പാലക്കാട്: ഒരു വർഷം മുൻപ് വരെ രാജി എന്ന അമ്മയുടെ ലോകം തന്റെ മകനും വീടും മാത്രമായിരുന്നു. മകനെ ആശുപത്രിയിലും തെറാപ്പിക്കും കൊണ്ടുപോകാൻ മാത്രമായിരുന്നു അവർ വീടിന് പുറത്തിറങ്ങിയിരുന്നത്. എന്നാൽ ഇന്ന് രാജി തന്റെ കുടുംബത്തിന് സാമ്പത്തിക താങ്ങാവുകയും, തന്നെപ്പോലെയുള്ള ഒരു കൂട്ടം അമ്മമാർക്കൊപ്പം ചേർന്ന് പുതിയൊരു ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. കോളേജ് പഠനം കഴിഞ്ഞയുടൻ വിവാഹിതയായ ആശയ്ക്ക് ശാരീരിക വെല്ലുവിളികളുള്ള കുഞ്ഞാണ് ജനിച്ചത്. സ്വന്തമായി വീടില്ലാതിരുന്ന ആ കുടുംബം ഇന്ന് ആശയുടെ അധ്വാനത്തിന്റെ കൂടി ഫലമായി സ്വന്തമായി ഒരു കൊച്ചുവീട് നിർമ്മിക്കുകയും മകന്റെ ചികിത്സ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. സുഷുമ്നാ നാഡിയിലെ തകരാറുമൂലം കിടപ്പിലായിരുന്ന സുനുമോളുടെ മകൻ, തുടർച്ചയായ തെറാപ്പിയിലൂടെ ഇന്ന് സ്വന്തമായി എഴുന്നേറ്റ് നിൽക്കാൻ തുടങ്ങിയിരിക്കുന്നു.
പാലക്കാട് ആസ്ഥാനമായി ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാർ ചേർന്ന് നടത്തുന്ന മാജിക് മോപ്സ് എന്ന ഡീപ് ക്ലീനിംഗ് സംരംഭത്തിലെ ഓരോ അമ്മമാർക്കും പറയാനുള്ളത് ഇത്തരം അതിജീവനത്തിന്റെ കഥകളാണ്. സന്ധ്യ മേനോൻ സ്ഥാപിച്ച സോൾ എന്ന സന്നദ്ധ സംഘടനയുടെ കീഴിലാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്. 2025 മേയിൽ ആരംഭിച്ച മാജിക് മോപ്സ്, ഇന്ന് പതിനഞ്ചോളം അമ്മമാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളും സന്തോഷവുമാണ് കൊണ്ടുവന്നിരിക്കുന്നത്.
അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന 'സോൾ', ഭിന്നശേഷിക്കാരായ കുട്ടികളുള്ള 237-ലധികം കുടുംബങ്ങളെ ദത്തെടുത്ത് സംരക്ഷിക്കുന്നുണ്ട്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മരുന്നുകൾ, സൗജന്യ തെറാപ്പി, കൗൺസിലിംഗ്, ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടന നൽകുന്നു. മാതാപിതാക്കൾക്ക്, പ്രത്യേകിച്ച് അമ്മമാർക്ക് വൈകാരികവും നിയമപരവുമായ പിന്തുണയും, നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകളും നൽകിവരുന്നു.
മാജിക് മോപ്സ് വെറുമൊരു തൊഴിൽ സംരംഭമല്ലെന്നും, സ്വന്തം ശക്തിയും സ്നേഹവും ഉപയോഗിച്ച് മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഒരു ദൗത്യമാണെന്നും സ്ഥാപക സന്ധ്യ മേനോൻ പറയുന്നു. ഓരോ ജോലിയും ഈ അമ്മമാർക്ക് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും സ്വതന്ത്രമായി ജീവിക്കാനുള്ള പ്രതീക്ഷയാണ് നൽകുന്നത്. മാസത്തിൽ ഇരുപതോളം വർക്കുകൾ ലഭിക്കുന്ന ഈ കൂട്ടായ്മ ഇതിനോടകം പാലക്കാട് ജില്ലയിലുടനീളം ഇരുനൂറിലധികം വീടുകളും ഓഫീസുകളും സ്കൂളുകളും വൃത്തിയാക്കിക്കഴിഞ്ഞു.
ഒരുമിച്ച് ജോലി ചെയ്യുമ്പോൾ തങ്ങളുടെ എല്ലാ വിഷമങ്ങളും മറക്കാൻ സാധിക്കുന്നുവെന്നും, ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാതിരുന്ന സാമ്പത്തിക സ്വാതന്ത്ര്യം നേടാനായെന്നും അംഗമായ വിദ്യ പറയുന്നു. ഖത്തറിൽ താമസിക്കുന്ന മഞ്ജുവിനെപ്പോലുള്ള പ്രവാസികൾക്ക് നാട്ടിലെ പുതിയ വീട് പരിപാലിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. വീടിന്റെ താക്കോൽ മാജിക് മോപ്സ് സംഘത്തെ ഏൽപ്പിച്ചാൽ, വീട് പൂർണ്ണമായും വൃത്തിയാക്കി എല്ലാ സാധനങ്ങളും കൃത്യമായി അടുക്കിവെച്ച് തിരികെ നൽകുമെന്ന വിശ്വാസം അവർ പങ്കുവെക്കുന്നു. പാലക്കാട് കുട്ടികൾക്കായി ഒരു ഏർളി ഇന്റർവെൻഷൻ സെന്റർ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സന്ധ്യ മേനോൻ ഇപ്പോൾ. ഏഴ് വയസ്സുവരെയുള്ള കുട്ടികളിലെ വളർച്ചാ വൈകല്യങ്ങളും ഭിന്നശേഷിയും നേരത്തെ കണ്ടെത്തുന്നതിലൂടെ രോഗതീവ്രത കുറയ്ക്കാനും, അവരുടെയും കുടുംബങ്ങളുടെയും ജീവിതനിലവാരം ഉയർത്താനും സാധിക്കുമെന്നും, ഏതാനും മാസങ്ങൾക്കുള്ളിൽ ഈ കേന്ദ്രം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സന്ധ്യ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates