ശിവസൂര്യ 
Kannur

ശിവസൂര്യയ്ക്കായി തെരച്ചിൽ ഊർജ്ജിതം: അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചതായി ആഭ്യന്തര മന്ത്രി

എഎസ്പി ഡോ. നന്ദഗോപൻ ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: പാനൂർ കരിയാട് പുളിയനമ്പ്രത്ത് നിന്ന് കാണാതായ പതിനേഴുകാരൻ ശിവസൂര്യയെ കണ്ടെത്തുന്നതിനായി കേരളത്തിനകത്തും പുറത്തുമായി വ്യാപകമായ തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് ആഭ്യന്തര വകുപ്പ്. കൂത്തുപറമ്പ് എംഎൽഎ പി.കെ. പ്രവീൺ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നൽകിയ മറുപടിയിലാണ് അന്വേഷണത്തിന്റെ വിശദമായ നാൾവഴികൾ വ്യക്തമാക്കിയത്.

2026 ഓഗസ്റ്റ് എട്ടിനാണ് കരിയാട് ശിവപ്രിയത്തിൽ ജിഗീഷിന്റെ മകൻ ശിവസൂര്യയെ കാണാതായത്. സംഭവദിവസം തന്നെ ചൊക്ലി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഓഗസ്റ്റ് 16-ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് (എഎസ്പി) ഡോ. നന്ദഗോപൻ എം. ഐപിഎസ് തലവനായ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു.

ശിവസൂര്യയെ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും വയർലെസ് സന്ദേശങ്ങളും കുട്ടിയുടെ ചിത്രമടങ്ങിയ ക്രൈം കാർഡുകളും കൈമാറിയിട്ടുണ്ട്. പെരിങ്ങത്തൂർ, ചൊക്ലി, തലശ്ശേരി, പാനൂർ, നാദാപുരം തുടങ്ങിയ സമീപ പ്രദേശങ്ങളിലെ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തി. പ്രദേശത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെയും ബസ് സ്റ്റാൻഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് സംഘം പരിശോധിച്ചുവെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും പിതാവിന്റെ ഫോണും സൈബർ സെല്ലിന്റെ സഹായത്തോടെ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. സഹപാഠികൾ, സുഹൃത്തുക്കൾ, അധ്യാപകർ, സ്കൂൾ അധികൃതർ എന്നിവരിൽനിന്നെല്ലാം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 11-ന് ഒറ്റപ്പാലം ഭാഗത്ത് കുട്ടിയെ കണ്ടെന്ന വിവരത്തെ തുടർന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ, ഒറ്റപ്പാലം, തിരുവില്വാമല എന്നിവിടങ്ങളിലും ബസ് സ്റ്റാൻഡുകളിലും തിരച്ചിൽ നടത്തിയിരുന്നു. ഇതിനുപുറമെ മംഗലാപുരം, കോഴിക്കോട്, മലപ്പുറം, കൊല്ലം, കർണാടകയിലെ മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലും കുട്ടിയെ കണ്ടതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക സ്ക്വാഡുകളെത്തി പരിശോധന നടത്തി. മൈസൂരിലെ പ്രധാന റെയിൽവേ-ബസ് കേന്ദ്രങ്ങളിലും ആളുകൾ കൂടുന്ന ഇടങ്ങളിലും പരിശോധന നടത്തുകയും ലുക്ക് ഔട്ട് നോട്ടീസുകൾ പതിക്കുകയും ചെയ്തിട്ടുണ്ട്.

കണ്ണൂർ കെ-9 ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ട്രാക്കർ നായ വീട്ടിൽനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ സഞ്ചരിച്ച് പി.എ. മുഹമ്മദ് ഹാജി സൗധത്തിന് സമീപമുള്ള മുസ്ലിം ലീഗ് ഓഫീസിനടുത്താണ് എത്തിയത്. ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 12.45-ഓടെ ബാലൻപീടികയിലെ ഫ്ലോർ മില്ലിന് സമീപം സ്കൂൾ ബാഗുമായി ശിവസൂര്യയെ കണ്ടെന്ന നാട്ടുകാരിയായ സ്ത്രീയുടെ മൊഴിയും പൊലീസ് സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.

മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികൾക്കും റെയിൽവേ പൊലീസിനും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴിയും മാധ്യമങ്ങൾ വഴിയും ലുക്ക് ഔട്ട് വിവരങ്ങൾ നിരന്തരം പങ്കുവെക്കുന്നുണ്ടെന്നും സാങ്കേതിക വിദ്യകളുടെ പരമാവധി സാധ്യതകൾ ഉപയോഗിച്ച് ശിവസൂര്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

A high-level multi-state investigation is underway to trace 17-year-old Shivasoorya, who went missing from Puliyanambram in Kariyad near Panoor, Kannur, Home Minister Ramesh Chennithala informed the Kerala Legislative Assembly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

'മറ്റാരേയും വച്ച് ചെയ്യാന്‍ താല്‍പര്യമില്ല'; മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചു; കാരണം വെളിപ്പെടുത്തി ജിത്തു മാധവന്‍

മറ്റു സംസ്ഥാനങ്ങളിൽനിന്ന് നാട്ടാനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് പ്രായോഗിക തടസ്സങ്ങൾ: മന്ത്രി ഷിബു ബേബി ജോൺ

മിനിമം ചാര്‍ജ് 15രൂപയാക്കണം; നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ ഓടില്ല; സമരം പ്രഖ്യാപിച്ച് ഉടമകള്‍

അട്ടപ്പാടിയെ വീണ്ടും കണ്ണീരിലാഴ്ത്തി നവജാത ശിശുമരണം: ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ