Savitha_Sajitha 
Kannur

'കൊല്ലാൻ തോന്നിയത് കൊണ്ട് കൊന്നു'; ചോറ്റാനിക്കരയിൽ ഇരട്ട സഹോദരിയെ കൊന്ന കേസിൽ ഞെട്ടിക്കുന്ന മൊഴിയുമായി പ്രതി സജിത

തല ഭിത്തിയിലിടിപ്പിച്ചും മുഖത്ത് വെള്ളമൊഴിച്ചുമാണ് കൊലപാതകം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: ചോറ്റാനിക്കര ദേവീക്ഷേത്ര സത്രത്തിലെ മുറിയിൽ വെച്ച് ഇരട്ട സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശിനി സജിത (45) പൊലീസിന് നൽകിയത് ഞെട്ടിക്കുന്ന കുറ്റസമ്മത മൊഴി. കൂടാളി തലമുണ്ട കുറുവ വീട്ടിൽ സവിതയെ (45) കൊന്നത് താനാണെന്നും, കൊല്ലാൻ തോന്നിയത് കൊണ്ട് മാത്രമാണ് കൊലപാതകം നടത്തിയതെന്നുമാണ് സജിത പൊലീസിനോട് സമ്മതിച്ചത്. തന്നെ അമ്മ (ചോറ്റാനിക്കര ദേവി) വിളിച്ചുകൊണ്ടുപോയതാണെന്നാണ് സജിത പ്രധാനമായും പൊലീസിനോട് പറയുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30-ഓടെയാണ് സഹോദരിയെ മർദ്ദിച്ചും ശ്വാസം മുട്ടിച്ചും സജിത കൊലപ്പെടുത്തിയത്. സവിതയുടെ തല ഭിത്തിയിലിടിപ്പിച്ചതായും മുഖത്ത് വെള്ളം ഒഴിച്ച് ശ്വാസം മുട്ടിച്ചതായും പൊലീസ് വ്യക്തമാക്കുന്നു. ഒരു മുറിയിൽ ഇത്രയധികം കാര്യങ്ങൾ നടന്നിട്ടും, കൂടെയുണ്ടായിരുന്ന സഹോദരൻ സുധീർ കുമാർ (42) ഇതൊന്നും അറിഞ്ഞില്ലെന്നും തൊട്ടടുത്ത കട്ടിലിൽ ഉറക്കത്തിലായിരുന്നുവെന്നുമാണ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇത് പൂർണ്ണമായും വിശ്വസനീയമല്ലെന്ന് പൊലീസ് പറയുന്നു. മുറിയിലെ ചോരപ്പുരണ്ട അടയാളങ്ങൾ നീക്കം ചെയ്ത ശേഷം, ബുധനാഴ്ച രാവിലെ സവിത കട്ടിലിൽ നിന്ന് താഴെ വീണു കിടക്കുകയാണെന്ന് സത്രം ജീവനക്കാരെ അറിയിച്ചത് സുധീർ ആണ്.

കഴിഞ്ഞ ഒന്നര വർഷമായി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു ഇരുവരും. ഒക്ടോബർ 29-നാണ് ഇവർ ചോറ്റാനിക്കരയിൽ എത്തിയത്. മൂന്ന് ദിവസത്തെ ഭജനയ്ക്ക് ശേഷം നവംബർ രണ്ടിന് നാട്ടിലേക്ക് മടങ്ങിയെങ്കിലും, റെയിൽവേ സ്റ്റേഷനിൽ വെച്ച് സവിത അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വീണ്ടും ക്ഷേത്രത്തിൽ തിരിച്ചെത്തുകയായിരുന്നു. മേൽശാന്തിയുടെ നിർദ്ദേശപ്രകാരമാണ് സത്രത്തിൽ വീണ്ടും മുറിയെടുത്തത്.

തുടർന്ന് ബുധനാഴ്ച രാവിലെ സവിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹത്തിൽ മുറിവുകളും കടിയേറ്റ പാടുകളും കണ്ടതിനെ തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സജിത കുറ്റം സമ്മതിച്ചത്. സവിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം പയ്യാമ്പലത്ത് സംസ്കരിച്ചു. പ്രതിയായ സജിതയെ റിമാൻഡ് ചെയ്തിട്ടുണ്ട്. സുധീർ കുമാർ പൊലീസ് നിരീക്ഷണത്തിലാണെങ്കിലും കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Sajitha, arrested for the chilling murder of her twin sister Savitha inside a lodging room at Chottanikkara, has confessed to the crime, claiming to the police that she committed the murder because she felt like it and that an inner voice or 'Amma' led her to do so

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജൂനിയറായ ആ നേതാക്കള്‍ക്ക് സതീശന്‍ വഴങ്ങി, ഞാന്‍ പുറത്തായി: അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്

'ജീവനോടെ വീട്ടില്‍ തിരിച്ചെത്തുമെന്ന് എന്ത് ഗ്യാരണ്ടി?; ഡ്രൈവര്‍മാര്‍ റോഡുകളുടെ ഉടയോന്മാരല്ല'; ബസുകളുടെ മരണപ്പാച്ചിലില്‍ വിമര്‍ശനവുമായി ഹൈക്കോടതി

പച്ചപ്പില്‍ വിരിയും സുഗന്ധം; വനിലയ്ക്ക് വീണ്ടും പ്രിയമേറുന്നു, ക്ഷമയുണ്ടെങ്കില്‍ ലക്ഷങ്ങള്‍ നേടാം

ഓഡിറ്റോറിയം വാടക വർദ്ധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം ; പഴയ നിരക്കായ 5,900 രൂപ തുടരും

'12.50 രൂപക്ക് വൈദ്യുതി നൽകാമെന്ന് ഹിമാചൽ ഉറപ്പ് നൽകിയിട്ടില്ല; ഇല്ലാത്ത കരാർ നിർദേശം പ്രതിപക്ഷ നേതാവിന് എങ്ങിനെ ലഭിച്ചു': മുഖ്യമന്ത്രി