അര്‍ധ രാത്രിയിലെ പവര്‍ കട്ട് നിങ്ങളെ രോഗിയാക്കും; ഡോക്ടറുടെ കുറിപ്പ്

poor sleep
poor sleeppexels
Updated on
3 min read

മീപകാലത്തൊന്നുമില്ലാത്ത വിധം വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് കേരളം. ദിവസം പല വട്ടം വൈദ്യുതി വിതരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയാണ്, കെഎസ്ഇബി ഇതിനെ നേരിടുന്നത്. ഈ നിയന്ത്രണം പലപ്പോഴും അര്‍ധരാത്രിയിലേക്കും നീളും. രാത്രി ഉറക്കത്തിനിടെ കറന്റ് പോവുന്നത് അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല, നമ്മുടെയൊക്കെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ്, എഴുത്തുകാരന്‍ കൂടിയായ ഡോ. മനോജ് വെള്ളനാട് ഈ കുറിപ്പില്‍. മനോജ് വെള്ളനാട് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം:

രാത്രി ഏകദേശം 11:30-12 മണി. കേരളത്തിലെ ബഹുഭൂരിപക്ഷം മനുഷ്യരും മൂടിപ്പുതച്ച് സുഖനിദ്രയിലേക്ക് വഴുതിവീഴുന്ന നേരം. പെട്ടെന്നാണ് മുറിയിലെ ഫാനിന്റെ മൂളിച്ച നിലയ്ക്കുന്നത്, അല്ലെങ്കില്‍ AC യുടെ മുഴക്കം ഇല്ലാതാവുന്നത്. നിമിഷങ്ങള്‍ക്കകം ഉറങ്ങിക്കിടന്ന, ഉറങ്ങിത്തുടങ്ങിയ മനുഷ്യര്‍ ശരീരോഷ്ണം സഹിക്കാനാകാതെ വിയര്‍ത്ത് ഉണരും. ഒപ്പം മൂളിപ്പാട്ടുമായി വരുന്ന കൊതുകുകളുടെ പടയുമായി യുദ്ധവും തുടങ്ങണം. കേരളത്തിലെ മിക്കവാറും മനുഷ്യരുടെയും ഇപ്പോഴത്തെ അവസ്ഥയാണിത്. നിസഹായരാണ് എല്ലാവരും. എന്തൊരു നാശമാണിത് എന്ന് വോട്ട് ചെയ്ത വിരലിനെ നോക്കി പ്രാകിക്കൊണ്ട് കിടക്കാനേ പറ്റൂ. ഈ സമയം കൊച്ചു കുട്ടികളോ, കിടപ്പു രോഗികളോ, ഉറങ്ങാനുള്ളതിനും മറ്റുമുള്ള മരുന്ന് കഴിച്ചിട്ട് കിടക്കുന്ന സൈക്യാട്രിക് രോഗികളുടെ അവസ്ഥയെ പറ്റി ചിന്തിച്ചാല്‍ അന്തമില്ല.

പവര്‍ക്കട്ടിന് പിന്നിലെ രാഷ്ട്രീയമോ മറ്റു കാര്യങ്ങളോ ചര്‍ച്ച ചെയ്യുന്ന കുറിപ്പല്ല ഇത്. ട്രോളിയതുകൊണ്ടും കലഹിച്ചതു കൊണ്ടും ആരുടെയും തീരുമാനങ്ങള്‍ മാറുകയുമില്ല. ഇപ്പോഴത്തെ ജീവിതാവസ്ഥയെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കുക മാത്രമാണ് നമുക്കിനി ചെയ്യാനുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ആള്‍ക്കാരോടൊക്കെ സംസാരിച്ചതില്‍ നിന്ന് മനസിലായത് അസ്വസ്ഥതയോടെയാണെങ്കിലും പവര്‍ക്കട്ട് നിത്യ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ദുരിതമാണെന്ന് മിക്കവാറും മനുഷ്യരും മനസാല്‍ അംഗീകരിച്ചു കഴിഞ്ഞു എന്നാണ്.

അപ്പോഴും അര്‍ദ്ധരാത്രി മനുഷ്യര്‍ കിടന്ന് ഉറങ്ങുമ്പോള്‍ ഒരു സാഡിസ്റ്റിനെ പോലെ കറന്റ് ഓഫ് ചെയ്യുന്നതിനെ ആര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്നില്ല. അതെന്തോ ആവട്ടെ. ഞാന്‍ പറയാനുദ്ദേശിക്കുന്നത് ഇതിന്റെ മറ്റൊരു വശമാണ്. അപ്രതീക്ഷിതമായി അരങ്ങേറുന്ന ഈ അര്‍ദ്ധരാത്രി ലോഡ്‌ഷെഡിങ് വെറുമൊരു അസൗകര്യമല്ല, മറിച്ച് മനുഷ്യശരീരത്തിന്റെ ജീവശാസ്ത്രപരമായ താളക്രമത്തിന് നേരെയുള്ള ഇരുട്ടടിയാണ് എന്ന് പറയാനാണ്.

ആരോഗ്യമുള്ള ഒരു മനുഷ്യന്റെ സ്വാഭാവികമായ ഉറക്കത്തെ ഈ അര്‍ദ്ധരാത്രി പവര്‍ക്കട്ട് എങ്ങനെ ബാധിക്കുന്നു എന്നാണ് ഇനി പറയുന്നത്. രോഗികളുടെയോ കുഞ്ഞുങ്ങളുടെയോ കാര്യമല്ല.

poor sleep
നടുവേദനയ്ക്ക് കാരണമാകുന്ന 6 ശീലങ്ങൾ, ഇരുത്തം മാത്രമല്ല കിടത്തവും ശ്രദ്ധിക്കണം

നമ്മുടെ ശരീരം ഒരു അത്യാധുനിക കമ്പ്യൂട്ടര്‍ പോലെയാണ്. വലിയ ജോലികള്‍ ചെയ്യുമ്പോള്‍ കമ്പ്യൂട്ടറിന്റെ പ്രൊസസ്സര്‍ ചൂടാകുമല്ലോ. പിന്നീടത് സ്ലീപ്പ് മോഡിലേക്ക് പോകുമ്പോള്‍ തണുത്ത് ശാന്തമാകുന്നു. തലച്ചോറും ഇതേ തത്വമാണ് പിന്തുടരുന്നത്. എന്നാല്‍ കമ്പ്യൂട്ടറില്‍ നിന്ന് വ്യത്യസ്തമായി നമുക്ക് ഉറങ്ങുന്നതിനും തണുപ്പ് ആവശ്യമാണ്. ഉറക്കത്തിലേക്ക് കടക്കാന്‍ നമ്മുടെ ശരീരം സ്വയം തണുപ്പിച്ചേ മതിയാകൂ. ഈ പ്രക്രിയയെയാണ് ജീവശാസ്ത്രത്തില്‍ തെര്‍മോഗുലേഷന്‍ എന്ന് വിളിക്കുന്നത്.

നമ്മുടെ തലച്ചോറിലെ ഒരു കുഞ്ഞു ഭാഗമാണ് ഹൈപ്പോതലാമസ്. ശരീരത്തിലെ എയര്‍കണ്ടീഷണറുടെ റിമോട്ട് കണ്‍ട്രോള്‍ ഇവിടെയാണിരിക്കുന്നത്. സന്ധ്യ മയങ്ങുമ്പോള്‍ കണ്ണുകളിലെ റെറ്റിനയിലെ ചില കോശങ്ങള്‍ തലച്ചോറിലേക്ക് ചില സിഗ്‌നലുകള്‍ അയക്കും, 'പുറത്ത് ഇരുട്ടായി, ഇനി വിശ്രമിക്കാം.' എന്ന്. അങ്ങനെ വിശ്രമത്തിനുള്ള ശ്രമങ്ങള്‍ ഹൈപ്പോതലാമസ് തുടങ്ങും. നമ്മള്‍ ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ ഹൈപ്പോതലാമസ് ശരീരത്തിന്റെ ആന്തരിക താപനില കുറയ്ക്കാന്‍ തുടങ്ങും. സാധാരണയായി 37°C ഉള്ള ഉള്‍താപനില ഉറങ്ങുമ്പോള്‍ 35.5°C മുതല്‍ 36°C വരെ താഴണം. ഈ തണുക്കല്‍ ആരംഭിച്ചാല്‍ മാത്രമേ ഉറക്കത്തിന്റെ ഹോര്‍മോണായ മെലറ്റോണിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.

ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ചെറുചൂടുവെള്ളത്തില്‍ കുളിച്ചാല്‍ നല്ല ഉറക്കം കിട്ടുമെന്ന് പലരും പറയാറുണ്ട്. അത് സത്യവുമാണ്. ഇളം ചൂടുവെള്ളത്തില്‍ കുളിച്ചു കഴിയുമ്പോള്‍ ശരീരം ശരിക്കും തണുക്കുന്നത് കൊണ്ടാണ് അങ്ങനെ പെട്ടെന്ന് ഉറങ്ങാന്‍ കഴിയുന്നത്. നമുക്കെല്ലാം അറിയാവുന്ന മറ്റൊരു കാര്യമാണ് ചൂട് കൂടുമ്പോള്‍ ശരീരം വിയര്‍ക്കുന്നതും ആ വിയര്‍പ്പ് ബാഷ്പീകരിക്കാന്‍ ശരീരോഷ്ണം ഉപയോഗിക്കുന്നതും അങ്ങനെ ചൂടില്‍ നിന്ന് ആശ്വാസം കിട്ടുന്നതും എല്ലാം.

അത്രയും മനസിലാക്കിയല്ലോ. ഇനി അര്‍ദ്ധരാത്രിയിലെ പവര്‍ക്കട്ട് കാരണം ശരീരത്തിലെ ഈ തെര്‍മോസ്റ്റാറ്റിന് എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. കേരളത്തിലെ ഹ്യുമിഡിറ്റി കൂടിയ കാലാവസ്ഥയില്‍ ഫാന്‍ അല്ലെങ്കില്‍ AC നിലയ്ക്കുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഇനി പറയുന്നത്.

സ്വാഭാവികമായും മുറിയിലെ ചൂട് കൂടുമ്പോള്‍ അത് ശരീരതാപനില ഉയര്‍ത്തും. ഹൈപോതലാമസ് ചൂട് കുറയ്ക്കാനുള്ള ശ്രമം തുടങ്ങും. നമ്മള്‍ വിയര്‍ക്കും. പക്ഷെ ഹ്യുമിഡിറ്റി കൂടുതലായ കാരണം വിയര്‍പ്പ് ബാഷ്പീകരിക്കപ്പെടില്ല. അതുകൊണ്ട് തന്നെ വിയര്‍ത്താലും ചൂട് കുറയില്ല. ശരീരതാപനില 37 °Cലും മുകളില്‍ തന്നെ നില്‍ക്കും. ഇത് മെലാടോണിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും തലച്ചോറിലെ സ്ലീപ്പ് സെന്റര്‍ ആശയക്കുഴപ്പത്തിലാവുകയും ചെയ്യും. ഉറങ്ങാന്‍ കഴിയില്ല.

അവിടം കൊണ്ട് തീരില്ല. ഉറങ്ങേണ്ട സമയത്ത് ഉറങ്ങാന്‍ കഴിയാത്തത് എന്തോ ഒരു അപകടാവസ്ഥയായി ശരീരം വിലയിരുത്തും. ഇത് കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ സ്ട്രെസ് ഹോര്‍മോണുകള്‍ ഉയരാന്‍ കാരണമാകും. ഇവ തലച്ചോറിനെ പിന്നെയും ജാഗരൂകമാക്കുകയും ഉറങ്ങാനുള്ള ത്വര കുറയ്ക്കുകയും ചെയ്യും. മാത്രമല്ല പ്രമേഹരോഗികളുടെ ഷുഗറും രക്തസമ്മര്‍ദ്ദ രോഗികളുടെ പ്രഷറും നിയന്ത്രണം വിടാന്‍ ഇതു തന്നെ ധാരാളം.

poor sleep
20 മിനിറ്റ് ഫ്രിഡ്ജിൽ വെയ്ക്കാം, ഉള്ളി അരിയുമ്പോൾ കണ്ണുനീർ ഒഴിവാക്കാൻ 7 ടിപ്സ്

ഇനി മറ്റൊരു പ്രധാന സംഗതിയാണ് 'സ്ലീപ്പ് ആര്‍ക്കിടെക്ച'റില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍.

നമ്മുടെ രാത്രി ഉറക്കം ആദ്യാവസാനം ഒരേ താളത്തില്‍ നടക്കുന്ന ഒന്നല്ലാ എന്ന് നമുക്കറിയാം. ആറേഴ് മണിക്കൂര്‍ നീളുന്ന ഉറക്കം 90 മിനിറ്റ് വീതമുള്ള ചക്രങ്ങളായാണ് (Sleep Cycles) ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വിശദമായി എഴുതിയാല്‍ കുറിപ്പ് നീണ്ടുപോകുമെന്നതിനാല്‍ മുതിരുന്നില്ല. അതില്‍ തന്നെ NREM എന്ന് പറയുന്ന ഘട്ടത്തിലാണ് കോശങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്നതും രോഗപ്രതിരോധശേഷി ഉണ്ടാകുന്നതും തലച്ചോറിലെ വേസ്റ്റ് ഡിസ്‌പോസല്‍ ഒക്കെ നടക്കുന്നതും. REM ഘട്ടം ഓര്‍മ്മശക്തി, വൈകാരിക സന്തുലിതാവസ്ഥ, ചിന്താശേഷി തുടങ്ങിയ കാര്യങ്ങള്‍ക്ക് വളരെ പ്രധാനമാണ്.

രാത്രി 11-നും പുലര്‍ച്ചെ 1-നും ഇടയില്‍ കറണ്ട് പോകുമ്പോള്‍ കൃത്യമായി മുറിയുന്നത് ഈ നിര്‍ണ്ണായക ഘട്ടങ്ങളാണ്. പിന്നീട് കറണ്ട് വന്നാലും തലച്ചോറിന് ഈ ഘട്ടങ്ങള്‍ ആദ്യം മുതല്‍ പുനരാരംഭിക്കേണ്ടി വരുന്നു. 6-7 മണിക്കൂര്‍ കിടക്കയില്‍ കിടന്നാലും രാത്രി വൈകി ഉറങ്ങിയാലും പിറ്റേന്ന് 'ഉറക്കക്ഷീണം' മാറാത്തതിന്റെ കാരണം ഇതാണ്.

ഇങ്ങനെ ദിവസേന തുടര്‍ച്ചയായി ഉറക്കം മുറിയുന്നത് അടുത്ത ദിവസത്തെ പൂര്‍ണ്ണമായും തകിടം മറിക്കുന്നു. ബ്രെയിന്‍ ഫോഗ് പോലുള്ള അവസ്ഥകള്‍ ഉണ്ടാവുകയും ചിന്തിക്കാനും വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവ് കുറയുകയും ചെയ്യും. ഉറക്കക്കുറവ് വിശപ്പ് നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ ബാധിക്കുന്നതിനാല്‍ വിശപ്പും ജങ്ക് ഫുഡ് കഴിക്കാനുള്ള ത്വരയും കൂടുന്നു. ഹൃദയത്തിന് രാത്രി ലഭിക്കേണ്ട വിശ്രമം ലഭിക്കാതെ പോകുന്നത് ബി.പി ഉയരാന്‍ ഇടയാക്കുന്നു.

ഇനിയും പല പല കാര്യങ്ങളുമുണ്ട്. എന്തായാലും ആരോഗ്യമുള്ള ഒരു മനുഷ്യനെ ഏതാനും ആഴ്ചകള്‍ കൊണ്ട് ഒരു രോഗിയോ പല രോഗങ്ങള്‍ക്കും വേഗത്തില്‍ കടന്നു കൂടാന്‍ പറ്റിയ ആരോഗ്യമില്ലാത്ത അവസ്ഥയോ ആക്കി മാറ്റാനും ജോലിയിലും ചിന്തയിലും ഒക്കെ കാര്യക്ഷമത കുറഞ്ഞ ഒരാളാക്കി മാറ്റാനും ഈ അര്‍ദ്ധരാത്രിയുളള പവര്‍ക്കട്ട് കാരണമാകുമെന്ന് ഇതിനകം മനസിലായിക്കാണുമല്ലോ. ഞാന്‍ വീണ്ടും പറയുന്നു, ഇത് നിലവില്‍ ആരോഗ്യമുള്ള മനുഷ്യരുടെ കാര്യം മാത്രമാണ്. ഇതിനകം രോഗികളായവരുടെ അവസ്ഥ ദയനീയമായിരിക്കുമെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാവുമല്ലോ.

പണ്ടും പവര്‍ക്കട്ട് ഉണ്ടായിരുന്നു. പക്ഷെ അത് പരമാവധി 10 മണിക്കകം എന്ന് കൃത്യമായി നിശ്ചയിക്കപ്പെട്ടിരുന്നു. പകല്‍ മുഴുവന്‍ ജോലി ചെയ്തിട്ട് സാധാരണയായി മനുഷ്യര്‍ കിടന്നുറങ്ങുന്ന സമയത്ത് കറണ്ട് പോവില്ലായിരുന്നു. ഏറ്റവും കുറഞ്ഞത് ആ ഒരു പരിഗണന എങ്കിലും മലയാളികള്‍ അര്‍ഹിക്കുന്നുണ്ട്. അത് കേവലം ഉറക്കത്തിനിടയില്‍ വിയര്‍ത്ത് എണീക്കേണ്ടി വരുന്നതിന്റെ അസൗകര്യമോ അസ്വസ്ഥതയോ കാരണം മാത്രമല്ലെന്ന് പറയാനാണ് ഇത്രയും നീട്ടിവലിച്ച് എഴുതിയത്.

poor sleep
പച്ചരിക്ക് പകരം ഈ ഒരു 'ഐറ്റം' ചേ‍ർക്കാം, ദോശ കൂടുതൽ ഹെൽത്തി ആകും
Summary

Sleep disrupted by power outages may cause health problems

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com