പാലക്കാട്:അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ യുവതിയുടെയും പിഞ്ചുകുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയായ പ്രോവത് ദാസ് ആണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. പശ്ചിമബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്
കൊല്ലപ്പെട്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും പെൺകുട്ടി തന്റേതല്ലെന്നുമാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന പ്രാഥമിക മൊഴി. കൊല്ലപ്പെട്ട യുവതിയുമായി കഴിഞ്ഞ രണ്ടു മാസത്തെ പരിചയം മാത്രമാണ് തനിക്കുള്ളതെന്നും ഇയാൾ പറയുന്നു. എന്നാൽ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ കൂടുതൽ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൊലപാതകത്തിന്റെ ചുരുളഴിയുകയുള്ളൂ.
പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ ഞായറാഴ്ച ഉച്ചയോടെയാണ് ദുരൂഹമായ മൂന്ന് ചാക്കുകെട്ടുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പുഴയിൽ തങ്ങിനിന്ന ചാക്കുകൾക്കുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ മനുഷ്യശരീരങ്ങൾ കണ്ടെത്തിയത്. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെയും അഞ്ച് വയസ്സ് പ്രായം കണക്കാക്കുന്ന പെൺകുഞ്ഞിന്റെയുമാണ് മൃതദേഹങ്ങൾ. അടിവസ്ത്രങ്ങൾ മാത്രമുള്ള നിലയിലായിരുന്നു ഇരുവരുടെയും ശരീരങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates