ഇടുക്കി: ഇടുക്കിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊളുക്കുമലയിലേക്കുള്ള ജീപ്പ് സഫാരി സർവീസുകൾ പൂർണ്ണമായി നിലച്ചു. ഇരുന്നൂറിലധികം വരുന്ന ജീപ്പ് ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെയാണ് പ്രദേശം പൂർണ്ണമായും സ്തംഭിച്ചത്. ഇതോടെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയിലെ യാത്രാസൗകര്യങ്ങളും ടൂറിസം പ്രവർത്തനങ്ങളും പ്രതിസന്ധിയിലായി.
സമുദ്രനിരപ്പിൽ നിന്ന് 7,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊളുക്കുമല മലനിരകളുടെ മനോഹരമായ കാഴ്ചകൾക്കും തേയിലത്തോട്ടങ്ങൾക്കും സൂര്യോദയ കാഴ്ചകൾക്കും ലോകപ്രശസ്തമാണ്. കേരളത്തിൽ നിന്ന് സൂര്യനെല്ലി വഴിയുള്ള കുത്തനെയുള്ളതും ദുർഘടവുമായ തോട്ടം റോഡിലൂടെ മാത്രമാണ് ഇവിടേക്ക് എത്തിച്ചേരാനാകുക. വ്യൂ പോയിന്റിലേക്ക് സഞ്ചാരികളെ എത്തിക്കാൻ പൂർണ്ണമായും ആശ്രയിക്കുന്നത് ഈ ജീപ്പ് സഫാരികളെയാണ്. പ്രധാന സീസൺ സമയങ്ങളിൽ പ്രതിദിനം രണ്ടായിരത്തിലധികം വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. അതിനാൽ പ്രാദേശിക സമ്പദ്വ്യവസ്ഥയിലും ജീപ്പ് സഫാരികൾ നിർണായക പങ്കാണ് വഹിക്കുന്നത്.
ദേവികുളം സബ് കളക്ടർ, പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, മോട്ടോർ വാഹന വകുപ്പ്, പൊലീസ് എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിലാണ് കൊളുക്കുമലയിൽ ജീപ്പ് സഫാരികൾ സംഘടിപ്പിച്ചുപോരുന്നത്. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന, ഡ്രൈവർമാരുടെ ബ്രീത്ത് അനലൈസർ പരിശോധന, ഓരോ ട്രിപ്പിലും കയറ്റാവുന്ന യാത്രക്കാരുടെ എണ്ണത്തിലുള്ള നിയന്ത്രണം എന്നിവയുൾപ്പെടെയുള്ള കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഇവിടെ നടപ്പിലാക്കിയിരുന്നു. എന്നാൽ, നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഓൺലൈൻ ബുക്കിംഗും ടോക്കൺ സംവിധാനങ്ങളും തങ്ങളുടെ ഉപജീവനത്തെ സാരമായി ബാധിച്ചുവെന്നാണ് ഡ്രൈവർമാരുടെ പരാതി.
സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനൊപ്പം വിനോദസഞ്ചാരികൾക്ക് സേവനം കൂടുതൽ സൗകര്യപ്രദമാക്കാനാണ് ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തിയതെന്ന് ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ സാബു വ്യക്തമാക്കി. ഈ സംവിധാനത്തിന് കീഴിൽ ഇരുന്നൂറിലധികം ജീപ്പുകൾക്ക് റൊട്ടേഷൻ അടിസ്ഥാനത്തിലാണ് ട്രിപ്പുകൾ അനുവദിക്കുന്നത്. എന്നാൽ, ഈ രീതി കാരണം പല വാഹനങ്ങൾക്കും ആവശ്യത്തിന് ഓട്ടം ലഭിക്കുന്നില്ലെന്നും ഇത് വരുമാനത്തെ ബാധിക്കുന്നുവെന്നും ഡ്രൈവർമാർ ആരോപിക്കുന്നു. ഓൺലൈൻ സംവിധാനത്തിനൊപ്പം ഓഫ്ലൈൻ ബുക്കിംഗിനും അനുമതി നൽകണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
ഇതിനുപുറമെ, കൊളുക്കുമലയിലേക്കുള്ള വഴിയിലെ തകർന്ന റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നും ഡ്രൈവർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. സമരം തുടരുന്നതോടെ വിദൂര സ്ഥലങ്ങളിൽ നിന്നെത്തുന്ന നിരവധി വിനോദസഞ്ചാരികളാണ് യാത്ര ചെയ്യാനാകാതെ വഴിയിൽ കുടുങ്ങിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates