കണ്ണൂര്‍ :ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയലിലെ സബര്‍മതിയിലെ നാരായണ നാരായണ ഗ്രന്ഥാലയത്തില്‍ സന്ദര്‍ശക പ്രവാഹം.ഉദ്ഘാടനം ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുസ്തകങ്ങളുമായി ഗ്രന്ഥകാരന്മാരും സഹൃദയരും ഒഴുകിയെത്തുകയാണ്. സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി മുന്‍ ചെയര്‍മാനും സിപിഐ നേതാവുമായ വി കെ സുരേഷ് ബാബുവിന്റെ വീടായ സബര്‍മതിയില്‍ ഒരുക്കിയ ഗ്രന്ഥാലയമാണ് സഹൃദയരെ ആകര്‍ഷിക്കുന്നത്. ബ്രണ്ണന്‍ കോളജിലെ സഹപാഠികളടക്കം നിരവധി പേരാണ് ഇന്നലെ ഇവിടെ എത്തിയത്.
നാട്ടുകാര്‍ ഇതിനകം തന്നെ ഗ്രന്ഥാലയം നെഞ്ചേറ്റി കഴിഞ്ഞു. മുത്തച്ഛന്റെയും അച്ഛന്റെയും പേര് നാരായണന്‍ എന്നായിരുന്നു. കുട്ടിക്കാലത്ത് പുരാണങ്ങളടക്കം തന്നെ വായിക്കാന്‍ പ്രേരിപ്പിച്ച മുത്തച്ഛന്റെയും അച്ഛന്റെയും സ്മരണയിലാണ് വീട്ടിന്റെ മുകളില്‍ ഒരുക്കിയ ഗ്രന്ഥാലയത്തിന് നാരായണ നാരായണ എന്നു പേരിട്ടതെന്ന് സുരേഷ് ബാബു പറഞ്ഞു. മുത്തച്ഛന്‍ വായിച്ചിരുന്ന രാമായണം താളിയോല ഗ്രന്ഥവും ഗ്രന്ഥാലയത്തിലുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ് അദ്ദേഹം പറഞ്ഞു.
രാമായണത്തിലെ വരികള്‍ എടുത്ത് അധ്യാപകരോട് നിരന്തരം സംശയങ്ങള്‍ ചോദിച്ച വി കെ സുരേഷ് ബാബുവിനെയാണ് സഹപാഠികള്‍ ഓര്‍ത്തെടുത്തത്. അതിന് പ്രേരിപ്പിച്ച ഒരു കാരണം മുത്തച്ഛന്റെ താളിയോല ഗ്രന്ഥ വായന കൂടിയായിരിക്കുമെന്ന് സഹപാഠികള്‍ തിരിച്ചറിഞ്ഞു. എഴുത്തുകാരനും മാതൃഭൂമി മുംബൈ ന്യൂസ് എഡിറ്ററുമായ എന്‍ ശ്രീജിത്ത്, മാധ്യമപ്രവര്‍ത്തകനും സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടറുമായ ഡോ . സഞ്ജീവന്‍ അഴീക്കോട് വടകര കണ്ണൂക്കരയിലെ പി. ബി . സജിത് കുമാര്‍, അധ്യാപക അവാര്‍ഡ് ജേതാവ് വി.സി ശൈലജ, പി വി പ്രേമരാജന്‍
ചിന്മയ മിഷന്‍ അധ്യാപിക താര അജയന്‍ ,പി.വി. ജ്യോതി ടീച്ചര്‍ , പി.കെ പ്രകാശന്‍ മാസ്റ്റര്‍ തുടങ്ങിയ ബ്രണ്ണന്‍ സഹപാഠികളാണ് പുസ്തകങ്ങളുമായി നാരായണാലയത്തില്‍ എത്തിയത്. ഡോ . സഞ്ജീവന്‍ അഴീക്കോട് തന്റെ ഫോക് ലോര്‍ പഠനഗ്രന്ഥങ്ങളും, അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ വി.സി. ശൈലജ ടീച്ചര്‍ താന്‍ എഴുതിയ പുതിയ കഥാസമാഹാരങ്ങളും ഗ്രന്ഥാലയത്തിന് നല്‍കി. സാഹിത്യകാരനായ ദിനേശ് കൃഷ്ണ തന്റെ പുതിയ കൃതിയുമായാണ് എത്തിയത്. നിരവധി സാഹിത്യകാരന്മാരും ഗ്രന്ഥകാരന്മാരും ദിനേന സബര്‍മതി സന്ദര്‍ശിക്കുന്നുണ്ട്. അതോടൊപ്പം വിവിധ സാംസ്‌കാരിക സംഘടനകളും പ്രവര്‍ത്തകരും പുസ്തകങ്ങള്‍ സമ്മാനിക്കാനെത്തുന്നു. സഹധര്‍മ്മിണി ചിറ്റാരിപ്പറമ്പ് സഹകരണ ബാങ്ക് മാനേജര്‍ കൂടിയായ പി. പ്രീതയും ഏകമകന്‍ ആസാദ് സൂര്യനും സബര്‍മതിയിലെ ഗ്രന്ഥാലയത്തിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.
ഒഴിവു ദിനങ്ങളില്‍ സഹോദരന്മാരായ രാജീവന്റെയും രാമചന്ദ്രന്റെയും മക്കള്‍ ആവണി, പഞ്ചമി, ശിവകാര്‍ത്തിക, സൂര്യഗായത്രി എന്നിവരും ബന്ധുജനങ്ങളും ചേര്‍ന്നാണ് പുസ്തകങ്ങള്‍ നമ്പറിട്ടു രജിസ്റ്ററില്‍ ചേര്‍ത്ത് വായനക്കാര്‍ക്കായി ഒരുക്കുന്നത്. നോവല്‍, കഥ, ആത്മകഥ , പഠനം , വൈജ്ഞാനിക ഗ്രന്ഥങ്ങള്‍, കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ എന്നിങ്ങനെ നിരവധി കാറ്റഗറികളായി തരം തിരിച്ചിട്ടുമുണ്ട്. വിവിധ ഇടങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയപ്പോള്‍ വി.കെ സുരേഷ് ബാബുവിന് ലഭിച്ചമെമന്റോകളും ശില്പങ്ങളും ഗ്രന്ഥാലയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. വീട്ടുകാരില്ലെങ്കിലും മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥാലയത്തില്‍ കയറാനുള്ള സൗകര്യമുണ്ട്. പ്രകൃതി സൗഹൃദാന്തരീക്ഷത്തില്‍ നിര്‍മ്മിച്ച സബര്‍മതി ചിറ്റാരിപ്പറമ്പിലെ അനൗപചാരിക പഠന കേന്ദ്രമായി മാറുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates