കാസർകോട്: മലയോര മേഖലകളിലടക്കം നാടെങ്ങും ഓണാഘോഷ നിറവിലേക്ക് ഉണരുമ്പോൾ, ആഘോഷപ്പൊലിമയിൽ പുതുമ തീർത്ത് കാസർകോട്ടെ വനിതാ കൂട്ടായ്മകൾ. പരമ്പരാഗത വേഷങ്ങളായ മാവേലിയും പുലിവേഷവുമണിഞ്ഞ് സ്ത്രീകൾ തന്നെ തെരുവിലിറങ്ങിയതോടെ ബേഡടുക്ക പഞ്ചായത്തിലെ കുണ്ടംകുഴി ദൊഡുവയലിൽ അരങ്ങേറിയ ഓണാഘോഷ പരിപാടികൾ വേറിട്ട കാഴ്ചയായി മാറി.
പയസ്വിനി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്, പുനർജനി, പുലരി സ്വാശ്രയ സംഘങ്ങൾ, കലാരഞ്ജിനി, സൂര്യ, സൂര്യകല, ശ്രീരഞ്ജിനി, ചന്ദ്രകല എന്നീ കുടുംബശ്രീ യൂണിറ്റുകൾ, ടീം കിണറ്റിൻകര വാട്സ്ആപ്പ് കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വർണ്ണാഭമായ ആഘോഷം സംഘടിപ്പിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലി, വാമനൻ, പുലിവേഷധാരികൾ, വേട്ടക്കാർ എന്നിവർക്കൊപ്പം സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻ സംഘം പ്രദേശത്തെ വീടുകളിലെത്തി ഓണാശംസകൾ നേർന്നു.
ചരിത്രത്തിലാദ്യമായി ഇവിടെ മൂന്ന് മാവേലിമാരാണ് ഒരേസമയം ഗൃഹസന്ദർശനത്തിനെത്തിയത്. ഇതിൽ ഒരാൾ വനിതയായിരുന്നുവെന്നത് ശ്രദ്ധേയമായി. പി.കെ. രജിതയാണ് മാവേലി വേഷമണിഞ്ഞ് ആളുകളെ വിസ്മയിപ്പിച്ചത്. പ്രശാന്ത്, അശോകൻ എന്നിവരും മാവേലിമാരായി വേഷമിട്ടു. പുലിവേഷമണിഞ്ഞ് പുരുഷന്മാർ മാത്രം ആടിത്തിമിർത്തിരുന്ന ഇടത്തേക്ക് വനിതകളായ ഓമന മാധവനും രേഷ്മയും എത്തിയതോടെ ആഘോഷത്തിന്റെ പകിട്ടേറി.
തിരുവോണ നാളിൽ വീടുകളിൽ നടക്കുന്ന പൂക്കള മത്സരവും തുടർദിവസങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കുന്ന പരമ്പരാഗത ഓണക്കളികളും ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ഗ്രാമത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. നാടും നഗരവും ഒരുപോലെ ഓണത്തിന്റെ വരവ് ആഘോഷമാക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates