തൊടുപുഴ: ഇടവെട്ടി മയിലാടുംപാറയിൽ അമ്മയെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും നിർണ്ണായക വിവരങ്ങളും പുറത്തുവിട്ട് പൊലീസ്. മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള കവൈരാഗ്യമാണ് മാതാവ് റേച്ചലിനെ മരക്കഷണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ മകൻ ലിജോയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്ന റേച്ചൽ നാട്ടിലുള്ള മകനെ കാണാനായി മാത്രമാണ് കഴിഞ്ഞദിവസം മയിലാടുംപാറയിലെ വീട്ടിലെത്തിയത്. വീട്ടിൽ ലിജോ അമിതമായി മദ്യപിച്ച് ലഹരിയിലാണെന്ന് പരിസരവാസികൾ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, സ്വന്തം മകനെ കാണാനുള്ള തിടുക്കത്തിൽ ഇത് അവഗണിച്ചാണ് റേച്ചൽ വീട്ടിലേക്ക് കയറിയത്. വീട്ടിലെത്തിയ അമ്മയോട് ലിജോ വീണ്ടും മദ്യം വാങ്ങാൻ പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പണം നൽകാൻ റേച്ചൽ കർശനമായി വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്നുണ്ടായ പ്രകോപനത്തിൽ ലിജോ വീടിനുള്ളിലുണ്ടായിരുന്ന തടിക്കഷണം എടുത്ത് റേച്ചലിന്റെ തലയ്ക്ക് അതിശക്തമായി അടിക്കുകയായിരുന്നു. ക്രൂരമായ അടിയേറ്റ് തലയോട്ടി തകർന്ന് രക്തം വാർന്നാണ് റേച്ചൽ സംഭവസ്ഥലത്തുതന്നെ മരിച്ചത്.
അമ്മ മരണപ്പെട്ടു എന്ന വിവരം മനസ്സിലാക്കുന്നതിന് മുൻപ് തന്നെ ലിജോ വീട് പൂട്ടി പുറത്തേക്ക് പോവുകയായിരുന്നു. തുടർന്ന് തൊടുപുഴ ടൗൺ പരിസരത്ത് ആക്രി പെറുക്കി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ പൊലീസ്, പ്രതിക്കെതിരായ പ്രാഥമിക കുറ്റപത്രം കോടതിയിൽ വേഗത്തിൽ സമർപ്പിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates