കാസർകോട്: നിർമ്മാണ പ്രവൃത്തികൾ തൊണ്ണൂറു ശതമാനത്തോളം പൂർത്തിയായിട്ടും അധികൃതരുടെ അനാസ്ഥയെ തുടർന്ന് ചെമ്മനാട് പഞ്ചായത്തിലെ ബെണ്ടിച്ചാലിൽ ലൈഫ് മിഷൻ ഭവനസമുച്ചയം കാടുകയറി നശിക്കുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ തലചായ്ക്കാൻ കൂരയോ ഇല്ലാത്ത 44 നിർധന കുടുംബങ്ങളുടെ ചിരകാല സ്വപ്നമാണ് ഉദ്യോഗസ്ഥ-ഭരണതല അനാസ്ഥയിൽ തുലാസിലായിരിക്കുന്നത്. ചട്ടഞ്ചാൽ-ദളി റോഡരികിൽ കിഫ്ബി ധനസഹായത്തോടെ 6.64 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന നാലുനില കെട്ടിടമാണ് ആരുടേയും തിരിഞ്ഞുനോട്ടമില്ലാതെ കാടുകയറിയ അവസ്ഥയിലുള്ളത്.
കെട്ടിടത്തിന്റെ പ്രധാന ഭിത്തികളിൽ നിന്നുവരെ കാട്ടുവള്ളികളും കാട്ടുചെടികളും പടർന്നുപന്തലിച്ചിരിക്കുകയാണ്. തറയിൽ സ്ഥാപിച്ചിട്ടുള്ള പ്ലംബിങ് പൈപ്പുകളുടെ ഇടയിലൂടെ വള്ളികൾ കെട്ടിടത്തിന്റെ അകത്തേക്ക് തുളച്ചുകയറിയ നിലയിലാണ്. ഇത് പ്രീഫാബ്രിക്കേറ്റഡ് കെട്ടിടത്തിന്റെ ഘടനാപരമായ സുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
കല്ലും മരവും പൂർണ്ണമായും ഒഴിവാക്കി അത്യാധുനിക പ്രീഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് 26,848 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഭവനസമുച്ചയം വിഭാവനം ചെയ്തത്. ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസ് ലിമിറ്റഡിനായിരുന്നു (5,14,90,465 രൂപ) പ്രധാന നിർമ്മാണച്ചുമതല. അനുബന്ധ ബാഹ്യപ്രവൃത്തികൾ അബ്ദുൾ വാഷിദ് എന്ന കരാറുകാരനെയും (56,65,612 രൂപ) ഏൽപ്പിച്ചു.
ഇതുവരെ പദ്ധതിക്കായി 5,37,96,102 രൂപ ചെലവഴിച്ചതിൽ 4,71,97,138 രൂപയും പ്രധാന കരാറുകാരൻ കൈപ്പറ്റിയിട്ടുണ്ട്. കൂടാതെ, കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 59.9 ലക്ഷം രൂപ അധികമായി ചെലവിട്ട് വാട്ടർ അതോറിറ്റി വഴി ശുദ്ധജല കണക്ഷനും എത്തിച്ചിരുന്നു. എന്നാൽ ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറാൻ അവശേഷിച്ച പ്ലംബിങ് ഫിറ്റിംഗുകൾ, ഇലക്ട്രിക് വയറിംഗ്, ഡിസി ജനറേറ്റർ, ഫയർ വാട്ടർ ടാങ്ക്, ഭിന്നശേഷിക്കാർക്കുള്ള ആക്സസ് റാംപ്, ചുറ്റുമതിൽ, ഗേറ്റ്, മാലിന്യ നിർമ്മാർജ്ജന പ്ലാന്റ് എന്നിവ പൂർത്തിയാക്കാതെ കഴിഞ്ഞ നവംബറിൽ കരാർ കമ്പനി പണി നിർത്തി മടങ്ങുകയായിരുന്നു.
കോവിഡ് കാലത്ത് ആറുമാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2020-ലായിരുന്നു നിർമ്മാണോദ്ഘാടനം നടന്നത്. എന്നാൽ ലോക്ക്ഡൗണും നിയന്ത്രണങ്ങളും പദ്ധതിയെ തുടക്കത്തിലേ താളംതെറ്റിച്ചു. ഇതിനിടയിൽ വിപണിയിൽ പ്രീഫാബ് നിർമ്മാണത്തിന് അത്യന്താപേക്ഷിതമായ ഇരുമ്പിന് (സ്റ്റീൽ) അപ്രതീക്ഷിതമായി വൻതോതിൽ വിലക്കയറ്റമുണ്ടായതോടെ കരാർ തുക വർദ്ധിപ്പിച്ചു നൽകണമെന്ന് നിർമ്മാണ കമ്പനി സർക്കാരിനോട് ആവശ്യപ്പെട്ടു.
വിഷയം വിശദമായി പഠിച്ച് ശുപാർശ നൽകാൻ 2022 ഫെബ്രുവരി 27-ന് സർക്കാർ സാങ്കേതിക സമിതിയെ നിയോഗിച്ചെങ്കിലും, സമിതി നൽകിയ റിപ്പോർട്ടിൽ സർക്കാർ ഇതുവരെയും അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇതേത്തുടർന്നുള്ള സാമ്പത്തിക തർക്കത്തിലാണ് കമ്പനി നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചത്. സംസ്ഥാനത്തുടനീളമുള്ള സമാന ലൈഫ് മിഷൻ പദ്ധതികളിൽ കരാർ തുക പുതുക്കി നിശ്ചയിക്കണമെന്ന ഫയൽ സർക്കാരിന്റെ പരിഗണനയിലാണെന്ന പതിവ് വിശദീകരണമാണ് ഉദ്യോഗസ്ഥർ ഇപ്പോഴും നൽകുന്നത്.
പണി സ്തംഭിച്ചിട്ട് ഒരു വർഷത്തോളമായിട്ടും കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകുക എന്ന പതിവ് നടപടിക്രമത്തിനപ്പുറം പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനുള്ള യാതൊരു ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തുരുമ്പെടുത്ത് നശിക്കുന്ന ഈ കോടികളുടെ ആസ്തി സംരക്ഷിക്കാനും പാവപ്പെട്ടവർക്ക് വീട് നൽകാനും ഭരണകൂടം എപ്പോഴാണ് കണ്ണ് തുറക്കുകയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates