digital fraud digital fraud
Kannur

പ്രതിദിനം 5% അധികലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; പയ്യന്നൂർ സ്വദേശിക്ക് 14 ലക്ഷം രൂപ നഷ്ടമായി

നാലു തവണകളായി പണം കൈമാറി; തായിനേരി സ്വദേശിയുടെ പരാതിയിൽ രണ്ടുപേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പയ്യന്നൂർ: പ്രതിദിനം അഞ്ച് ശതമാനം അധിക ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി നടത്തിയ നിക്ഷേപ തട്ടിപ്പിൽ പയ്യന്നൂർ സ്വദേശിക്ക് 14 ലക്ഷം രൂപ നഷ്ടമായി. പയ്യന്നൂർ തായിനേരിയിലെ നമ്പിശ്ശേരിൽ ജോയി തോമസ് ആണ് തട്ടിപ്പിന് ഇരയായത്. ഇയാളുടെ പരാതിയിൽ നിഷ വർമ്മ, ഉമേഷ് ശർമ്മ എന്നിവർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രശസ്ത ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ ജോയി തോമസിനെ സമീപിച്ചത്. തുടർന്ന് വിശ്വാസ്യത നേടിയെടുക്കാൻ ഈ ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ തന്നെയുള്ള വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യിപ്പിക്കുകയായിരുന്നു. ഈ ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്.

പണം കൈമാറിയത് നാല് തവണകളായി

നിക്ഷേപിക്കുന്ന തുകയ്ക്ക് ദിവസവും അഞ്ച് ശതമാനം ലാഭം അക്കൗണ്ടിൽ കാണിച്ചായിരുന്നു പ്രതികൾ വലവിരിച്ചത്. ഇതിൽ വിശ്വസിച്ച ജോയി തോമസ് 2026 ഓഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 21 വരെയുള്ള ഒൻപത് ദിവസത്തിനിടയിൽ നാല് തവണകളായിട്ടാണ് 14 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്തത്.

ആപ്പിൽ വലിയ ലാഭവിഹിതം കാണിച്ചെങ്കിലും പിന്നീട് തുക പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പണമോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരികെ നൽകാതെ വഞ്ചിച്ചതോടെ ജോയി തോമസ് പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകളും ഫോൺ നമ്പറുകളും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പയ്യന്നൂർ പ്രദേശത്ത് ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അപരിചിതരായ വ്യക്തികളുടെ വാഗ്ദാനങ്ങളിൽ വീഴരുതെന്നും അംഗീകൃതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

A resident of Payyannur, Joy Thomas of Taineri, was defrauded of Rs 14 lakh in an online investment scam that promised a 5% daily return on investment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പരശുരാമൻ സ്ഥാപിച്ചത്; കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളും പ്രാധാന്യവും

ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണം കൊലപാതകം, മകന്‍ അറസ്റ്റില്‍

വീണ്ടും 110 ഡോളര്‍ കടന്ന് എണ്ണവില; ഇന്ധന വില കൂട്ടുമോ?

പ്രായമായ അമ്മയ്ക്ക് വരെ ഭീഷണിയുണ്ടായി, മാസപ്പടി കേസില്‍ നടത്തിയത് വലിയ പോരാട്ടം, ചേര്‍ത്തു നിര്‍ത്തിയത് കെ സുധാകരന്‍ ; തുറന്നടിച്ച് മാത്യു കുഴല്‍നാടന്‍