പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് പരിധിയിലെ മലയോര മേഖലകളിൽ കാട്ടാനശല്യം അതിരൂക്ഷം. ചക്കിട്ടപ്പാറ, മുതുകാട്, പേരാമ്പ്ര പ്ലാന്റേഷൻ എസ്റ്റേറ്റ് മേഖലകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനക്കൂട്ടം നിരന്തരം തമ്പടിച്ച് വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ഇതുമൂലം റബ്ബർ കർഷകരും ടാപ്പിംഗ് തൊഴിലാളികളും പ്രദേശവാസികളും ഭീതിയിലാണ് കഴിയുന്നത്.
മുതുകാട് എസ്റ്റേറ്റിലും ചക്കിട്ടപ്പാറയിലെ സ്വകാര്യ റബ്ബർ തോട്ടങ്ങളിലും ഇറങ്ങിയ കാട്ടാനകൾ നൂറുകണക്കിന് റബ്ബർ മരങ്ങളാണ് നിലംപൊത്തിച്ചത്. മരങ്ങളുടെ തൊലി അടർത്തിമാറ്റിയും ചില്ലകൾ ഒടിച്ചും കടപുഴക്കിയുമാണ് ആനക്കൂട്ടം പരാക്രമം കാട്ടുന്നത്. റബ്ബർ മേഖല ഇതിനകം തന്നെ വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഉണ്ടായ ഈ കടന്നാക്രമണം കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്.
വെളുപ്പാൻകാലത്ത് റബ്ബർ തോട്ടങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം പതിവായത് ടാപ്പിംഗ് തൊഴിലാളികളുടെ ജീവന് തന്നെ വലിയ ഭീഷണിയാകുന്നുണ്ട്. പാൽ ശേഖരിക്കുന്നതിനായി പുലർച്ചെ വെളിച്ചം വീഴുന്നതിന് മുൻപാണ് തൊഴിലാളികൾ തോട്ടങ്ങളിലേക്ക് എത്തുന്നത്. കാട്ടാനകൾ തോട്ടങ്ങൾക്കുള്ളിൽ നിൽക്കുന്നത് പലപ്പോഴും മുൻകൂട്ടി തിരിച്ചറിയാൻ ഇവർക്ക് സാധിക്കാറില്ല.
തോട്ടങ്ങളിൽ ആനകൾ എപ്പോൾ എത്തുമെന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാരനായ ശ്രീനിഷ് പറഞ്ഞു. പുലർച്ചെ സമയത്താണ് തൊഴിലാളികൾ എസ്റ്റേറ്റുകളിൽ എത്തേണ്ടത്, ഇത് ഏറ്റവും അപകടകരമായ സമയമാണ്. തോട്ടത്തിനുള്ളിൽ ആനകൾ നിൽക്കുന്നുണ്ടെങ്കിൽ നേരിട്ട് മുന്നിൽ ചെന്ന് പെടുന്നതുവരെ അത് തിരിച്ചറിയാൻ മറ്റ് വഴികളൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാനും നാളുകൾക്ക് മുൻപ് പേരാമ്പ്ര പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റിൽ വനംവകുപ്പ് വാച്ചർക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടാവുകയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
വർഷങ്ങളോളം വളർത്തി സംരക്ഷിച്ച വലിയ മരങ്ങളാണ് ആനക്കൂട്ടം മിനിറ്റുകൾക്കകം തകർത്തെറിയുന്നത്. ഇത് കർഷകരുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു. കാട്ടാനകളെ പ്രതിരോധിക്കാൻ സ്ഥാപിച്ച സൗരോർജ്ജ വേലികളും മറ്റ് സുരക്ഷാ സംവിധാനങ്ങളും പലയിടത്തും തകർന്ന് പ്രവർത്തനരഹിതമായ അവസ്ഥയിലാണ്. വനംവകുപ്പ് സ്ഥാപിച്ച തൂക്കുവേലികൾ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് ആനകൾ ജനവാസ മേഖലയിലേക്ക് എളുപ്പത്തിൽ കടന്നുകയറാൻ കാരണം.
ഫണ്ട് ലഭ്യതക്കുറവാണ് വേലികളുടെ അറ്റകുറ്റപ്പണി തടസ്സപ്പെടാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനവാസ മേഖലകളിലേക്ക് ആനകൾ എത്തുന്നത് തടയാൻ സ്ഥാപിച്ച സുരക്ഷാ സംവിധാനങ്ങൾ വേഗത്തിൽ നന്നാക്കണമെന്നും റബ്ബർ ടാപ്പിംഗ് നടക്കുന്ന പുലർച്ചെ സമയങ്ങളിൽ വനപാലകരുടെ പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അതേസമയം, പ്രശ്നബാധിത പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ നടപടി തുടങ്ങിയതായി എസ്റ്റേറ്റ് അധികൃതർ അറിയിച്ചു. തൈകൾക്ക് ചുറ്റും സൗരോർജ്ജ വേലി സ്ഥാപിച്ച ഇടങ്ങളിൽ കാര്യമായ ആനശല്യം ഉണ്ടായിട്ടില്ലെന്നും, ആനക്കൂട്ടം സ്ഥിരമായി ഇറങ്ങുന്ന '22 ഏരിയ' എന്നറിയപ്പെടുന്ന ഭാഗത്ത് പുതിയ സോളാർ ഫെൻസിംഗ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates