Medical Negligence Kothamangalam Hospital 
Idukki

വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച; പ്രവാസിയുടെ ശരീരത്തിൽ ലോഹക്കമ്പി തുന്നിച്ചേർത്തു

ജീവൻ രക്ഷിച്ചത് ആലുവയിലെ അടിയന്തര ശസ്ത്രക്രിയയിലൂടെ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: ശസ്ത്രക്രിയയ്ക്കിടെ പ്രവാസിയുടെ ശരീരത്തിൽ 45 സെന്റിമീറ്റർ നീളമുള്ള ലോഹക്കമ്പി (മെഡിക്കൽ ഗൈഡ് വയർ) തുന്നിച്ചേർത്തതായി പരാതി. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെയാണ് ഇടുക്കി ബൈസൺവാലി സ്വദേശിയായ ഏഴാനിക്കാട്ട് ഷൈജു നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.

അബുദാബിയിൽ ജോലി ചെയ്യുന്ന ഷൈജു കാലിലെ വെരിക്കോസ് വെയിൻ ചികിത്സയ്ക്കായി കഴിഞ്ഞ മെയ് മാസത്തിലാണ് കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഏതാനും ആഴ്ചകൾക്കുള്ളിൽ മുറിവുണങ്ങി സുഖപ്പെടുമെന്ന് ആശുപത്രി അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്ന് ഇയാൾ തിരികെ അബുദാബിയിലെ ജോലിസ്ഥലത്തേക്ക് മടങ്ങി.

മുറിവുണങ്ങിയില്ല; കഠിനമായ വേദനയും അണുബാധയും

വിദേശത്തെത്തി ആഴ്ചകൾ കഴിഞ്ഞിട്ടും കാലിലെ മുറിവ് ഉണങ്ങിയില്ലെന്ന് മാത്രമല്ല, അസഹനീയമായ വേദന അനുഭവപ്പെടാനും തുടങ്ങി. ഈ വിവരം കോതമംഗലത്തെ ആശുപത്രി അധികൃതരെ ഫോണിൽ അറിയിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും മുറിവ് തനിയെ ഉണങ്ങുമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തുടർന്ന് രോഗാവസ്ഥ വഷളാവുകയും കഠിനമായ പനിയും അണുബാധയും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ അബുദാബിയിലെ പ്രാദേശിക ക്ലിനിക്കിൽ വെച്ച് മുറിവ് ഡ്രസ് ചെയ്യുന്നതിനിടെയാണ് മാംസത്തിനുള്ളിൽനിന്ന് നേർത്ത ലോഹക്കമ്പി പുറത്തേക്ക് ഉന്തിനിൽക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പരിഭ്രാന്തനായ യുവാവ് അടിയന്തരമായി ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

കമ്പി നീങ്ങിയത് ഹൃദയത്തിന് തൊട്ടടുത്ത് വരെ

നാട്ടിലെത്തിയ ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈജുവിനെ വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയനാക്കി. എക്സ്-റേ, സ്കാനിംഗ് പരിശോധനകളിലാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം പുറത്തുവന്നത്. കാലിൽ ശസ്ത്രക്രിയയ്ക്കായി ഡോക്ടർമാർ ഉപയോഗിച്ച 45 സെന്റിമീറ്റർ നീളമുള്ള മെഡിക്കൽ ഗൈഡ് വയർ അശ്രദ്ധമായി മുറിച്ചുമാറ്റുകയോ പുറത്തെടുക്കുകയോ ചെയ്യാതെ ഉള്ളിൽവെച്ച് തുന്നിക്കെട്ടുകയായിരുന്നു.

രക്തക്കുഴലുകളിലൂടെയും പേശികളിലൂടെയും ശരീരത്തിനുള്ളിലേക്ക് തെന്നിമാറിയ ഈ ലോഹക്കമ്പി ഹൃദയത്തിന് തൊട്ടടുത്ത് വരെ എത്തിനിൽക്കുന്ന അതീവ അപകടകരമായ അവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ സങ്കീർണ്ണമായ അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് ജീവന് ഭീഷണിയായ ലോഹക്കമ്പി പുറത്തെടുത്തത്.

പൊലീസിൽ പരാതി; നിയമപോരാട്ടത്തിന് ഒരുങ്ങി യുവാവ്

മാസങ്ങളോളം ലോഹക്കമ്പി ശരീരത്തിനുള്ളിലിരുന്നതിനാൽ ഗുരുതരമായ ആന്തരിക അണുബാധയാണ് ഷൈജുവിന് ഉണ്ടായത്. തുടർചികിത്സകൾക്കും വിമാനയാത്രകൾക്കുമായി ലക്ഷക്കണക്കിന് രൂപ നഷ്ടമായെന്ന് മാത്രമല്ല, ശാരീരിക അവശതകൾ കാരണം വിദേശത്തെ ജോലിയും വലിയ പ്രതിസന്ധിയിലായി. ജീവൻ തന്നെ അപകടത്തിലാക്കിയ അനാസ്ഥയ്ക്കെതിരെ ഷൈജു രാജാക്കാട് പൊലീസിൽ പരാതി നൽകി. നഷ്ടപരിഹാരത്തിനും ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാനൊരുങ്ങുകയാണ് ഈ പ്രവാസി യുവാവ്.

In a shocking instance of alleged medical negligence, a 45-centimeter-long surgical metal guide wire was left inside the body of an expatriate following varicose vein surgery at Mar Baselios Hospital in Kothamangalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

'പ്രൈം പോളി'യുടെ തേരോട്ടം; എമ്പുരാനെ വെട്ടി, മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി ബെത്‌ലഹേം

ദീപ്തി ശർമയ്ക്ക് നേട്ടം; വനിതാ ടി20 റാങ്കിങിൽ 2 സ്ഥാനം മെച്ചപ്പെടുത്തി, ഒന്നാം റാങ്ക് വിട്ടുകൊടുക്കാതെ ശ്രീ ചരണി

പ്രസാർ ഭാരതിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഒഴിവുകൾ; കേരളത്തിലും അവസരം !

'അതിന് മുകളിലൊരു വില്ലനെ ഞാൻ സങ്കൽപ്പിക്കുന്നു പോലുമില്ല, ​ഗംഭീര കഥാപാത്രമാണത്'; അച്ഛന്റെ വില്ലൻ കഥാപാത്രത്തെക്കുറിച്ച് ഷോബി