കണ്ണൂർ: കഞ്ചാവ് കേസിൽ പിടികൂടാൻ ചെന്ന പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ അത്താഴക്കുന്ന് കുഞ്ഞിപ്പള്ളി ഓലാട്ടുചാൽ സ്വദേശി മജീഫിനെ (35) ആണ് കൂത്തുപറമ്പ് സി.ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായി പിടികൂടിയത്. കഴിഞ്ഞ മാസം 27-ന് രാത്രി 10 മണിയോടെ 30 കിലോ കഞ്ചാവുമായി മൂന്ന് പേരെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ലഹരിവിരുദ്ധ സ്ക്വാഡും കൂത്തുപറമ്പ് പോലീസും ചേർന്ന് പിടികൂടിയിരുന്നു. കർണാടകയിൽ നിന്ന് കാറിൽ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു വാഹനം സഹിതം പ്രതികൾ പിടിയിലായത്.
പിടിയിലായ സംഘത്തിന്റെ ലഹരി ഇടപാടുകളിലെ പ്രധാന പണമിടപാടുകാരൻ മജീഫാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ സംഭവം നടന്നതോടെ ഇയാൾ ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ഇയാൾ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ ആറ് മണിയോടെ പൊലീസ് വീട് വളഞ്ഞു. പൊലീസിനെ കണ്ടതോടെ പരിഭ്രാന്തനായ മജീഫ് വീട്ടിലെ കിടപ്പുമുറിയുടെ ജനൽച്ചില്ലുകൾ അടിച്ച് തകർത്ത് പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പൊലീസ് സംഘം സാഹസികമായി ഇയാളെ കീഴടക്കുകയായിരുന്നു.കഞ്ചാവ് കേസിന് പുറമെ പൊലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates