ആലപ്പുഴ: മൊബൈൽ ഫോണുകളിലും വീടിനുള്ളിലും മാത്രം ഒതുങ്ങിപ്പോകുന്ന ഇന്നത്തെ കുട്ടികളെ പ്രകൃതിയിലേക്ക് തിരികെ കൊണ്ടുവരാൻ സ്വന്തം ഭൂമിയിൽ മനോഹരമായ കളിയിടമൊരുക്കി വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി വി. രാജുവിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഈ പച്ചത്തുരുത്ത് ഇന്ന് പ്രദേശത്തെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ്.
മാവിൽ കല്ലെറിഞ്ഞ് മാങ്ങ പറിക്കാം, ചൂണ്ടയിട്ട് മീൻ പിടിക്കാം, വെള്ളത്തിൽ നീന്തിക്കളിക്കാം, ഊഞ്ഞാലാടാം - കുട്ടിക്കാലത്തിന്റെ നഷ്ടപ്പെട്ടുപോകുന്ന മധുരമുള്ള ഓർമകൾ സമ്മാനിക്കുന്ന ഈ ഇടത്തേക്ക് രാവിലെയും വൈകുന്നേരവും കുട്ടികൾ കൂട്ടമായി എത്തുന്നുണ്ട്. കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാവുന്ന ഈ കളിയിടം അവരുടെ രക്ഷിതാക്കൾക്കും വലിയൊരു ആശ്വാസമാണ്. 31 വർഷത്തെ പൊലീസ് സേവനത്തിനുശേഷം 2024-ൽ സബ് ഇൻസ്പെക്ടറായി വിരമിച്ച രാജു, തന്റെ ഒന്നര ഏക്കറോളം വരുന്ന കുടുംബഭൂമിയാണ് കുട്ടികൾക്കായി തുറന്നുകൊടുത്തത്. ഭാര്യ മഞ്ജുവിന്റെയും കുടുംബാംഗങ്ങളുടെയും പൂർണ്ണ പിന്തുണയോടെയാണ് അദ്ദേഹം ഈ മാതൃകാപരമായ സംരംഭം യാഥാർത്ഥ്യമാക്കിയത്.
വീടിനടുത്തുള്ള അര കിലോമീറ്റർ റോഡരികിലെ മാലിന്യം നീക്കം ചെയ്ത് പൂച്ചെടികൾ നട്ടുപിടിപ്പിച്ചുകൊണ്ടായിരുന്നു രാജുവിന്റെ തുടക്കം. കോവിഡിനു ശേഷം കുട്ടികൾ വീടിനുള്ളിലും മൊബൈൽ ഫോണുകളിലും കൂടുതൽ സമയം ചെലവഴിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്വന്തം ഭൂമിയിൽ കുട്ടികൾക്കായി പ്രകൃതി ഇണങ്ങിയ കളിയിടം ഒരുക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഇതിനായി തന്റെ പെൻഷൻ തുകയിൽനിന്ന് ഏകദേശം മൂന്ന് ലക്ഷം രൂപയാണ് രാജു ചെലവഴിച്ചത്.
വിവിധതരം ഊഞ്ഞാലുകൾ, മങ്കി ബാർ, 20 അടി ഉയരമുള്ള കയർ ഗോവണി എന്നിവയാണ് കളിയിടത്തിലെ പ്രധാന ആകർഷണങ്ങൾ. പഴയ സ്കൂട്ടറിന്റെയും സൈക്കിളിന്റെയും ഭാഗങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച സീ-സോയും പുനരുപയോഗ വസ്തുക്കൾകൊണ്ട് ഒരുക്കിയ ഇരിപ്പിടങ്ങളും ഇവിടെയുണ്ട്. ഉപയോഗശൂന്യമായ വസ്തുക്കളെ എങ്ങനെ പ്രയോജനപ്രദമാക്കാമെന്നും രാജു കുട്ടികൾക്ക് ഇതിലൂടെ കാണിച്ചുകൊടുക്കുന്നു. കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ആകർഷണങ്ങളിലൊന്നാണ് വൈവിധ്യമാർന്ന മാവുകളും മാമ്പഴക്കാലവും. ചെറിയ മരക്കഷണങ്ങൾ എറിഞ്ഞ് മാങ്ങ പറിക്കുന്ന വിദ്യ രാജു കുട്ടികൾക്ക് പറഞ്ഞുകൊടുക്കും. പറിച്ചെടുക്കുന്ന മാങ്ങ ഉപ്പും മുളകുപൊടിയും ചേർത്ത് അവിടെവെച്ചുതന്നെ കഴിക്കാനുള്ള സൗകര്യവുമുണ്ട്.
കളിയിടത്തോട് ചേർന്ന് ആമ്പലുകൾ നിറഞ്ഞ കുളവും സമീപത്തുകൂടി ഒഴുകുന്ന അരുവിയുമുണ്ട്. കുട്ടികൾക്ക് കായാക്കിങ് നടത്താനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധതരം ഔഷധച്ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചിരിക്കുന്ന ഈ പരിസരം കുട്ടികൾക്ക് പ്രകൃതിയെ തൊട്ടറിഞ്ഞ് വളരാനുള്ള മികച്ച അവസരമാണ് നൽകുന്നത്. വേനൽക്കാലത്ത് കുട്ടികൾക്ക് ഉല്ലാസത്തിനൊപ്പം ചൂടിൽ നിന്ന് ആശ്വാസം നൽകാൻ പത്ത് മീറ്റർ ഉയരമുള്ള തെങ്ങിൽ പത്ത് സ്പ്രിംഗ്ലറുകളും സ്ഥാപിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരവും അരമണിക്കൂർ വീതം പ്രവർത്തിക്കുന്ന ഈ സ്പ്രിംഗ്ലറുകളിൽ നനഞ്ഞുകളിക്കുന്ന കുട്ടികൾക്ക് കൃത്രിമ മഴയുടെ സുഖാഭുവവും ലഭിക്കുന്നു.
എല്ലാ ദിവസവും കുട്ടികൾക്കായി തുറന്നിട്ടിരിക്കുന്ന ഈ കളിയിടം കുട്ടികളുടെ സന്തോഷത്തിനും മാനസിക-ശാരീരിക ആരോഗ്യത്തിനും പ്രകൃതിയുമായുള്ള ബന്ധം എത്രത്തോളം അനിവാര്യമാണെന്ന വലിയ സന്ദേശമാണ് നൽകുന്നത്. നഷ്ടപ്പെട്ടുപോകുന്ന ബാല്യത്തെ വീണ്ടെടുക്കാനുള്ള ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ ഈ ഹൃദയസ്പർശിയായ ശ്രമം ഇതിനോടകം തന്നെ നാടിന്റെ മുഴുവൻ പ്രശംസയും പിടിച്ചുപറ്റിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates