കൊച്ചിയിലെ യാത്രാദുരിതം പരിഹരിക്കാൻ 'സ്‌കൈ മെട്രോ'; നിര്‍ദേശവുമായി ഇ ശ്രീധരന്‍

'മട്ടാഞ്ചേരിയില്‍ നിന്ന് സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് 15 മിനിറ്റ്'
The sky metro system in Sharjah cited as model for the proposed Mattancherry-Ernakulam South corridor
The sky metro system in Sharjah cited as model for the proposed Mattancherry-Ernakulam South corridorPhoto / Express
Updated on: 
2 min read

കൊച്ചി: മട്ടാഞ്ചേരിയില്‍നിന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കുള്ള 9 കിലോമീറ്റര്‍ യാത്ര 15 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്‌കൈ മെട്രോ ഇടനാഴി നിര്‍ദേശിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍. തൂങ്ങിക്കിടക്കുന്ന പോഡുകള്‍ ഉപയോഗിക്കുന്ന ഗതാഗത സംവിധാനമാണ് അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നത്. 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി'നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയില്‍ വര്‍ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങളും പരമ്പരാഗത മെട്രോ ശൃംഖല വികസിപ്പിക്കുന്നതിനുള്ള ഉയര്‍ന്ന ചെലവും കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശം. പരമ്പരാഗത എലിവേറ്റഡ് മെട്രോ ലൈനിന് കിലോമീറ്ററിന് 200 കോടി രൂപയിലധികം ചെലവ് വരുമ്പോള്‍, സ്‌കൈ മെട്രോയ്ക്ക് കിലോമീറ്ററിന് 100 കോടി രൂപയില്‍ താഴെ മാത്രമേ ചെലവ് വരൂ എന്ന് ശ്രീധരന്‍ വിലയിരുത്തുന്നു. ഷാര്‍ജയില്‍ അടുത്തിടെ സ്ഥാപിച്ച സംവിധാനം പഠിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കാന്‍ അദ്ദേഹം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനോട് ആവശ്യപ്പെട്ടു.

'കൊച്ചിയിലെ ചിതറിക്കിടക്കുന്ന ജനസംഖ്യയ്ക്ക് വേഗത്തില്‍ മെട്രോ ശൃംഖല വികസിപ്പിക്കേണ്ടതുണ്ട്. ജിഎസ്ടി അടക്കമുള്ള നികുതികള്‍ കാരണം പരമ്പരാഗത മെട്രോകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നു. സര്‍ക്കാര്‍ സബ്സിഡികള്‍ കുറയുകയും നിര്‍മാണ സാമഗ്രികളുടെയും ഭൂമിയുടെയും വില കൂടുകയും ചെയ്യുന്നു. വൈദ്യുതി നിരക്കും ഉയരുകയാണ്' -ശ്രീധരന്‍ ചൂണ്ടിക്കാട്ടി. പരമ്പരാഗത മെട്രോയെ ന്യായീകരിക്കാന്‍ തക്ക യാത്രക്കാരുടെ എണ്ണം ഇല്ലാത്ത റൂട്ടുകളില്‍ ചെലവ് കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഗതാഗത സംവിധാനങ്ങള്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മട്ടാഞ്ചേരി കൊട്ടാരത്തിന് സമീപമുള്ള മന്ത്ര റോഡ് - സാന്റോ ഗോപാലന്‍ റോഡ് ജംക്ഷനില്‍ നിന്നാണ് നിര്‍ദിഷ്ട പാത ആരംഭിക്കുന്നത്. സാന്റോ ഗോപാലന്‍ റോഡിലൂടെ സഞ്ചരിച്ച് പിടി ജേക്കബ് റോഡിലേക്ക് തിരിഞ്ഞ് ഗേറ്റ്വേ ഓഫ് കൊച്ചിന്‍ പാലം കടക്കും. അവിടെനിന്ന് പഴയ എന്‍എച്ച്-47 വഴി വെണ്ടുരുത്തി പാലം കടന്ന് പേരമാനൂരിലേക്ക് എത്തും. തുടര്‍ന്ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനായി ഉണ്ടായിരുന്ന പഴയ റെയില്‍വേ സൈഡിങ് അലൈന്‍മെന്റിലൂടെ റെയില്‍വേ ട്രാക്കിലേക്ക് തിരിഞ്ഞ്, നിലവിലുള്ള റെയില്‍വേ ലൈനിന്റെ പടിഞ്ഞാറുഭാഗത്തുകൂടി എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് നീങ്ങും. രണ്ട് ടെര്‍മിനല്‍ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 9 കിലോമീറ്റര്‍ പാതയില്‍ 10 സ്റ്റേഷനുകളാണ് ഉണ്ടാവുക. താങ്ങുതൂണുകള്‍ 200 മുതല്‍ 300 മീറ്റര്‍ വരെ ഇടവിട്ട് സ്ഥാപിക്കുമ്പോള്‍, കൃത്യമായി ഒരു കിലോമീറ്റര്‍ ഇടവിട്ടാണ് സ്റ്റേഷനുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

E Sreedharan
ഇ ശ്രീധരന്‍(Express Photo)

'മെട്രോ ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി, ഉറപ്പുള്ള സ്റ്റീല്‍ ഗര്‍ഡറുകളില്‍ തൂങ്ങിക്കിടക്കുന്ന യാത്രാ പോഡുകളാണ് ഈ സംവിധാനത്തില്‍ ഉപയോഗിക്കുക. നിര്‍ദ്ദിഷ്ട ഡബിള്‍-റെയില്‍ സംവിധാനത്തില്‍ ഏകദേശം 16 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഓരോ പോഡുകള്‍ക്കും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. അയവുള്ള കേബിളുകള്‍ക്ക് പകരം ഉറപ്പുള്ള ഗര്‍ഡറുകള്‍ ഉപയോഗിക്കുന്നതിനാല്‍ 40 മീറ്റര്‍ വരെ ആരമുള്ള വളവുകളും സാധ്യമാകും' -ശ്രീധരന്‍ വ്യക്തമാക്കി. ഓരോ 15 മിനിറ്റിലും 300 യാത്രക്കാരെ വഹിക്കാന്‍ ഈ പാതയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മണിക്കൂറില്‍ 1,200 യാത്രക്കാരും 10 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു ദിവസത്തില്‍ 12,000 യാത്രക്കാര്‍ക്കും പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

ഷാര്‍ജയില്‍ അടുത്തിടെ സ്ഥാപിച്ച സ്‌കൈ മെട്രോ സംവിധാനം പരിശോധിക്കേണ്ട മാതൃകയായി ശ്രീധരന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരിയും അന്നത്തെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാറും ഈ സംവിധാനം സന്ദര്‍ശിച്ച് പരിശോധിക്കുകയും വളരെയധികം മതിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ സ്‌കൈ മെട്രോ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, എന്തുകൊണ്ട് സമാന സംവിധാനം കൊച്ചിയില്‍ പ്രവര്‍ത്തിച്ചുകൂടാ? നടപ്പിലാക്കിയാല്‍, പരമ്പരാഗത മെട്രോ, വാട്ടര്‍ മെട്രോ, സ്‌കൈ മെട്രോ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മെട്രോ അധിഷ്ഠിത ഗതാഗത സംവിധാനങ്ങള്‍ കൊച്ചിക്ക് ലഭിക്കുമെന്നും ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

The sky metro system in Sharjah cited as model for the proposed Mattancherry-Ernakulam South corridor
കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണം; പാലാരിവട്ടം ഭാഗത്ത് ഗതാഗതം വഴിതിരിച്ചുവിടും
The sky metro system in Sharjah cited as model for the proposed Mattancherry-Ernakulam South corridor
കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്കാരം
The sky metro system in Sharjah cited as model for the proposed Mattancherry-Ernakulam South corridor
ഭരണാനുമതി വന്ന് വർഷങ്ങൾ കഴിഞ്ഞു; ഹൈക്കോടതി ഇടപെട്ടിട്ടും തൃശൂർ-കാഞ്ഞാണി-വാടാനപ്പള്ളി റോഡ് വികസനം അനിശ്ചിതാവസ്ഥയിൽ
Summary

E Sreedharan Proposes 9-km Sky Metro Corridor Connecting Mattancherry to Ernakulam South

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER