കാസർകോട്: കാസർകോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം. ബേഡകം സ്വദേശി അഷ്‌റഫിന്റെ മകൻ ഇയാസ് ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ബുധനാഴ്ച രാവിലെയായിരുന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചികിത്സാ പിഴവുണ്ടായതായി ബന്ധുക്കൾ ആരോപിച്ചു.
കുട്ടിയുടെ പൊക്കിളിൽ ഉണ്ടായ അസുഖത്തെ തുടർന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ബുധനാഴ്ച രാവിലെ 8:30 ഓടെയാണ് ഇയാസിനെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റിയത്. ഇത് വളരെ ചെറിയൊരു ശസ്ത്രക്രിയ മാത്രമാണെന്നാണ് ഡോക്ടർമാർ തങ്ങളെ അറിയിച്ചിരുന്നതെന്ന് കുട്ടിയുടെ പിതാവ് അഷറഫ് പറഞ്ഞു. ജനറൽ അനസ്തേഷ്യയ്ക്ക് പകരം അരയ്ക്ക് താഴെയാണ് മയക്കാനുള്ള മരുന്ന് നൽകിയത്. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിക്കുകയായിരുന്നു. കുട്ടി മരിച്ചതിന് ശേഷം മാത്രമാണ് വിവരം തങ്ങളെ അറിയിച്ചതെന്നും ചികിത്സയിൽ അനാസ്ഥയുണ്ടായെന്നും പിതാവ് ആരോപിച്ചു.
അതേസമയം, ശസ്ത്രക്രിയയ്ക്കിടെ കുട്ടിക്ക് പെട്ടെന്നുണ്ടായ ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വിശദീകരണം. സംഭവത്തിൽ കാസർകോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോർട്ടം നടത്തുന്നതിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന് പുറമെ ആരോഗ്യ വകുപ്പും സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates