Karippur Airport Gold Seizure 
Kozhikode

കരിപ്പൂരിൽ സിനിമയെ വെല്ലുന്ന നാടകം: സ്വർണക്കടത്ത് സംഘവും സ്വർണം പൊട്ടിക്കാൻ എത്തിയ ക്വട്ടേഷൻ സംഘവും പിടിയിൽ; 1.1 കോടിയുടെ സ്വർണം പിടിച്ചെടുത്തു

എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ചത് 14 സ്വർണപ്പാളികൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ലക്ഷ്മി ആതിര

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ വനിതാ കാരിയറുടെ പക്കൽനിന്ന് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തെയും സ്വർണം കടത്തിയ സംഘത്തെയും പൊലീസ് നാടകീയമായി പിടികൂടി. വിദേശത്തുനിന്ന് സ്വർണവുമായെത്തിയ യുവതിയെയും ഇത് കൈപ്പറ്റാനെത്തിയ സഹായിയെയും കസ്റ്റഡിയിലെടുത്ത പൊലീസ്, സ്വർണം തട്ടിയെടുക്കാൻ എത്തിയ കവർച്ചാ സംഘത്തിലെ രണ്ട് പ്രധാനികളെയും അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 817 ഗ്രാം സ്വർണവും പിടിച്ചെടുത്തു. വിപണിയിൽ ഇതിന് 1.1 കോടിയിലേറെ രൂപ വിലവരുമെന്ന് കണക്കാക്കുന്നു.

തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വിമാനത്താവളത്തിലെ ആഗമന ടെർമിനൽ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സംഘത്തെ പൊലീസ് നിരീക്ഷിക്കാൻ തുടങ്ങിയതോടെയാണ് വൻ കവർച്ചാ ശ്രമം പുറത്തറിയുന്നത്. വിദേശത്തുനിന്നെത്തിയ ഇടുക്കി വണ്ടൻമേട് സ്വദേശി അഭിരാമി (27) എന്ന യുവതിയെ ഒരു സംഘം ആളുകൾ പിന്തുടരുന്നത് പൊലീസ് പ്രത്യേക സ്ക്വാഡിന്റെ ശ്രദ്ധയിൽപ്പെട്ടു. വിമാനത്താവളത്തിന് പുറത്ത് യുവതിയെ സ്വീകരിക്കാനെത്തിയ എറണാകുളം സ്വദേശി ഹർഷലിനൊപ്പം ഇവർ പാർക്കിങ് ഏരിയയിലേക്ക് നടന്നുപോകുന്നതിനിടെ അക്രമിസംഘം തടഞ്ഞുനിർത്തുകയായിരുന്നു.

യുവതിയുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചതോടെ ഹർഷലും അക്രമിസംഘവും തമ്മിൽ പരസ്യമായ സംഘർഷമുണ്ടായി. രംഗം വഷളായതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തി അക്രമികളെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെ പൊലീസിന് നേരെയും സംഘം അക്രമം അഴിച്ചുവിട്ടു. അക്രമികളിൽ ഒരാൾ മുരളീകൃഷ്ണൻ എന്ന ഹോം ഗാർഡിന്റെ കൈയിൽ കടിച്ചുമുറിച്ച് പരിക്കേൽപ്പിച്ചു.

ഇതിനിടയിൽ, സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ക്വട്ടേഷൻ സംഘം ഇന്നോവ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ തടയാൻ ശ്രമിച്ച പൊലീസ് സ്പെഷ്യൽ സ്ക്വാഡിലെ ഉദ്യോഗസ്ഥന് നേരെ അക്രമികൾ വാഹനം ഓടിച്ചുകയറ്റി അപായപ്പെടുത്താനും കൊലപ്പെടുത്താനും ശ്രമിച്ചു. ഉദ്യോഗസ്ഥൻ സമയോചിതമായി റോഡരികിലേക്ക് ചാടിമാറിയാണ് രക്ഷപ്പെട്ടത്

തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നാദാപുരം കല്ലാച്ചി സ്വദേശികളായ സയന്ത് (28), ബബിലേഷ് (40) എന്നിവർ പിടിയിലായത്. ഇന്നോവയിലും സ്വിഫ്റ്റ് കാറിലുമായി എത്തിയ പത്തോളം പേരടങ്ങുന്ന സംഘത്തിന്റെ ലക്ഷ്യം യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കൈക്കലാക്കുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതികൾ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു പ്രതിക്ക് മുൻപ് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനത്തിൽ കൈപ്പത്തി നഷ്ടപ്പെട്ടിരുന്നതായും വിവരമുണ്ട്.

അഭിരാമിയുടെ ലഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന 14 സ്വർണപ്പാളികളാണ് പൊലീസ് പിടിച്ചെടുത്തത്. വൃത്തിയാക്കിയ ശേഷം തൂക്കിനോക്കിയപ്പോൾ 817 ഗ്രാം സ്വർണമുണ്ടെന്ന് വ്യക്തമായി. താമരശ്ശേരി സ്വദേശി സ്വാലിഹ് എന്നയാളാണ് തനിക്ക് സ്വർണം കൈമാറിയതെന്നാണ് അഭിരാമിയുടെ പ്രാഥമിക മൊഴി.

സ്വർണം ഏറ്റുവാങ്ങാനെത്തിയ എറണാകുളം സ്വദേശി ഹർഷലിൽനിന്ന് അഭിരാമിക്ക് കാരിയർ പ്രതിഫലമായി നൽകാൻ കൊണ്ടുവന്ന 67,000 രൂപയും ഇയാൾ സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്വർണം കടത്തിയ അഭിരാമിയെയും ഹർഷലിനെയും പിടിച്ചെടുത്ത സ്വർണവും സഹിതം തുടർ നിയമനടപടികൾക്കായി കസ്റ്റംസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. കസ്റ്റംസ് നിയമപ്രകാരം ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണിത്. കവർച്ചാ സംഘത്തിൽ ഉൾപ്പെട്ട ബാക്കി പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

In a cinematic turn of events at Calicut International Airport in Karippur, the police foiled a high-voltage robbery attempt by an organized gang targeting a female carrier transporting smuggled gold worth over ₹1.1 crore.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്ത് കെഎസ്ഇബി ചെയര്‍മാന്‍; കെആര്‍ ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറി

ജിമ്മിൽ പോകാൻ സമയമില്ലേ? ഫിറ്റ്നസ് നിലനിർത്താൻ ഈ 7 വഴികൾ പരീക്ഷിക്കൂ...

120 കിലോമീറ്റര്‍ വരെ വേഗം, മുറസു ചുഴലിക്കാറ്റ് രാത്രി കര തൊടും, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'മികച്ച മാതൃക'; 99 ശതമാനവും ഹരിത വാഹനങ്ങള്‍, ചരിത്ര നേട്ടവുമായി അബുദാബി

ബി​ഗ് ബിയും ഭയന്നോ?: ബുള്ളറ്റ്പ്രൂഫ് 'കൂട്ടിൽ' കയറി ബച്ചനും; കാവലായി അഭിഷേക്, സുരക്ഷാ ക്രമീകരണത്തിന് പിന്നിൽ ഭീഷണി?