ഇടുക്കി: കൊടും ചൂടിൽ ചുട്ടുപഴുത്ത സിന്തറ്റിക് ട്രാക്കിൽ നഗ്നപാദരായി ഓടേണ്ടി വന്ന സ്കൂൾ വിദ്യാർഥികളുടെ കാൽപ്പാദങ്ങളിൽ സാരമായി പൊള്ളലേറ്റു. അടിമാലി ഉപജില്ലാ സ്കൂൾ കായികമേളയ്ക്കിടെയാണ് അധികൃതരുടെ അനാസ്ഥയെത്തുടർന്ന് വിദ്യാർഥികൾ ദുരിതത്തിലായത്. നെടുങ്കണ്ടം സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിലാണ് സ്പൈക്ക് ഷൂ പോലും ധരിക്കാതെ ട്രാക്കിലിറങ്ങിയ നിരവധി കുട്ടികളുടെ കാൽപ്പാദങ്ങൾ പൊള്ളിപ്പഴുത്തത്.
വിദ്യാർഥികൾക്ക് സിന്തറ്റിക് ട്രാക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് അടിമാലി ഉപജില്ലയിൽ നിന്ന് വേദി മാറ്റി കിലോമീറ്ററുകൾ അകലെയുള്ള നെടുങ്കണ്ടം സ്റ്റേഡിയത്തിലേക്ക് മത്സരങ്ങൾ മാറ്റിയത്. എന്നാൽ സിന്തറ്റിക് ട്രാക്കിൽ മുൻപ് മത്സരിച്ച് പരിചയമില്ലാത്ത ഗ്രാമീണ മേഖലകളിൽ നിന്നുള്ള കുട്ടികൾക്ക് യാതൊരുവിധ മുൻകൂർ പരിശീലനവും സംഘാടകർ നൽകിയിരുന്നില്ല. ട്രാക്കിലിറങ്ങുമ്പോൾ പ്രത്യേകതരം സ്പൈക്ക് ഷൂ നിർബന്ധമായും ധരിക്കണമെന്ന അടിസ്ഥാന നിർദ്ദേശം പോലും കുട്ടികൾക്കോ അധ്യാപകർക്കോ നൽകിയില്ല.
പല കുട്ടികളും ചെരിപ്പ് ധരിച്ചാണ് സ്റ്റേഡിയത്തിലെത്തിയത്. മത്സരത്തിന് ഇറങ്ങുമ്പോൾ ചെരിപ്പുകൾ അഴിച്ചുവെച്ചതോടെ മിക്ക കുട്ടികൾക്കും ചുട്ടുപഴുത്ത സിന്തറ്റിക് ട്രാക്കിൽ നഗ്നപാദരായി ഓടേണ്ടിവന്നു. ചൂടായ ട്രാക്കിൽ ഓടിയ കുട്ടികളുടെ പാദങ്ങൾ പൊള്ളിത്തോലുരിയുകയും കുമിളകൾ രൂപപ്പെടുകയും ചെയ്തു. വേദന സഹിക്കാനാവാതെയും കടുത്ത ചൂടും ക്ഷീണവും മൂലവും പല കുട്ടികളും ട്രാക്കിൽത്തന്നെ കുഴഞ്ഞുവീണു. നഗ്നപാദരായി ഓടേണ്ടി വന്നത് കുട്ടികളുടെ കായിക പ്രകടനത്തെയും സാരമായി ബാധിച്ചു.
ഇത്രയേറെ കുട്ടികൾ പങ്കെടുക്കുന്ന കായിക മേളയായിരുന്നിട്ടും പ്രാഥമിക ശുശ്രൂഷ നൽകാൻ മെഡിക്കൽ സംഘത്തെയോ സ്ട്രെച്ചറോ ആംബുലൻസോ പോലും ഗ്രൗണ്ടിൽ സജ്ജീകരിച്ചിരുന്നില്ലെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പരിക്കേറ്റ കുട്ടികൾക്ക് സഹപാഠികളും രക്ഷിതാക്കളും ചേർന്ന് വെള്ളമൊഴിച്ചും ഐസ് വെച്ചും ശുശ്രൂഷ നൽകേണ്ട ദുരവസ്ഥയാണുണ്ടായത്. അതേസമയം, സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസും മുൻപ് മേള നടത്താൻ തീരുമാനിച്ചിരുന്ന സ്കൂൾ അധികൃതരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് കുട്ടികൾക്ക് സ്റ്റേഡിയം മുൻകൂട്ടി കണ്ട് പരിചയപ്പെടാൻ പോലും അവസരം നൽകാതെ ഒറ്റയടിക്ക് വേദി നെടുങ്കണ്ടത്തേക്ക് മാറ്റാൻ ഇടയാക്കിയതെന്നും ആരോപണമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates