Gokul Photography 
Palakkad

8,000 രൂപയുടെ സെക്കൻഡ് ഹാൻഡ് ഫോണിൽ വിരിഞ്ഞ മാന്ത്രികക്കാഴ്ചകൾ: അട്ടപ്പാടിയുടെ വിസ്മയം പകർത്തി ഗോകുൽ

പ്രകൃതിയെയും ജീവജാലങ്ങളെയും മാക്രോ ലെൻസിലൂടെ ഫ്രെയിമിലാക്കി പ്ലസ്ടു വിദ്യാർഥി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

അട്ടപ്പാടി: ഒരു ചെടിയുടെ തലപ്പത്തിരിക്കുന്ന പൂവാലൻ തുമ്പി, ചിറകുകളിൽ ആകാശനീലച്ചന്തം പൂശി പൂന്തേൻ നുകരുന്ന ചിത്രശലഭം, വിദൂര മലനിരകളിൽ മേഞ്ഞുനടക്കുന്ന ആട്ടിൻകൂട്ടങ്ങൾ, അട്ടപ്പാടിയുടെ താഴ്വരകളിൽ സായാഹ്നത്തിന്റെ പൊൻവെളിച്ചം വിതറുന്ന മാന്ത്രികനിമിഷങ്ങൾ... പ്രകൃതി കരുതിവെച്ച ഈ വിസ്മയങ്ങളെല്ലാം ഒരു കൊച്ചു ക്യാമറക്കണ്ണിലൂടെ അതിമനോഹരമായി ഒപ്പിയെടുത്തിരിക്കുകയാണ് അട്ടപ്പാടിയിലെ ഒരു പ്ലസ്ടു വിദ്യാർഥി. ലക്ഷങ്ങൾ വിലമതിക്കുന്ന ഡിഎസ്എൽആർ ക്യാമറകളോ അത്യാധുനിക ലെൻസുകളോ അല്ല ഈ വിസ്മയങ്ങൾക്ക് പിന്നിൽ; മറിച്ച് തുച്ഛമായ എണ്ണായിരം രൂപയ്ക്ക് വാങ്ങിയ ഒരു സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോണും കാഴ്ചകളെ തൊട്ടറിയാനുള്ള ഒരു കൗമാരക്കാരന്റെ സർഗ്ഗാത്മകതയുമാണ്. അട്ടപ്പാടി പുതൂരിലെ ഗവൺമെന്റ് ട്രൈബൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എംഐടി (മൈക്രോ ഇറിഗേഷൻ ടെക്നീഷ്യൻ) രണ്ടാം വർഷ വിദ്യാർഥിയായ ഗോകുൽ എം എന്ന ബാലനാണ് മൊബൈൽ ഫോട്ടോഗ്രഫിയിലൂടെ വിസ്മയം തീർക്കുന്നത്.

സാധാരണ ഫോണിൽ അസാധാരണ കാഴ്ചകൾ

വീട്ടുകാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും അമ്മയും അച്ഛനും ചേർന്ന് എണ്ണായിരം രൂപ നൽകി വാങ്ങിനൽകിയ 'പോക്കോ സി50' (POCO C50) എന്ന തികച്ചും സാധാരണമായ സെക്കൻഡ് ഹാൻഡ് ഫോണാണ് ഗോകുലിന്റെ പ്രധാന ആയുധം. എന്നാൽ ആ ഫോണിന്റെ ചെറിയ ക്യാമറയിലൂടെ ഗോകുൽ പകർത്തിയെടുക്കുന്നത് അന്താരാഷ്ട്ര ഫോട്ടോഗ്രാഫർമാരെപ്പോലും അമ്പരപ്പിക്കുന്ന ഫ്രെയിമുകളാണ്.

പൂക്കളെയും പ്രാണികളെയും പക്ഷികളെയും ചിത്രീകരിക്കാനാണ് ഗോകുലിന് ഏറ്റവും ഇഷ്ടം. മൊബൈൽ ഫോണിലെ മാക്രോ ലെൻസിന്റെ സാധ്യതകൾ പൂർണ്ണമായി ഉപയോഗിച്ച് ചെറിയ പ്രാണികളെയും ചിത്രശലഭങ്ങളെയും വളരെ അടുത്ത് ചെന്ന് പകർത്തുന്നു. മികച്ചൊരു ആംഗിൾ കണ്ടെത്താനായി ഒരേ കാഴ്ചയുടെ തന്നെ ഒട്ടനവധി ചിത്രങ്ങൾ എടുക്കും. തുടർന്ന് അവയിൽ ഏറ്റവും മികച്ചത് മാത്രം സൂക്ഷിച്ച് ബാക്കിയുള്ളവ ഒഴിവാക്കും. ചിത്രങ്ങൾ കൂടുതൽ മനോഹരമാക്കാൻ 'ലൈറ്റ് റൂം' ആപ്പിലെ ക്യാമറ ഫീച്ചറുകളും ഗോകുൽ ഉപയോഗിക്കാറുണ്ട്. ഇതിനുപുറമെ, വൈകുന്നേരങ്ങളിലെ 'ഗോൾഡൻ അവർ' വെളിച്ചത്തിൽ അട്ടപ്പാടിയുടെ മലമടക്കുകളിലെ വിദൂര ഊരുകൾ പകർത്തിയ ചിത്രങ്ങളും ഗോകുലിന്റെ ശേഖരത്തിലുണ്ട്.

മുള്ളിയിലെ കൂലിപ്പണിക്കാരന്റെ മകൻ; സോഷ്യൽ മീഡിയയിൽ താരം

തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന മുള്ളിയിലാണ് ഗോകുലിന്റെ യഥാർത്ഥ വീട്. മകന്റെ തുടർപഠന സൗകര്യത്തിനായി അച്ഛൻ മണികണ്ഠനും അമ്മ ലതയും സ്കൂൾ സ്ഥിതി ചെയ്യുന്ന മൂലക്കൊമ്പിൽ ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ്. കൂലിപ്പണി ചെയ്താണ് ഈ കുടുംബം ജീവിക്കുന്നത്. വസന്ത് ഏക സഹോദരനാണ്. ചെറുപ്പം മുതലേ പ്രകൃതിയോട് ഉണ്ടായിരുന്ന അളവറ്റ സ്നേഹമാണ് മൊബൈലും ഇന്റർനെറ്റും കൈയിലെത്തിയപ്പോൾ ഫോട്ടോഗ്രഫിയായി മാറിയത്. ആരോടും പരിശീലനം തേടാതെ, യൂട്യൂബും ഇന്റർനെറ്റും കണ്ട് സ്വയം പഠിച്ചെടുത്ത സാങ്കേതിക വിദ്യകളിലൂടെയാണ് ഗോകുൽ ഓരോ ചിത്രവും ചിട്ടപ്പെടുത്തിയത്. വെറും നൂറോളം ചിത്രങ്ങൾ മാത്രം പോസ്റ്റ് ചെയ്തിട്ടുള്ള ഗോകുലിന്റെ 'kutty.6733' എന്ന ഇൻസ്റ്റാഗ്രാം പേജിന് ഇന്ന് പതിനേഴായിരത്തിലധികം ഫോളോവേഴ്സാണുള്ളത്. ഇതിൽ പലരും വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരാണ്.

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാകണം; പ്രശംസയുമായി മന്ത്രിയും സ്കൂളും

വിദ്യാർഥിയുടെ ഈ അപൂർവ്വ പ്രതിഭ തിരിച്ചറിഞ്ഞ സ്കൂൾ പ്രിൻസിപ്പൽ മറിയ, സ്കൂൾ മുറ്റത്ത് ഗോകുലിന്റെ ഫോട്ടോകളുടെ വിപുലമായ പ്രദർശനം സംഘടിപ്പിച്ചിരുന്നു. സ്കൂളിലെത്തിയ മന്ത്രി എൻ. ഷംസുദ്ദീൻ ഫോട്ടോകൾ കണ്ട് വിസ്മയം പ്രകടിപ്പിക്കുകയും ഗോകുലിനെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു. ഒരു മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാകണമെന്നാണ് ഗോകുലിന്റെ ഏറ്റവും വലിയ സ്വപ്നം. താൻ കാണുന്ന പ്രകൃതിയുടെ രഹസ്യക്കാഴ്ചകൾ അതേപടി ലോകത്തിന് മുന്നിൽ എത്തിക്കണം. എന്നാൽ ഒരു ആദിവാസി ഊരിൽ ജനിച്ചുവളർന്ന തനിക്ക് ഈ മേഖലയിലേക്ക് കടക്കാനാവുമോ എന്നൊരു ആശങ്ക ഇപ്പോഴും ഉള്ളിലുണ്ട്. ഒരു നല്ല ക്യാമറയോ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളോ ലഭിച്ചാൽ കാടിന്റെ കാഴ്ചകളിലൂടെ കേരളത്തിന്റെ അഭിമാനമായി മാറാൻ ഈ അട്ടപ്പാടിക്കാരൻ മിടുക്കന് സാധിക്കും

Armed with an inexpensive, second-hand smartphone costing just ₹8,000, Gokul M, a Plus Two tribal student from Attappadi, has captured global attention through his breathtaking nature and macro photography

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്കാരി കേസില്‍ ആന്റോയ്ക്ക് ജാമ്യമില്ല; ജയിലില്‍ തുടരും

വർഷങ്ങളായി ഒരേ ചീപ്പ് ഉപയോഗിക്കുന്നവരാണോ? ഈ 5 ലക്ഷണങ്ങൾ കണ്ടാൽ ഉടൻ മാറ്റണം

'വിഷ്ണു വിജയ് കൂടി ഉണ്ടായിരുന്നെങ്കിൽ ഈ ഫ്രെയിം പൂർണമായേനേ'; നന്ദി പറഞ്ഞ് 'ബെത്‌ലഹേം കുടുംബം'

'അക്കാദമിക സ്വാതന്ത്ര്യത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണം'; ഭരണകൂട ഇടപെടല്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്

എല്‍ നിനോ: 'മഴ ശക്തമാകും, വെള്ളപ്പൊക്കത്തിന് സാധ്യതയില്ല'; വ്യാജ മുന്നറിയിപ്പുകള്‍ക്കെതിരെ യുഎഇ കാലാവസ്ഥാ കേന്ദ്രം