിച്ചു. ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആകില്ലെന്ന് അറിഞ്ഞപ്പോൾ ക്ഷമയോടെ കേട്ട ഭർത്താവ്, പരസ്പരം അറിയാൻ ഏറെ സമയമെടുക്കാമെന്ന് നിർദ്ദേശിച്ചുവെന്നും രേവതി പറയുന്നു.
2018ൽ ആദ്യം ഐവിഎഫിന് ശ്രമിക്കുന്നതിന് മുമ്പ് ഭർത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ രേവതി ശ്രമിച്ചുവെങ്കിലും അതും വിജയിച്ചിരുന്നില്ല. തുടർന്ന് ഐവിഎഫ് ശ്രമങ്ങൾ തുടർന്നു. ഒടുവിൽ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞുപോയി. ഗർഭിണിയായതോടെ സാധാരണ പ്രസവത്തിനായി പരിശ്രമം. അതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. ഒടുവിൽ സാധാരണ രീതിയിൽ ഇവ എന്ന പെൺകുഞ്ഞിനെ പ്രസവിക്കാനായെന്നും രേവതി ബോർഡാവെകർ പറഞ്ഞു.
ഐവിഎഫിലൂടെയാണ് ഗർഭിണിയായതെങ്കിലും സ്വാഭാവികമായി പ്രസവിക്കാൻ സാധിച്ചതിനാൽ തനിക്ക് ഇനി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates