കാഞ്ഞങ്ങാട്: ചെങ്കല്ല് കയറ്റിവന്ന ടിപ്പർ ലോറി നിയന്ത്രണംവിട്ട് റോഡിന് താഴെയുള്ള വീടിന് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. ചായ്യോം സ്വദേശി സാദിഖ് (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ കാഞ്ഞിരപ്പെയിൽ കുളങ്ങാട് കാലിക്കടവിലാണ് അപകടം. കുളങ്ങാട് കാലിക്കടവിലെ പി. ഗോപാലന്റെ വീടിന് മുകളിലേക്കാണ് ഭാരമേറിയ ടിപ്പർ ലോറി തലകീഴായി പതിച്ചത്. ഇടിയുടെ ആഘാതത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണ്ണമായും തകർന്നു തരിപ്പണമായി.
കുളങ്ങാട്ടുനിന്ന് ചെങ്കല്ല് കയറ്റി പരേളം കാലിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ ലോറി. ഇടുങ്ങിയ റോഡിലൂടെ പോകുന്നതിനിടെ റോഡിന്റെ ഒരു ഭാഗത്തെ അരിക് പെട്ടെന്ന് ഇടിഞ്ഞുതാഴുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം താഴത്തെ നിരപ്പിലുള്ള വീടിന്റെ മേൽക്കൂരയിലേക്ക് മലക്കം മറിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ സാദിഖിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വലിയ ശബ്ദത്തോടെ ലോറി വീടിന് മുകളിലേക്ക് പതിക്കുമ്പോൾ വീടിന്റെ അടുക്കള ഭാഗത്ത് വീട്ടുകാർ ആരും തന്നെ ഉണ്ടായിരുന്നില്ല. അതിനാൽ മാത്രമാണ് വീട്ടിലുള്ളവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടതും വലിയൊരു ദുരന്തം ഒഴിവായതും. അപകടത്തെ തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates