Pinarayi Vijayan 
Kannur

കണ്ണൂരെന്ന് കേൾക്കുമ്പോൾ എന്തിനാണ് ഇത്ര വിഷമം? ഭൂമി ഏറ്റെടുക്കുന്നത് ദീർഘകാല വികസനം മുന്നിൽക്കണ്ട്: പിണറായി വിജയൻ

കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂര്‍: വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നത് നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണെന്നും, ഇന്നത്തെയും നാളത്തെയും മാത്രമല്ല ദീർഘകാല ഭാവികൂടി മുന്നിൽക്കണ്ടാണ് ഭരണാധികാരികൾ പ്രവർത്തിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കിഫ്ബി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെ പരാമർശിക്കവെയാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. കണ്ണൂർ വിമാനത്താവളത്തിന് സമീപം മാത്രമാണ് നിലവിൽ കേരളത്തിൽ വിപുലമായി ഭൂമി ലഭ്യമായിട്ടുള്ളതെന്നും, കണ്ണൂരെന്ന് കേൾക്കുമ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ എന്തിനാണ് ഇത്രയധികം വിഷമിക്കുന്നതെന്നും പിണറായി ചോദിച്ചു. സിപിഎം കണ്ണൂർ വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗം പാർട്ടി ഓഫീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനത്താവളവും തുറമുഖവുമുള്ള ജില്ലയെന്ന നിലയിൽ കണ്ണൂരിന് വിപുലമായ വികസന സാധ്യതകളാണുള്ളത്. ഈ സാധ്യതകൾ മുൻകൂട്ടി കണ്ടാണ് സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടന്നത്. കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം മെട്രോ റെയിൽ, വാട്ടർ മെട്രോ, ഇൻഫോപാർക്ക് എന്നിവയ്ക്കായി വലിയ തോതിൽ ഭൂമി ഏറ്റെടുത്തപ്പോൾ ആരും ഒരു ചോദ്യവും ഉന്നയിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂരിൽ പദ്ധതികൾ വരുമ്പോൾ മാത്രം എതിർപ്പുയർത്തുന്നവർ കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ എന്ന് വ്യക്തമാക്കണം. വികസനവിരുദ്ധ വിവാദങ്ങൾ മനഃപൂർവം സൃഷ്ടിക്കുന്നവർക്ക് കാര്യങ്ങൾ അറിഞ്ഞുകൂടാഞ്ഞിട്ടല്ലെന്നും, ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ഇതിനെതിരെ നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങൾ പോലും മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫ് സർക്കാർ ബിജെപി അജണ്ട നടപ്പാക്കുന്നു

സംസ്ഥാനത്തെ യുഡിഎഫ് സർക്കാർ ബിജെപിയുടെ അജണ്ടകൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയൻ വിമർശിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ 'പിഎം ശ്രീ' പദ്ധതി നടപ്പാക്കാൻ ശ്രമിച്ചപ്പോൾ സർക്കാർ അതിനെ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ അധികാരത്തിലുള്ള സർക്കാർ ബിജെപി അനുകൂല നിലപാടാണ് പുലർത്തുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് മുതൽ ഈ അവിശുദ്ധ ബാന്ധവം വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്‌ഐആറിലൂടെ (SIR) ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. ബിജെപിക്കും സംഘപരിവാറിനും വേണ്ടി പക്ഷപാതപരമായി പ്രവർത്തിച്ച അദ്ദേഹത്തെ സംരക്ഷിക്കാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ ജനങ്ങളുടെ കരുത്തിന് മുന്നിൽ ഇത്തരം സംരക്ഷണങ്ങൾ വിലപ്പോവില്ല. ബിജെപിയൊഴികെ രാജ്യത്തെ മറ്റെല്ലാ രാഷ്ട്രീയ-ജനകീയ സംഘടനകളും ഈ അട്ടിമറിക്കെതിരായ സമരത്തിലാണ്. ഈ പോരാട്ടങ്ങളെ ഏകോപിപ്പിക്കുന്നതിൽ സിപിഎം മുൻനിരയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരാജയത്തിൽ തളരില്ല; തെറ്റുകൾ തിരുത്തി മുന്നോട്ട്

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ വലതുപക്ഷ ശക്തികൾ സിപിഎമ്മിന്റെ തകർച്ചയായി കൊട്ടിഘോഷിക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയങ്ങളിൽ മതിമറന്ന് ആഹ്ലാദിക്കുകയോ തോൽവികളിൽ നിരാശപ്പെടുകയോ ചെയ്യുന്ന പ്രസ്ഥാനമല്ല സിപിഎം. തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് തിരുത്തി മുന്നോട്ടുപോകും. അതാണ് പാർട്ടിയുടെ പ്രവർത്തന ശൈലി. ഏത് തിരിച്ചടിയും മറികടക്കാനുള്ള സംഘടനാ കരുത്തും ആത്മവിശ്വാസവും പാർട്ടിക്കുണ്ട്. സിപിഎമ്മിനെ എഴുതിത്തള്ളാമെന്ന് വ്യാമോഹിച്ചവരെ ഞെട്ടിച്ചുകൊണ്ടാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്തുവന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

UDF government is keen to implement the RSS agenda: Pinarayi Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്താണ് കാറുകളിലെ ‘ബ്ലാക്ക് ബോക്സ്’? നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ ഇഡിആർ നിർണായകമാകുന്നത് എങ്ങനെ?

വയസ് 41, റൺസിൽ 'ചരിത്രമെഴുതി' സിംബാബ്‍വെ 'വെറ്ററൻ പ്രതിഭാസം'!

'നീരജ് മാധവിന്റെ അമ്മയെന്നല്ല, ലത ടീച്ചറുടെ മകന്‍'; 61-ാം വയസിലും അസാധ്യ നൃത്തപ്രകടനം; വികാരഭരിതനായി നീരജ് മാധവ്

തൊണ്ടയില്‍ പാല്‍ കുടുങ്ങി മരിച്ചെന്ന് അച്ഛന്‍; ആലപ്പുഴയില്‍ രണ്ടു വയസുകാരന്റെ മരണത്തില്‍ ദുരൂഹത, അന്വേഷണം

ശ്രീമദ് ഭാഗവത സപ്താഹ ആചാര്യൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു