Ramakkalmedu Solar Power Plant 
Idukki

16 കോടി മുടക്കി, ഒടുവിൽ കാടുകയറി നശിക്കുന്നു; രാമക്കൽമേട് അക്ഷയ സൗരോർജ വൈദ്യുതി കേന്ദ്രം നോക്കുകുത്തി

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കകം പ്രവർത്തനം നിലച്ചു; രണ്ടാംഘട്ടം അനിശ്ചിതത്വത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: സൗരോർജത്തിൽ നിന്നും കാറ്റിൽ നിന്നും ഒരേസമയം വൈദ്യുതി ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി രാമക്കൽമേട് ആമപ്പാറയിൽ 16 കോടി രൂപ ചെലവിട്ട് സ്ഥാപിച്ച അക്ഷയ ഊർജ സോളാർ പ്ലാന്റ് കാടുകയറി നശിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതിയിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദനം ആരംഭിക്കാൻ സാധിക്കാതെ വന്നതോടെ കോടികളുടെ പൊതുമുതലാണ് നോക്കുകുത്തിയായി കിടക്കുന്നത്.

തുടങ്ങിയത് വലിയ പ്രഖ്യാപനങ്ങളോടെ; ഒടുവിൽ പൂട്ടുവീണു

2018-ലാണ് രാമക്കൽമേടിന് സമീപമുള്ള ആമപ്പാറയിൽ സൗരോർജ പ്ലാന്റിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. ഒരു മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് കൈമാറുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. തുടർന്ന് 2022-ൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. ഉദ്ഘാടന വേളയിൽ ട്രയൽ റണ്ണിന്റെ ഭാഗമായി ഏതാനും ദിവസങ്ങൾ വൈദ്യുതി ഉൽപ്പാദിപ്പിച്ചതൊഴിച്ചാൽ, പിന്നീട് സാങ്കേതിക തകരാറുകളെ തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുകയായിരുന്നു.

അനെർട്ട്, സിഡാക്, കെൽട്രോൺ സംയുക്ത സംരംഭം

അനെർട്ട് , സിഡാക് , കെൽട്രോൺ എന്നീ സർക്കാർ ഏജൻസികളുടെ സംയുക്ത സംരംഭമായാണ് ഈ നൂതന പദ്ധതി വിഭാവനം ചെയ്തത്. സിഡാക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക 'ഗ്രിഡ്-ടൈ ഇൻവെർട്ടർ' സാങ്കേതികവിദ്യയാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. സൗരോർജത്തിൽ നിന്നും കാറ്റിൽ നിന്നും ഒരേസമയം വൈദ്യുതി ഉൽപ്പാദിപ്പിച്ച് നേരിട്ട് പ്രസരണ ലൈനുകളിലേക്ക് കടത്തിവിടുന്ന സംവിധാനമാണിത്.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ നാലേക്കറോളം വരുന്ന സ്ഥലത്ത് സോളാർ പാനലുകൾ സ്ഥാപിക്കുകയും, നെടുങ്കണ്ടം 66 കെ.വി സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി 11 കെ.വി ഫീഡർ ലൈൻ സജ്ജമാക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ സോളാർ പാനലുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഉപകരണങ്ങൾ കാടുകയറിയും തുരുമ്പെടുത്തും നശിക്കുന്ന അവസ്ഥയിലാണ്.

രണ്ടാംഘട്ടം അനിശ്ചിതത്വത്തിൽ; ഇടപെടലുണ്ടാകുമെന്ന് എംഎൽഎ

അനെർട്ടിന് ഇവിടെ 147 ഹെക്ടർ ഭൂമിയുണ്ട്. അക്ഷയ ഊർജ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഈ ഭൂമിയിൽ കൂറ്റൻ കാറ്റാടിപ്പാടം യൂണിറ്റുകൾ സ്ഥാപിച്ച് കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് നൽകാനായിരുന്നു പദ്ധതി. എന്നാൽ ഒന്നാംഘട്ടം തന്നെ വൻ പരാജയമായി മാറിയതോടെ രണ്ടാംഘട്ടത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

സൗരോർജ പ്ലാന്റിലുണ്ടായ സാങ്കേതിക വീഴ്ചകൾ അടിയന്തരമായി പരിഹരിച്ച് വൈദ്യുതി ഉൽപ്പാദനം പുനരാരംഭിച്ച ശേഷം മാത്രമേ രണ്ടാംഘട്ട പ്രവർത്തനങ്ങളിലേക്ക് കടക്കുകയുള്ളൂവെന്ന് ഉടുമ്പൻചോല എം.എൽ.എ സോനാപതി വേണു വ്യക്തമാക്കി. പദ്ധതിക്കായി ചെലവഴിച്ച കോടികൾ പാഴാവാതിരിക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

A high-profile renewable energy initiative in Idukki, the Ramakkalmedu Amappara Akshaya Solar-Wind Power Plant, has turned into a colossal waste of public funds after lying defunct and overrun by wild bushes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യത; നേപ്പാളില്‍ മരണം 400 കടന്നു; 1500 പേരെ കാണാതായി; മുന്നറിയിപ്പ്

ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് എളുപ്പം എത്താം; എമിറേറ്റ്‌സ് റോഡിലെ പുതിഥ ഭാഗം തുറക്കുന്നു

ശബരിമലയില്‍ ഭക്തര്‍ക്കുള്ള ഓണസദ്യ മുടങ്ങി; വിളമ്പിയത് പുലാവ്; മുടങ്ങിയത് 70 വര്‍ഷമായി തുടരുന്ന ഓണസദ്യ

Today's Rashi Phalam August 28 |സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും

രണ്ടാമതും മന്തിച്ചോറ് ചോദിച്ചു; വിദ്യാര്‍ഥികളെ പൊതിരെ തല്ലി ഹോട്ടല്‍ ജീവനക്കാര്‍; പരാതി