പിപി ദിവ്യ 
Kannur

പിപി ദിവ്യക്കെതിരായ അഴിമതി അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്: 12 കോടിയുടെ പദ്ധതി ഫയലുകൾ വിജിലൻസ് പിടിച്ചെടുത്തു

അന്വേഷണം പൊതുമേഖലാ സ്ഥാപനമായ സിൽക്കിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരായ സാമ്പത്തിക അഴിമതി ആരോപണങ്ങളിൽ പിടിമുറുക്കി വിജിലൻസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയ വിജിലൻസ് സംഘം 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകൾ കസ്റ്റഡിയിലെടുത്തു. പൊതുമേഖലാ സ്ഥാപനമായ സിൽക്കിന് (സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്) അനുവദിക്കുകയും, തുടർന്ന് ഉപകരാറായി കാർട്ടൺ ഇന്ത്യ എന്ന സ്വകാര്യ കമ്പനി ഏറ്റെടുത്ത് നടത്തുകയും ചെയ്ത പദ്ധതികളുടെ ഫയലുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതോടെ ഇടനിലക്കാരായി നിന്ന സിൽക്കിലെ ഉന്നതരിലേക്കും അന്വേഷണം നീളാൻ സാധ്യത തെളിഞ്ഞു.

ജില്ലാ പഞ്ചായത്തിൽ പിപി ദിവ്യ അധ്യക്ഷയായിരുന്ന കാലത്ത് പൊതുമേഖലാ സ്ഥാപനമായ സിൽക്കിന് 12 കോടിയിലധികം രൂപയുടെ പദ്ധതികൾ നേരിട്ട് അനുവദിക്കുകയായിരുന്നു. എന്നാൽ സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സിൽക്ക് ഈ ജോലികൾ കാർട്ടൺ ഇന്ത്യ എന്ന കമ്പനിക്ക് ഉപകരാറായി മറിച്ചുനൽകി. ഈ ക്രമക്കേടുകളിലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഫയലുകൾ വിശദമായി പരിശോധിക്കുന്നത്. കരാറുകൾ ഉറപ്പിച്ചതിലെ നടപടിക്രമങ്ങൾ, എസ്റ്റിമേറ്റിലെ തിരിമറികൾ, ഉദ്യോഗസ്ഥരുടെ പങ്ക് എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.

അതേസമയം, കേസ് വിജിലൻസ് കണ്ണൂർ യൂണിറ്റിന് കൈമാറിയതിനെതിരെ പരാതിക്കാരനായ കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പരസ്യമായി രംഗത്തെത്തി. കണ്ണൂർ വിജിലൻസ് യൂണിറ്റിലെ സി.ഐ ബിനു മോഹന് പി.പി. ദിവ്യയുമായി അടുത്ത വ്യക്തിബന്ധമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കൂടാതെ ദിവ്യയുടെ ബിനാമി കമ്പനിയെന്ന് സംശയിക്കുന്ന കാർട്ടൺ ഇന്ത്യയുമായി ബിനു മോഹന്റെ സഹോദരൻ ബിജു മോഹന് അടുത്ത ബിസിനസ് ബന്ധങ്ങളുണ്ടെന്നും ഷമ്മാസ് ചൂണ്ടിക്കാട്ടുന്നു.

മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദ കേസിലും ബിനു മോഹൻ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥൻ കണ്ണൂർ യൂണിറ്റിൽ തുടരുന്നത് കേസ് അട്ടിമറിക്കാൻ വഴിവെക്കുമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ അന്വേഷണ ചുമതല ഉത്തരമേഖലാ വിജിലൻസ് എസ്.പിക്കാണെന്നും കണ്ണൂർ യൂണിറ്റിന് ഈ ഫയലുകളിൽ നേരിട്ട് ഇടപെടലുകളില്ലെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ ഔദ്യോഗിക നിലപാട്.

പിപി ദിവ്യക്കെതിരെ വിജിലൻസ് നേരിട്ട് കേസെടുത്ത് ജില്ലാ പഞ്ചായത്തിൽ റെയ്ഡ് നടത്തുകയും ഫയലുകൾ പിടിച്ചെടുക്കുകയും ചെയ്തത് സി.പി.എമ്മിനെ രാഷ്ട്രീയമായി കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്ന രോഷത്തിന് പിന്നാലെ അഴിമതിക്കേസ് കൂടി വന്നതോടെ പ്രാദേശിക ഘടകങ്ങളിലും അമർഷം ശക്തമാണ്. എന്നാൽ പാർട്ടിതലത്തിൽ ദിവ്യയെ പരസ്യമായി പിന്തുണയ്ക്കാനോ പ്രതിരോധം തീർക്കാനോ സി.പി.എം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളിൽ കൂടുതൽ രേഖകൾ പരിശോധിക്കുന്നതിനൊപ്പം സിൽക്കിലെയും ജില്ലാ പഞ്ചായത്തിലെയും ഉദ്യോഗസ്ഥരെ വിജിലൻസ് ചോദ്യം ചെയ്യും.

The Vigilance and Anti-Corruption Bureau has intensified its probe against former Kannur District Panchayat President P.P. Divya by seizing five critical files pertaining to projects worth over ₹12 crore from the Kannur District Panchayat office

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സമരം ചെയ്യണമെങ്കിൽ യുഎസിൽ പോകൂ, ഇവിടെ നടക്കില്ല'; നിരുപാധികം മാപ്പ് പറയാൻ നടൻ ഇമ്രാൻ ഖാനോട് ബോംബെ ഹൈക്കോടതി; രാജ്യം വിടാനുള്ള നോട്ടീസിൽ താൽക്കാലിക ആശ്വാസം

ഡേറ്റ വേണ്ട? 'വോയ്‌സ് ഒണ്‍ലി' റീചാര്‍ജ് ₹147 മുതല്‍; പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ

ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം, ഫ്രണ്ട് എമർജൻസി ബ്രേക്ക് അസിസ്റ്റ്; പുത്തൻ ഔഡി ക്യൂ 3 കേരള വിപണിയിൽ, പ്രാരംഭ വില 51.99 ലക്ഷം രൂപ

കാലടി സര്‍വകലാശാല പ്രതിഷേധം: 12 പേരെ തിരിച്ചെടുക്കും, നിബന്ധന മുന്നോട്ടു വെച്ച് സിന്‍ഡിക്കേറ്റ്; 'നാലുപേർ പുറത്തു തന്നെ'

കണ്ണീരൊപ്പി നിയമപോരാട്ടം; ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ കള്ളുഷാപ്പ് ജോലിയിൽ തിരിച്ചെത്തി സോഫി കുഞ്ഞിപാലു