കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി യുവാവിൽനിന്ന് 20,81,450 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവിന്റെ പരാതിയിൽ തിരുവനന്തപുരം സ്വദേശിനിയായ ഹൈമയ്ക്കെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
നേരിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും പിന്നീട് ഈ സൗഹൃദം പ്രണയബന്ധമായി വളരുകയും, യുവതി യുവാവിന് വിവാഹവാഗ്ദാനം നൽകുകയും ചെയ്തെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. കാൻസർ ചികിത്സയ്ക്കായി പണം ആവശ്യമുണ്ടെന്നതടക്കമുള്ള വിവിധ ന്യായങ്ങൾ പറഞ്ഞ് യുവതി പലതവണ പണം ആവശ്യപ്പെടുകയായിരുന്നു. വിവിധ ഘട്ടങ്ങളിലായി ആകെ 20,81,450 രൂപ നൽകിയെന്നാണ് യുവാവിന്റെ പരാതി.
തുടർന്ന് യുവതിയിൽനിന്ന് യാതൊരു വിവരവും ലഭിക്കാതായതോടെ സംശയം തോന്നിയ യുവാവ് നേരിട്ട് തിരുവനന്തപുരത്തെത്തി അന്വേഷണം നടത്തി. അപ്പോഴാണ് യുവതി ഇതിനോടകം വിവാഹിതയാണെന്ന വിവരം ഇയാൾ അറിയുന്നത്. നൽകിയ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും യുവതി നൽകാൻ തയ്യാറായില്ല. ഇതോടെയാണ് യുവാവ് ചേവായൂർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 316(2), 318(4) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates