MUNNAR REP PIC093121.JPG
Center-Center-Kochiഇടുക്കി: വന്യമൃഗശല്യവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം ചിന്നക്കനാൽ 301 കോളനിയിൽ പ്രതിസന്ധിയിലായ കുടുംബങ്ങളുടെ ഭൂമിയിൽ ജില്ലാ ഭരണകൂടത്തിന്റെ നിർണായക ഇടപെടൽ. ഭൂമി ലഭിച്ചിട്ടും കൃഷിയിറക്കുകയോ താമസം ആരംഭിക്കുകയോ ചെയ്യാത്ത കുടുംബങ്ങൾ ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ പട്ടയം റദ്ദാക്കുന്നത് പരിഗണിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
2002-ലാണ് ചിന്നക്കനാൽ 301-ൽ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി അനുവദിച്ചത്. എന്നാൽ പട്ടയം ലഭ്യമായവരിൽ നാമമാത്ര ആളുകൾ മാത്രമാണ് നിലവിൽ ഇവിടെ താമസിക്കുന്നത്. ഭൂമിയുടെ അവകാശം ലഭിച്ചിട്ടും സുരക്ഷിതമായി താമസിക്കാനോ കൃഷി ചെയ്ത് ഉപജീവനം കണ്ടെത്താനോ കഴിയാത്തത് ആളുകൾ ഇവിടെ നിന്നും മാറുന്നതിന് ഇടയാക്കി. വർഷങ്ങളായി തുടരുന്ന ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണാനാണ് ഇപ്പോൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സമഗ്ര പദ്ധതി ഒരുക്കുന്നത്
ചിന്നക്കനാൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ നേരത്തെ സംഘടിപ്പിച്ച ഊരുകൂട്ടത്തിൽ പ്രദേശവാസികൾ ഉന്നയിച്ച പരാതികളും ആവശ്യങ്ങളും യോഗം വിശദമായി വിലയിരുത്തി.
പ്രധാന തീരുമാനങ്ങൾ:
രണ്ട് മാസത്തെ സമയപരിധി: പട്ടയം ലഭിച്ചിട്ടും ഭൂമിയിൽ കൃഷിയിറക്കുകയോ താമസം ആരംഭിക്കുകയോ ചെയ്യാത്ത കുടുംബങ്ങൾക്ക് രണ്ടു മാസത്തെ സമയപരിധിയാണ് നൽകിയിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ കുടുംബങ്ങൾ ഭൂമിയിൽ തിരിച്ചെത്തിയില്ലെങ്കിൽ പട്ടയം റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്നും, ഒഴിഞ്ഞുകിടക്കുന്ന ഭൂമി അർഹരായ മറ്റ് കുടുംബങ്ങൾക്ക് കൈമാറുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
വന്യമൃഗശല്യത്തിന് പരിഹാരം: കോളനിയുടെ 18 കിലോമീറ്റർ ചുറ്റളവിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഒരു മാസത്തിനകം തയ്യാറാക്കും. വന്യമൃഗങ്ങളുടെ ഭീഷണി കാരണം ഭൂമിയിൽ കൃഷിയിറക്കാനും താമസിക്കാനും കഴിയാത്ത കുടുംബങ്ങൾക്ക് സുരക്ഷയൊരുക്കുകയാണ് ഇതിലിലൂടെ ലക്ഷ്യമിടുന്നത്.
അടിസ്ഥാന സൗകര്യങ്ങളും ഭവനനിർമാണവും: കുടുംബങ്ങൾക്ക് കൂട്ടമായി വീടുകൾ നിർമിക്കുന്നതിനായി പൊതുആവശ്യങ്ങൾക്കായി മാറ്റിവച്ചിരിക്കുന്ന ഭൂമി പ്രയോജനപ്പെടുത്തും. കോളനിയിൽ റോഡ്, വൈദ്യുതി, ശുദ്ധജലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കാനും യോഗത്തിൽ തീരുമാനമായി.
സാമൂഹിക സൗകര്യങ്ങൾ: പൊതുആവശ്യത്തിനായി നീക്കിവച്ചിരിക്കുന്ന ഭൂമിയിൽ നഴ്സറി, കമ്മ്യൂണിറ്റി ഹാൾ, പ്രൈമറി സ്കൂൾ എന്നിവ സ്ഥാപിക്കുന്നതും പരിഗണിക്കും. ഇത് കോളനിയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക കൂട്ടായ്മകൾക്കും സഹായകരമാകും.
മറ്റ് ആനുകൂല്യങ്ങൾ: പട്ടയ ഭൂമിയുടെ കരം സ്വീകരിക്കുന്നത് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കും. യഥാർഥത്തിൽ ഭൂമി ലഭിക്കാത്ത കുടുംബങ്ങളുടെ പരാതികളിൽ ഒരു മാസത്തിനകം തീരുമാനമെടുക്കും. കോളനിയിലെ കുടുംബങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഓരോ കുടുംബത്തിൽനിന്നും ഓരോ അംഗത്തെ ഉൾപ്പെടുത്തി പ്രാഥമിക സഹകരണ സംഘം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates