Alappuzha General Hospital 
Alappuzha

ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ വാക്കേറ്റം; അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറി, നടപടി ഉടൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ രോഗിയുടെ മുന്നിൽവെച്ച് ഡോക്ടർമാർ പരസ്പരം വാക്കേറ്റവും അസഭ്യവർഷവും നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ സർക്കാർ നടപടി ഉടൻ ഉണ്ടായേക്കും. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറി. ആരോഗ്യമന്ത്രി റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സർജൻ ഡോ ബിമൽ സുദേവ്, സീനിയർ അനസ്തേഷ്യസ്റ്റ് വി ശ്രീകുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് സാധ്യതയുള്ളത്. ഗുരുതരമായ ചട്ടലംഘനം നടന്നതായാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ഉൾപ്പെടെ 22 പേരുടെ മൊഴികളാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.എം.ഒ. റിപ്പോർട്ട് തയ്യാറാക്കിയത്. രോഗിയുടെ ജീവന് നിർണ്ണായകമായ ശസ്ത്രക്രിയ നടക്കേണ്ട ഓപ്പറേഷൻ തിയേറ്ററിൽ ഇത്തരം പെരുമാറ്റമുണ്ടായത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

തർക്കത്തിന് പിന്നിൽ അനസ്തേഷ്യ നൽകുന്നതിലെ ഭിന്നത

ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ചില ശസ്ത്രക്രിയകൾ അനസ്തേഷ്യ വിഭാഗത്തിന്റെ നിസ്സഹകരണം മൂലം മാറ്റിവെക്കേണ്ടി വന്നതായും ഇതേച്ചൊല്ലി ഡോക്ടർമാർ തമ്മിൽ തർക്കമുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് ഏറെ വൈകിയാണ് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയത്. ഒരു ഡോക്ടർക്കെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിരുന്നതായും, ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളെയും ശസ്ത്രക്രിയകളുടെ നടത്തിപ്പിനെയും ബാധിക്കുന്ന തരത്തിൽ ഡോക്ടർമാർ തമ്മിലുള്ള തർക്കം തുടരുന്നതായും ആക്ഷേപമുണ്ട്.

സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ് ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. ആശുപത്രി സൂപ്രണ്ടിനോട് അടിയന്തര റിപ്പോർട്ട് തേടിയതായും നഗരസഭാ കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിച്ചതായും അധികൃതർ വ്യക്തമാക്കിയിരുന്നു. രോഗികളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ട ഓപ്പറേഷൻ തിയേറ്റർ പോലുള്ള ഇടങ്ങളിൽ ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്നും നഗരസഭ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പിന് ലഭിച്ചതോടെ ആരോഗ്യമന്ത്രിയുടെ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക നടപടികളുണ്ടാകും.

The District Medical Officer (DMO) has submitted an inquiry report to the Kerala Health Department regarding an altercation and use of abusive language between two doctors inside the operation theatre of Alappuzha General Hospital in front of a patient, paving the way for imminent disciplinary action.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധനരാജ് വധക്കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; മറ്റുള്ളവരെ വെറുതെ വിട്ടു

കുടിവെള്ളം സുരക്ഷിതമെന്ന് ബിസ്‌ലേരി; വിവാദം 2025ല്‍ ഉത്പാദിപ്പിച്ച ബാച്ചുമായി ബന്ധപ്പെട്ടെന്നും കമ്പനി

കോഴിക്കോട് എയർപോർട്ടിൽ അപ്രന്റീസ്ഷിപ്പ് ഒഴിവുകൾ; ഡിഗ്രി, എഞ്ചിനീയറിങ് യോഗ്യത; അവസാന തീയതി നവംബർ 25

KPSC: ആരോഗ്യവകുപ്പിൽ ഇ സി ജി ടെക്നീഷ്യൻ ഒഴിവുകൾ; ശമ്പളം 60,700 രൂപ വരെ

പോപ്‌കോണിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി തർക്കം; കോഴിക്കോട് ബീച്ചിൽ കൂട്ടത്തല്ല്, പിടിച്ചുമാറ്റാനെത്തിയ രണ്ട് പൊലീസുകാർക്കും മർദ്ദനം