KSRTC Bus Stops Service Midway 
Alappuzha

ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത വിദ്യാർഥിനിയെ രാത്രി ആലപ്പുഴയിൽ ഇറക്കിവിട്ടു; കെഎസ്ആർടിസിക്കെതിരെ പരാതി

ബദൽ യാത്രാസൗകര്യം ഒരുക്കിയില്ലെന്ന് ആരോപണം; രണ്ട് മണിക്കൂറോളം ബസ് സ്റ്റാൻഡിൽ കാത്തുനിന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ആലപ്പുഴ: എറണാകുളത്തുനിന്ന് ഹരിപ്പാട്ടേക്ക് യാത്ര ചെയ്യാൻ കെഎസ്ആർടിസി ബസിൽ ടിക്കറ്റെടുത്ത ബികോം ഒന്നാം വർഷ വിദ്യാർഥിനിയെ രാത്രി ആലപ്പുഴയിൽ ഇറക്കിവിട്ടതായി പരാതി. നവംബർ ഏഴിന് രാത്രി 8.30-ഓടെ RPC 332 നമ്പറിലുള്ള ബസിലാണ് സംഭവം. സർവീസ് ആലപ്പുഴയിൽ അവസാനിപ്പിച്ച ജീവനക്കാർ വിദ്യാർഥിനിക്ക് ഹരിപ്പാട്ടേക്ക് പോകാൻ ബദൽ യാത്രാസൗകര്യം ഒരുക്കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത് യാത്ര തിരിച്ച വിദ്യാർഥിനി ആലപ്പുഴയിലെത്തിയപ്പോഴാണ് സർവീസ് ഇവിടെ അവസാനിപ്പിക്കുകയാണെന്നും തുടർയാത്ര സാധ്യമല്ലെന്നും ജീവനക്കാർ അറിയിച്ചത്. തുടർന്ന് യാത്രക്കാരെ ഇറക്കിവിട്ട് ജീവനക്കാർ മടങ്ങുകയായിരുന്നു. രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന വിദ്യാർഥിനിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ബദൽ സംവിധാനം ഒരുക്കാൻ പോലും ജീവനക്കാർ തയ്യാറായില്ലെന്നാണ് കുടുംബം പറയുന്നത്.

സംഭവത്തെക്കുറിച്ച് ആലപ്പുഴ കെഎസ്ആർടിസി. ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം പരാതി നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പരാതി സ്വീകരിച്ചില്ലെന്നും അടുത്ത ദിവസം രാവിലെ പത്തുമണിക്ക് എത്തിയാൽ പരാതി സ്വീകരിക്കാമെന്നായിരുന്നു മറുപടിയെന്നും കുടുംബം ആരോപിക്കുന്നു.

ഏകദേശം രണ്ട് മണിക്കൂറോളം ആലപ്പുഴ ബസ് സ്റ്റാൻഡിൽ കാത്തുനിന്ന പന്തളം സ്വദേശിയായ വിദ്യാർഥിനിയുടെ മാതാപിതാക്കൾ ഒടുവിൽ സ്ഥലത്തെത്തി. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷമാണ് വിദ്യാർഥിനിയെ സുരക്ഷിതമായി വീട്ടിലേക്ക് കൊണ്ടുപോയത്.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊതുപ്രവർത്തകൻ ബസ് ചേർത്തല ഡിപ്പോയിലേതാണെന്ന് കണ്ടെത്തി അവിടുത്തെ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ബസ് ഡിപ്പോയിൽ തിരിച്ചെത്തിയെന്നും റോഡിലെ ഗതാഗതക്കുരുക്ക് കാരണം സർവീസ് ആലപ്പുഴയിൽ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നുവെന്നുമാണ് ചേർത്തല ഡിപ്പോയിലെ ഉദ്യോഗസ്ഥർ ആദ്യം നൽകിയ വിശദീകരണം. എന്നാൽ വിദ്യാർഥിനിയെ രാത്രിയിൽ ആലപ്പുഴയിൽ ഇറക്കിവിട്ട സംഭവത്തിലെ ഉത്തരവാദിത്വക്കുറവ് ചൂണ്ടിക്കാട്ടിയതോടെ ബസിന് തകരാർ സംഭവിച്ചതിനാലാണ് സർവീസ് അവസാനിപ്പിച്ചതെന്ന നിലപാടിലേക്ക് ആലപ്പുഴയിലെ സ്റ്റേഷൻ മാസ്റ്റർ മാറിയതായും ആരോപണമുണ്ട്.

സർവീസ് അവസാനിപ്പിച്ചതിന് റോഡിലെ ഗതാഗതക്കുരുക്കാണോ അതോ ബസിന്റെ തകരാറാണോ കാരണമെന്ന കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വ്യത്യസ്ത വിശദീകരണങ്ങൾ ലഭിച്ചതും വിവാദമായിട്ടുണ്ട്. ഈ പൊരുത്തക്കേടിൽ വ്യക്തത വരുത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

ഹരിപ്പാട്ടേക്കുള്ള ടിക്കറ്റ് തുക ഈടാക്കിയ ശേഷം ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കുകയും തുടർയാത്രയ്ക്ക് ബദൽ സംവിധാനം ഒരുക്കാതെ ജീവനക്കാർ മടങ്ങുകയും ചെയ്തത് ഗുരുതരമായ ഉത്തരവാദിത്വവീഴ്ചയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ജീവനക്കാരുടെ സൗകര്യത്തിനനുസരിച്ച് സർവീസ് അവസാനിപ്പിക്കുന്ന രീതിയാണോ ഉണ്ടായതെന്ന ചോദ്യവും ഉയരുന്നുണ്ട്.

രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കേണ്ട പൊതുഗതാഗത സംവിധാനത്തിൽ ഇത്തരം വീഴ്ചകൾ അംഗീകരിക്കാനാവില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും യാത്രാതടസ്സവും മാനസിക ബുദ്ധിമുട്ടും നേരിട്ട വിദ്യാർത്ഥിനിക്കും കുടുംബത്തിനും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വനിതാ-ശിശു വികസന വകുപ്പ്, യുവജന വകുപ്പ്, ഗതാഗത വകുപ്പ് എന്നിവിടങ്ങളിലും ആലപ്പുഴ പൊലീസിലും കുടുംബം പരാതി നൽകിയിട്ടുണ്ട്. ഗതാഗത വകുപ്പ് മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം. കെഎസ്ആർടിസി സർവീസ് ചട്ടങ്ങൾ പാലിച്ചാണോ യാത്ര അവസാനിപ്പിച്ചതെന്നും യാത്രക്കാരുടെ സുരക്ഷയും തുടർയാത്രയും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നോ എന്നും അധികൃതർ വ്യക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ച് രൂപ, 24 പൈസയുടെ നേട്ടം, എണ്ണവില നൂറ് ഡോളറില്‍ താഴെ തന്നെ; റിവേഴ്‌സിട്ട് ഓഹരി വിപണി, സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞു

യുദ്ധം നിര്‍ത്തും? ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഷി ജിന്‍പിങ്ങും പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്

താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണം

വാഴക്കുലയ്ക്കുള്ളില്‍ എംഡിഎംഎ കടത്ത്; ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

'എന്റെ ഭാര്യയെ ചതിച്ചു', 'ചൈനീസ് ചാര' വനിതയുമായി ബന്ധം സമ്മതിച്ച് എന്‍വിഡിയ മേധാവി; കണ്ടെത്തിയത് അമേരിക്കന്‍ ഇന്റലിജന്‍സ്