

ബാലാതരമായാണ് കുണാല്‍ കേമു സിനിമയിലെത്തുന്നത്. പിന്നീട് നായകനായി. നടനായി കയ്യടി നേടിയത് പോലെ തന്നെ ഇപ്പോഴിതാ സംവിധായകനായും സാന്നിധ്യം അറിയിക്കുകയാണ് കുണാല്‍ കേമു. ആദ്യം സംവിധാനം ചെയ്ത മഡ്ഗാവ് എക്‌സ്പ്രസിന് പിന്നാലെ പുതിയ ചിത്രം വൈബിലും കുണാല്‍ കേമു എന്ന സംവിധായകന്‍ സ്വയം അടയാളപ്പെടുത്തുകയാണ്. ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചും കുണാല്‍ കയ്യടി നേടുന്നുണ്ട്.
കശ്മീരിലായിരുന്നു കുണാല്‍ കേമുവിന്റെ ജനനം. കുണാലിന് ഏഴ് വയസുള്ളപ്പോഴാണ് കുടംബം മുംബൈയിലേക്ക് കുടിയേറുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം കുണാലിന്റെ കുടുംബം ഈയ്യടുത്ത് തങ്ങളുടെ കശ്മീരിലെ വീട് സന്ദര്‍ശിച്ചിരുന്നു. ഇപ്പോഴിതാ കശ്മീരിലെ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
''ഇതൊരു ആറ് വയസുകാരന്റെ കാഴ്ചപ്പാടില്‍ നിന്നുള്ളതാണ്. അങ്ങനെയാണ് ഞാനത് കണ്ടത്. ശ്രീനഗറിനെക്കുറിച്ച് ഒരുപാട് നല്ല കാര്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നുണ്ട്. എന്റെ സ്‌കൂളും കുടുംബത്തോടൊപ്പം ദാല്‍ ലേക്കിലേക്ക് പോകുന്നതും പെഹല്‍ഗാമിലേക്ക് പോകുന്നതുമെല്ലാം. പിന്നെ ഞാന്‍ ഓര്‍ക്കുന്നത് അവര്‍ ടെന്‍ഷനടിച്ച് നടക്കുന്നതാണ്. ആറ് വയസുള്ളപ്പോള്‍ എന്താണ് നടക്കുന്നതൊന്നും നമുക്ക് മനസിലാകില്ലല്ലോ. നമ്മളെ സംരക്ഷിക്കാന്‍ പരമാവധി ശ്രമിക്കുകയാകും അച്ഛനും അമ്മയും. എങ്കിലും ചിലതൊക്കെ നമ്മളും കേള്‍ക്കും'' കുണാല്‍ പറയുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''ഉച്ചത്തിലെന്തെങ്കിലും ശബ്ദം കേട്ടാല്‍ അത് ബോംബ് ആയിരിക്കുമോ അതോ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതാകുമോ എന്നൊരു ആശങ്ക എപ്പോഴുമുണ്ടായിരുന്നു. ഇതിലെല്ലാം ഉപരിയായി ഞാന്‍ ഓര്‍ത്തിരിക്കുന്നൊരു അനുഭവമുണ്ട്. ഞങ്ങള്‍ ഉള്ളില്‍ ഉള്ളപ്പോള്‍ തന്നെ വീടിന്റെ താഴെ ബോംബ് സ്‌ഫോടനമുണ്ടായി. കസിന്റെ കൂടെ ചീട്ട് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് എടുത്തെറിയപ്പെടുന്നത് പോലെ തെറിച്ചു പോയി. ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ല. പുകയും കണ്ണാടി ചില്ലുകളും മാത്രമാണ് കാണാനാകുന്നത്. സിനിമയിലെ രംഗം പോലെ. മുകളിലേക്ക് തെറിച്ചു പോകുന്നതും ഇതെല്ലാം കാണുന്നതും ഞാനിന്നും ഓര്‍ക്കുന്നുണ്ട്. പിന്നെ മൊത്തം ഇരുട്ടായിരുന്നു. കുറേ കഴിഞ്ഞ് കണ്ണ് തുറക്കുന്നത് മാത്രമാണ് പിന്നെയുള്ള ഓര്‍മ'' താരം പറയുന്നു.
''നവാകദലില്‍ ഇടയ്ക്ക് സ്റ്റോണ്‍ പെല്‍റ്റിങ് ഉണ്ടാകും. പിന്നാലെ പട്ടാളം വരും. ഞാനും കസിനും ജനാലയിലൂടെ എല്ലാം നോക്കിയിരിക്കും. പക്ഷെ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലായിരുന്നില്ല'' എന്നും കുണാല്‍ പറയുന്നു. പിന്നാലെ കുണാലും കുടുംബും മുംബൈയിലേക്ക് ജീവിതം പറിച്ചു നടുകയായിരുന്നു. കശ്മീരില്‍ നടന്നതിനെക്കുറിച്ച് താന്‍ ഒരിക്കലും അച്ഛനോടും അമ്മയോടും ചോദിച്ചിരുന്നില്ലെന്നാണ് കുണാല്‍ പറയുന്നത്. അവരെ വിഷമിപ്പിക്കണ്ട എന്നു കരുതിയാണ് ഒന്നും ചോദിക്കാതിരുന്നത്. എങ്കിലും മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കാറുണ്ടായിരുന്നുവെന്നും അങ്ങനെ കുറച്ചൊക്കെ മനസിലാക്കിയിരുന്നുവെന്നും താരം പറയുന്നു.
''ആളുകള്‍ അതേക്കുറിച്ച് സംസാരിക്കുമ്പോള്‍ സങ്കടപ്പെടുന്നത് കാണാറുണ്ടായിരുന്നു. എന്തോ ശരിയല്ലെന്ന് അറിയാം. കുട്ടിയെന്ന നിലയില്‍ അതേക്കുറിച്ചുള്ള ചിന്തകള്‍ ബ്ലോക്ക് ചെയ്യാനാണ് ആഗ്രഹിച്ചത്. അതിനാല്‍ അതേക്കുറിച്ച് ഒരു ചോദ്യവും ചോദിക്കില്ല എന്നൊരു മതില്‍ കെട്ടുകയായിരുന്നു മനസില്‍'' കുണാല്‍ കേമു പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates