Kochi Private Bus 200 Challans 
Ernakulam

200 ട്രാഫിക് നിയമലംഘനങ്ങൾ, ഒടുവിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം; കൊച്ചിയിൽ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ പൊലീസ്

നിരന്തരം നിയമം ലംഘിച്ചിട്ടും നടപടിയെടുക്കാത്തതിൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റിനെതിരെ പ്രതിഷേധം

Author : ജോസ് കെ ജോസഫ്

കൊച്ചി: നഗരറോഡുകളിൽ നിയമലംഘനങ്ങൾ പതിവാക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ അധികൃതർ കണ്ണടയ്ക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. ടൗൺഹാളിന് സമീപം വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസിന് 200-ഓളം ട്രാഫിക് ഇ-ചലാനുകൾ കുടിശ്ശികയുണ്ടെന്ന് കണ്ടെത്തി. ഇത്രയധികം നിയമലംഘനങ്ങൾ വരുത്തിയിട്ടും യാതൊരു തടസ്സവുമില്ലാതെ സർവീസ് നടത്താൻ ബസിന് എങ്ങനെ സാധിച്ചുവെന്ന ചോദ്യമാണ് ശക്തമാകുന്നത്.ഓഗസ്റ്റ് 28-നാണ് കേസിനാസ്പദമായ സംഭവം. ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിക്കുന്ന വിധത്തിൽ അമിതവേഗത്തിലെത്തിയ ബസ് ജീവനക്കാരെ ചോദ്യം ചെയ്തതിനാണ് 56-കാരനായ ഡ്രൈവറെ മൂന്ന് ബസ് ജീവനക്കാർ ചേർന്ന് റോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്.

മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുക്കുകയും മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് ബസ് കസ്റ്റഡിയിലെടുത്ത് രേഖകൾ പരിശോധിച്ചപ്പോഴാണ് അമിതവേഗം, സിഗ്നൽ തെറ്റിക്കൽ, അപകടകരമായ ഓവർടേക്കിംഗ് ഉൾപ്പെടെ 200-ഓളം ചലാനുകളിൽ പിഴയടയ്ക്കാതെ ഈ വാഹനം കൊച്ചി നഗരത്തിലൂടെ സർവീസ് നടത്തിയിരുന്നതായി വ്യക്തമായത്. ബസിന്റെ രേഖകൾ പൊലീസ് കോടതിയിൽ ഹാജരാക്കി. വാഹനം നിരന്തരം നിയമലംഘനം നടത്തുന്നതായി ബോധ്യപ്പെട്ടതിനാൽ ബസിന്റെ റൂട്ട് പെർമിറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിന് പൊലീസ് കത്ത് നൽകിയിട്ടുണ്ട്.

കൊച്ചി നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അക്രമ സംഭവങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് 21-ന് എറണാകുളം നോർത്തിന് സമീപം തർക്കത്തെ തുടർന്ന് മൂന്ന് സ്ത്രീകളടക്കം അഞ്ച് യാത്രക്കാരെ മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചിരുന്നു. തുടർന്ന് ഈ കേസിലും മൂന്ന് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം അക്രമങ്ങൾ പെരുകിയതോടെ ഓഗസ്റ്റ് 23-ന് പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ 39 റെയ്ഡുകളിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 22 കേസുകളും അബ്കാരി നിയമപ്രകാരം ഏഴ് കേസുകളും രജിസ്റ്റർ ചെയ്യുകയും ആറ് ബസുകൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. സമയക്രമം പാലിക്കാനുള്ള മത്സരപ്പാച്ചിലാണ് അമിതവേഗത്തിനും അപകടകരമായ ഓവർടേക്കിംഗിനും കാരണമാകുന്നതെന്ന് ബസ് ജീവനക്കാർ വാദിക്കുമ്പോൾ, കാൽനടയാത്രക്കാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും ജീവന് ഇവർ പുല്ലുവിലയാണ് നൽകുന്നതെന്നാണ് ഉയരുന്ന പരാതി. ഇടയ്ക്കിടെ നടത്തുന്ന റെയ്ഡുകൾക്കപ്പുറം, സ്ഥിരമായി നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും അടിയന്തരമായി റദ്ദാക്കണമെന്നാണ് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യം. അടുത്തൊരു അക്രമമോ ജീവനപകടമോ ഉണ്ടാകുന്നതുവരെ കാത്തുനിൽക്കാതെ ട്രാഫിക് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

The efficacy of Kochi's traffic enforcement apparatus has come under severe scrutiny after a private bus involved in a violent road-rage assault on an autorickshaw driver was revealed to have around 200 pending challans for chronic traffic violation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിസാറ്റ്–1എയുമായി കുതിച്ചുയർന്ന് ജിഎസ്എൽവി–എഫ്17; വിക്ഷേപണം വിജയം

40 പുത്തൻ വിമാനങ്ങൾക്ക് ഓർഡർ നൽകി മലയാളിയുടെ വിമാനക്കമ്പനി; മുടക്കുന്നത് 9400 കോടി

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 960 രൂപ കൂടി

വാലിൽ ഗുരുതര പരിക്ക്, വേദന തിന്ന് കാട്ടാന ചുറ്റിത്തിരിയുന്നു; രണ്ടാഴ്ചയായിട്ടും തിരിഞ്ഞുനോക്കാതെ വനംവകുപ്പ്

പ്രകൃതിക്ഷോഭ ദുരിതാശ്വാസ പട്ടികയിൽ തിരിമറി നടത്താൻ ശ്രമം; പത്തിയൂർ വില്ലേജ് ഓഫീസ് ഉപരോധിച്ച് സിപിഎമ്മും ദുരിതബാധിതരും